എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാർ .... .യുകെയിലെ വ്യോമഗതാഗതം താളംതെറ്റി.



  ബ്രിട്ടനിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് യുകെയിലെ വ്യോമഗതാഗതം താളംതെറ്റി. 

ചൊവ്വാഴ്ച മാത്രം 600ലേറെ വിമാന സർവീസുകൾ റദ്ദാക്കിയതായി വിമാന സർവീസുകളുടെ വിവരങ്ങൾ നിരീക്ഷിക്കുന്ന ഫ്‌ലൈറ്റ് റഡാർ 24 റിപ്പോർട്ട് ചെയ്തു.   യുകെയിലുടനീളമുള്ള വിമാന സർവീസുകളെ ബാധിച്ച തകരാർ ഫ്‌ലൈറ്റ് പ്രോസസിങ് സംവിധാനത്തിലാണ് ഉണ്ടായതെന്ന് നാഷണൽ എയർ ട്രാഫിക് സർവീസസ് അറിയിച്ചു. പിന്നീട് പ്രശ്‌നം പരിഹരിച്ചതായും വിമാന ഗതാഗതം സാധാരണ നിലയിലേക്ക് മടങ്ങിവരികയാണെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ തകരാറിന്റെ കൃത്യമായ കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

 പ്രധാന വിമാനത്താവളങ്ങളിലും പ്രതിസന്ധി ലണ്ടനിലെ ഹീത്രൂ, സ്റ്റാൻസ്റ്റെഡ്, ലണ്ടൻ സിറ്റി വിമാനത്താവളങ്ങൾക്കു പുറമേ മാഞ്ചസ്റ്റർ, ബർമിങ്ഹാം, സ്‌കോട്ട്ലൻഡ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളെയും തകരാർ സാരമായി ബാധിച്ചു. 



ബ്രിട്ടീഷ് എയർവേയ്സ്, ഈസിജെറ്റ്, കെഎൽഎം, ലുഫ്താൻസ തുടങ്ങിയ പ്രമുഖ എയർലൈനുകളുടെ സർവീസുകൾക്കും തടസ്സമുണ്ടായി. തങ്ങളുടെ ചില വിമാനങ്ങൾക്ക് സർവീസ് നടത്താൻ സാധിച്ചില്ലെന്നും യൂറോപ്പിലുടനീളം നിരവധി സർവീസുകൾ വൈകിയെന്നും ഈസിജെറ്റ് അറിയിച്ചു. ഹീത്രൂ വിമാനത്താവളത്തിൽനിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള നിരവധി ഹ്രസ്വദൂര സർവീസുകൾ റദ്ദാക്കുകയോ മണിക്കൂറുകളോളം വൈകുകയോ ചെയ്തു. വിമാന സർവീസുകൾ റദ്ദാക്കിയതും വൈകിയതും യാത്രക്കാരെ വലിയ ദുരിതത്തിലാക്കി. വിമാനങ്ങൾ റൺവേയിൽ മണിക്കൂറുകളോളം കാത്തുകിടന്നതായി നിരവധി യാത്രക്കാർ സമൂഹമാധ്യമങ്ങളിലൂടെ പരാതിപ്പെട്ടു. സർവീസുകളുടെ സ്ഥിതിഗതികളെക്കുറിച്ച് വിമാനക്കമ്പനികളിൽനിന്ന് കൃത്യമായ വിവരങ്ങൾ ലഭിച്ചില്ലെന്ന പരാതിയും ഉയർന്നു. വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ തങ്ങളുടെ വിമാനത്തിന്റെ നിലവിലെ സ്ഥിതി ബന്ധപ്പെട്ട എയർലൈനുമായി സ്ഥിരീകരിക്കണമെന്ന് വിമാനത്താവള അധികൃതർ നിർദേശിച്ചിട്ടുണ്ട്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments