രാജ്യത്തെ വൈദ്യുതി ആവശ്യം സർവകാല റെക്കോഡിലെത്തിയ തോടെ കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിയും കൂടുതൽ രൂക്ഷമാകുന്നു..... 639 മെഗാവാട്ട് കമ്മിയുമായി കേരളം...



 രാജ്യത്തെ വൈദ്യുതി ആവശ്യം സർവകാല റെക്കോഡിലെത്തിയ തോടെ കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിയും കൂടുതൽ രൂക്ഷമാകുന്നു. പീക്ക് സമയത്തെ വൈദ്യുതി ആവശ്യം കഴിഞ്ഞ ദിവസം 2.67 ലക്ഷം മെഗാവാട്ടായി ഉയർന്നു. രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന പീക്ക് ഡിമാൻഡാണിത്.  

 കഴിഞ്ഞവർഷം ഇതേ സമയത്ത് 2.32 ലക്ഷം മെഗാവാട്ടായിരുന്ന ആവശ്യകത യാണ് ഇത്തവണ കുത്തനെ ഉയർന്നത്. ഏപ്രിലിൽ രേഖപ്പെടുത്തിയ 2.56 ലക്ഷം മെഗാവാട്ടും ഇതോടെ മറികടന്നു. 

 വൈദ്യുതി ഉപഭോഗം വരും ദിവസങ്ങളിൽ ഇനിയും ഉയരാനാണ് സാധ്യത. ഇതാണ് കേരളത്തിന് ആശങ്കയാകുന്നത്. രാജ്യത്തെ വൈദ്യുതി ഗ്രിഡിന്റെ നിയന്ത്രണ ചുമതലയുള്ള ‘ഗ്രിഡ് ഇന്ത്യ’യുടെ കണക്കുപ്രകാരം നിലവിൽ ഏറ്റവും വലിയ വൈദ്യുതി കമ്മി നേരിടുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. 912 മെഗാവാട്ടിന്റെ കുറവാണ് തമിഴ്‌നാട്ടിൽ. 639 മെഗാവാട്ട് കമ്മിയുമായി കേരളം രണ്ടാം സ്ഥാനത്താണ്. 313 മെഗാവാട്ട് കുറവുള്ള രാജസ്ഥാനാണ് മൂന്നാം സ്ഥാനത്ത്. 


രാജ്യത്തെ അഞ്ച് മേഖലകളായി തിരിച്ചാണ് ‘ഗ്രിഡ് ഇന്ത്യ’ വൈദ്യുതി ഗ്രിഡ് നിയന്ത്രിക്കുന്നത്. കിഴക്കൻ മേഖലയൊഴികെ മറ്റ് നാല് മേഖലകളിലും ഇപ്പോൾ വൈദ്യുതി ക്ഷാമം നേരിടുന്നുണ്ട്. അതിനാൽ തന്നെ കേരളത്തിന് ആവശ്യമായ സമയത്ത് മറ്റു സംസ്ഥാനങ്ങളിൽനിന്ന് അധിക വൈദ്യുതി ലഭ്യമാക്കുന്നതും വെല്ലുവിളിയാകുകയാണ്. 

 ഒക്ടോബറിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും ? 

 കേരളത്തിലെ പീക്ക് വൈദ്യുതി ആവശ്യകത പ്രധാനമായും രാത്രിയിലാണ്. എന്നാൽ ഉത്തരേന്ത്യയിൽ പകൽ സമയത്താണ് വൈദ്യുതി ഉപയോഗം ഏറ്റവും ഉയരുന്നത്. രാജ്യത്തെ വൈദ്യുതി ആവശ്യം 2.67 ലക്ഷം മെഗാവാട്ടിലെത്തിയത് കഴിഞ്ഞ ദിവസം വൈകീട്ട് 3.48-നാണ്.

ഉത്തരേന്ത്യയിൽ നവരാത്രിയും ദീപാവലിയും അടക്കമുള്ള ആഘോഷങ്ങൾ വരുന്നതോടെ വൈദ്യുതി ഉപഭോഗം വീണ്ടും കുതിച്ചുയരാനാണ് സാധ്യത. ഒക്ടോബർ പകുതിയോടെ ആവശ്യകത ഉയരുന്നതോടെ രാജ്യത്തെ വൈദ്യുതി വിപണിയിൽ സമ്മർദവും വർധിക്കും. ഈ സാഹചര്യത്തിൽ കേരളത്തിന് ആവശ്യമായ അളവിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ കഴിയുമോ എന്നതാണ് പ്രധാന ആശങ്ക. 


സംസ്ഥാനത്തും വൈദ്യുതി ഉപഭോഗം ഇതിനകം തന്നെ ഉയർന്ന നിലയിലാണ്. വെള്ളിയാഴ്ച കേരളത്തിലെ പ്രതിദിന വൈദ്യുതി ഉപഭോഗം 9.63 കോടി യൂണിറ്റായി. കഴിഞ്ഞവർഷം ഇതേ സമയത്ത് ഇത് 8.94 കോടി യൂണിറ്റായിരുന്നു. വ്യാഴാഴ്ച സംസ്ഥാനത്തിന്റെ പീക്ക് ഡിമാൻഡ് 5045 മെഗാവാട്ട് രേഖപ്പെടുത്തി. കഴിഞ്ഞവർഷം ഇതേ സമയത്തെ 4443 മെഗാവാട്ടിൽനിന്നാണ് ഈ വർധന. വൈദ്യുതി പ്രതിസന്ധിക്കിടെ നിർണായക തസ്തിക ഒഴിഞ്ഞുകിടക്കുന്നു  വൈദ്യുതി ആവശ്യം കുതിച്ചുയരുകയും പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയിൽ ആശങ്ക ഉയരുകയും ചെയ്യുന്നതിനി ടെയാണ് കേരളത്തിലെ വൈദ്യുതി വാങ്ങൽ സംവിധാനത്തിലെ നിർണായക തസ്തിക രണ്ടുമാസമായി ഒഴിഞ്ഞുകിടക്കുന്നത്. 

 കളമശ്ശേരി ലോഡ് ഡെസ്പാച്ച് സെന്ററിലാണ് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കേണ്ട വൈദ്യുതി ബോർഡ് എക്‌സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസ്. എന്നാൽ രണ്ടുമാസമായി ഈ തസ്തികയിൽ നിയമനം നടന്നിട്ടില്ല.

രാജ്യത്താകെ വൈദ്യുതി ആവശ്യകത റെക്കോഡ് നിലയിലേക്ക് ഉയരുന്ന ഘട്ടത്തിൽ കേരളത്തിലും ഉപഭോഗം കുതിക്കുകയാണ്. ഇതിനൊപ്പം മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള വൈദ്യുതി ലഭ്യതയും അനിശ്ചിതമാകുന്ന സാഹചര്യമാണുള്ളത്.  

 അതിനിടയിൽ വൈദ്യുതി വാങ്ങൽ തീരുമാനങ്ങളിൽ നിർണായക പങ്കുവഹിക്കുന്ന തസ്തിക ഒഴിഞ്ഞുകിടക്കുന്നത് സംസ്ഥാനത്തിന്റെ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ ആശങ്ക ഉയർത്തുകയാണ്. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments