ഓരോ ഓണക്കാലത്തും ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് ഔദ്യോഗിക രേഖകളാലും പൂക്കളങ്ങളാലും ഔപചാരിക ആശംസകളാലും നിറയുമ്പോള്‍, ഇത്തവണ ഇടുക്കിയിലെ മലയോര മേഖലയില്‍ നിന്നെത്തിയ ഒരു കൈയെഴുത്തുപ്രതി ശ്രദ്ധേയമായി. ഭരണതിരക്കുകള്‍ക്കിടയിലും ഓണത്തിന്റെ യഥാര്‍ത്ഥ സന്ദേശം എന്തെന്ന് ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ആ കത്ത്. ഇടുക്കി കാഞ്ചിയാര്‍ ഗവണ്‍മെന്റ് ട്രൈബല്‍ എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി പ്രിസ്‌കില്ല പ്രവീണാണ് മുഖ്യമന്ത്രി വി.ഡി. സതീശന് കത്തെഴുതിയത്. വട്ടത്തിലുള്ള അക്ഷരങ്ങളില്‍ എഴുതിയ കത്തിലൂടെ സ്‌കൂളിലെ 101 വിഭവങ്ങളുള്ള ഓണസദ്യയിലേക്കാണ് അവള്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചത്. ക്ഷണത്തിനു പിന്നില്‍ പൊതുവിദ്യാഭ്യാസ രംഗത്തെ അധ്യാപകരുടെ കരുതലിന്റെ കഥയുമുണ്ട്.
സ്‌കൂളില്‍ സംഘടിപ്പിക്കാനിരുന്ന ഓണാഘോഷത്തിന് സദ്യ വാഗ്ദാനം ചെയ്ത പ്രാദേശിക സംഘടന അവസാന നിമിഷം പിന്മാറിയതോടെ കുട്ടികള്‍ നിരാശരായി. എന്നാല്‍ പ്രധാനാധ്യാപിക ലിന്‍സി ജോര്‍ജും സഹഅധ്യാപകരും പിന്മാറാന്‍ തയ്യാറായില്ല. സ്വന്തമായി പണം സമാഹരിച്ചും രക്ഷിതാക്കളുടെ സഹകരണത്തോടെയും 101 വിഭവങ്ങള്‍ തയ്യാറാക്കി കുട്ടികള്‍ക്ക് സദ്യയൊരുക്കുകയായിരുന്നു. നല്ല കാര്യങ്ങളില്‍ നിന്ന് പിന്മാറരുത് എന്ന സന്ദേശം പങ്കുവെച്ച പ്രിസ്‌കില്ലയുടെ കത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. പ്രിസ്‌കില്ലയുടെ കത്തിനെ ‘അമൂല്യമായ സമ്മാനം’ എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ‘കുഞ്ഞുമനസ്സിന്റെ നിഷ്‌കളങ്കമായ ക്ഷണവും സ്‌നേഹവും നിറഞ്ഞുനില്‍ക്കുന്ന കത്ത് സന്തോഷത്തോടെ വായിച്ചു. പാഠപുസ്തകത്തിലെ അറിവുകള്‍ക്കൊപ്പം കരുതലിന്റെയും സ്‌നേഹത്തിന്റെയും പാഠങ്ങള്‍ പകര്‍ന്നുനല്‍കിയ ലിന്‍സി ടീച്ചറെയും സഹപ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു,’ എന്ന് മുഖ്യമന്ത്രി മറുപടിക്കത്തില്‍ കുറിച്ചു. നേരിട്ടെത്താന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും പ്രിസ്‌കില്ലയെ ഉടന്‍ സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.
70 12 23 03 34


0 Comments