പാലായുടെ സൈറൺ നിലയ്ക്കില്ല; തൽക്കാലം തുടരും, വ്യക്തത തേടി പ്രിൻസിപ്പൽ ഡയറക്ടർക്ക് കത്ത് നൽകും




പാലായുടെ സൈറൺ നിലയ്ക്കില്ല; തൽക്കാലം തുടരും, വ്യക്തത തേടി പ്രിൻസിപ്പൽ ഡയറക്ടർക്ക് കത്ത് നൽകും

പാലാ: പാലായുടെ പതിറ്റാണ്ടുകളുടെ പാരമ്പര്യവും ജനവികാരവുമായി മാറിയ നഗരസഭാ സൈറൺ തൽക്കാലം നിലയ്ക്കില്ല. സൈറൺ തുടർന്നും മുഴങ്ങുന്ന തരത്തിൽ ആവശ്യമായ നടപടികൾ നഗരസഭ സ്വീകരിക്കണമെന്ന് ഇന്നത്തെ കൗൺസിൽ യോഗത്തിൽ ഹാജരായ അംഗങ്ങൾ ഏകകണ്ഠമായി ആവശ്യപ്പെട്ടു. ഇതോടെ സൈറൺ ഉടൻ നിർത്തിവയ്ക്കുമെന്ന ആശങ്കയ്ക്ക് താൽക്കാലിക വിരാമമായി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ സൈറൺ മുഴക്കുന്നത് നിർത്തിവയ്ക്കണമെന്ന പ്രിൻസിപ്പൽ ഡയറക്ടറുടെ നിർദ്ദേശം ഉടൻ നടപ്പാക്കാതെ തൽക്കാലം മാറ്റിവയ്ക്കാനും, വിഷയത്തിൽ കൂടുതൽ വ്യക്തത തേടി പ്രിൻസിപ്പൽ ഡയറക്ടർക്ക് കത്ത് നൽകാനും കൗൺസിൽ ഏകകണ്ഠമായി തീരുമാനിച്ചു.

ചർച്ചയ്ക്കിടെ കൗൺസിലർ ഷാജു തുരുത്തൻ, കണ്ണൂർ നഗരസഭയുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നതെന്നും, ആ വിധി ചോദ്യം ചെയ്യാനുള്ള സാധ്യതകൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. നഗരസഭ തയ്യാറായില്ലെങ്കിൽ സ്വന്തം ചെലവിൽ പോലും നിയമനടപടി സ്വീകരിക്കാൻ തയ്യാറാണെന്നും, പാലായുടെ സൈറൺ വെറും മുന്നറിയിപ്പ് ശബ്ദമല്ല, നഗരത്തിന്റെ വികാരവും പാരമ്പര്യത്തിന്റെ ഭാഗവുമാണെന്നും അദ്ദേഹം പറഞ്ഞു.



ഹൈക്കോടതി വിധിയുടെ വ്യാപ്തി, പ്രിൻസിപ്പൽ ഡയറക്ടറുടെ നിർദ്ദേശത്തിന്റെ പ്രായോഗികത, മറ്റ് നഗരസഭകളിലെ സ്ഥിതി എന്നിവ സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിച്ച ശേഷമേ തുടർനടപടികൾ സ്വീകരിക്കൂ എന്ന നിലപാടാണ് കൗൺസിൽ സ്വീകരിച്ചത്.

പതിറ്റാണ്ടുകളായി രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട് എന്നിങ്ങനെ മുഴങ്ങുന്ന പാലാ നഗരസഭാ സൈറൺ നഗരത്തിന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്നു. അതുകൊണ്ടുതന്നെ അത് നിലയ്ക്കുമെന്ന വാർത്ത ആശങ്ക സൃഷ്ടിച്ചിരുന്ന സാഹചര്യത്തിൽ, ഇന്നത്തെ കൗൺസിൽ യോഗത്തിലെ ഏകകണ്ഠ തീരുമാനം പാലാക്കാർക്ക് വലിയ ആശ്വാസമായി മാറിയിരിക്കുകയാണ്. ഇപ്പോൾ സൈറൺ തുടരുമെന്ന ഉറപ്പാണ് നഗരസഭ നൽകിയിരിക്കുന്നത്; അന്തിമ തീരുമാനത്തിന് മുമ്പ് നിയമപരമായ വ്യക്തത തേടാനാണ് കൗൺസിലിന്റെ തീരുമാനം.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments