മരണം മുന്നില്‍ കണ്ടിട്ടും അഭിലാഷ് പതറിയില്ല; കഞ്ചാവ് മാഫിയയുടെ കാര്‍ തടയാന്‍ ചാടിവീണു.. പോലീസ് സംഘം കാര്‍ തടഞ്ഞതോടെ പിന്നോട്ടെടുത്ത വാഹനം; വീണ്ടും പാഞ്ഞെത്തി അഭിലാഷിനെ ഇടിച്ചുവീഴ്ത്തി, കാലിലൂടെ കയറിയിറങ്ങി
കഞ്ചാവ് കടത്തുകാര്‍ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പരിക്കേറ്റ ഡാന്‍സാഫ് സ്ക്വാഡ് അംഗം വിഴിക്കത്തോട് മുണ്ടക്കല്‍ അഭിലാഷ് എം.എസിനെ (38) കാണാന്‍ ആശുപത്രിയിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ആദ്യവാക്കുകള്‍; ''സാര്‍, എവിടെയെങ്കിലും കുട്ടികള്‍ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അറിയിക്കണേ... ഞങ്ങള്‍ അവരെ പൊക്കിക്കോളാം!'' ആശുപത്രിക്കിടക്കയില്‍ നിന്ന് അഭിലാഷ് പറഞ്ഞ ഈ വാക്കുകളില്‍ നിറഞ്ഞുനിന്നത് സ്വന്തം വേദനയല്ല, സമൂഹത്തിലെ കുട്ടികളെ ലഹരിയില്‍ നിന്ന് രക്ഷിക്കണമെന്ന ചിന്തയായിരുന്നു.
മരണം മുന്നില്‍ കണ്ടിട്ടും അഭിലാഷ് പതറിയില്ല; കഞ്ചാവ് മാഫിയയുടെ കാര്‍ തടയാന്‍ ചാടിവീണു
മരണം മുന്നില്‍ കണ്ടിട്ടും അഭിലാഷ് എം.എസ്. പതറിയില്ല. കഞ്ചാവ് കടത്തുന്ന സംഘത്തിന്റെ കാര്‍ തടയാന്‍ സ്വന്തം ജീവന് പോലും മറന്ന് മുന്നിലേക്ക് ചാടിയ അഭിലാഷിനെ ഇടിച്ചുതെറിപ്പിച്ച കാര്‍, നിലത്ത് വീണുകിടന്ന അദ്ദേഹത്തിന്റെ കാലിലൂടെ കൂടി കയറിയിറങ്ങി. അതിനുശേഷവും രക്ഷപ്പെടാന്‍ ശ്രമിച്ച കഞ്ചാവ് സംഘത്തെ ഒടുവില്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു.
സംഭവങ്ങളുടെ തുടക്കം ഉച്ചയ്ക്ക് 12 മണിയോടെയാണ്. കഞ്ചാവുമായി ഒരു വെളുത്ത കാര്‍ എറണാകുളം ഭാഗത്തുനിന്ന് എത്തുന്നുണ്ടെന്ന രഹസ്യവിവരം അഭിലാഷ് എം.എസ്. ഉള്‍പ്പെട്ട ഡാന്‍സാഫ് സംഘത്തിന് ലഭിച്ചു. വിവരത്തിന്റെ ഗൗരവം മനസ്സിലാക്കിയ സംഘം സമയം പാഴാക്കാതെ വൈക്കം റൂട്ടിലെ ആര്.വി. ജംഗ്ഷനിലേക്ക് കുതിച്ചെത്തി.
പോലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചതിന് പിന്നാലെ സംശയകരമായ ഒരു കാര്‍ അതിവേഗത്തില്‍ എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടു. അതേസമയം സമീപത്തുകൂടി മറ്റൊരു ലോറിയും വരികയായിരുന്നു. ഇതോടെ കാര്‍ വേഗം കുറച്ചു.
ഇതായിരുന്നു നിര്‍ണായക നിമിഷം.
വാഹനം നിയന്ത്രണത്തിലാക്കാനുള്ള അവസരമാണെന്ന് മനസ്സിലാക്കിയ അഭിലാഷ് ഉള്‍പ്പെടെയുള്ള പോലീസ് സംഘം കാറിന് മുന്നിലേക്ക് ചാടി വാഹനം തടയാന്‍ ശ്രമിച്ചു. എന്നാല്‍ പോലീസ് സംഘത്തെ കണ്ടതോടെ അപകടം മണത്ത പ്രതികള്‍ പെട്ടെന്ന് കാര്‍ പിന്നോട്ടെടുത്തു.
പിന്നീട് ഒരു നിമിഷം പോലും പാഴാക്കാതെ കാര്‍ വീണ്ടും ശക്തമായി മുന്നോട്ടെടുത്തു. മുന്നില്‍ നിന്നിരുന്ന അഭിലാഷിനെ കാര്‍ ഇടിച്ചുവീഴിച്ചു. ഇടിയുടെ ആഘാതത്തില്‍ അഭിലാഷ് നിലത്തേക്ക് വീണു. എന്നാല്‍ വാഹനം അവിടെയും നിര്‍ത്തിയില്ല. നിലത്ത് വീണുകിടന്ന അഭിലാഷിന്റെ കാലിലൂടെ കാര്‍ കയറ്റിയിറക്കി. തുടര്‍ന്ന് വേഗത്തില്‍ വാഹനം ഓടിച്ചുപോകാനായിരുന്നു പ്രതികളുടെ ശ്രമം. എന്നാല്‍ സമീപത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് വാഹനം തടയുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ അഭിലാഷിനെ ഉടന്‍ പാലാ അരുണാപുരത്തെ മരിയന്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.
കാര്‍ പാഞ്ഞുവന്നപ്പോള്‍ പിന്നോട്ടോടാന്‍ അഭിലാഷിന് മുന്നില്‍ വഴിയുണ്ടായിരുന്നു. പക്ഷേ, നിയമത്തിന്റെ മുന്നില്‍ നിന്ന് മാറിനില്ക്കാതെ പ്രതികളെ തടയാനാണ് അദ്ദേഹം മുന്നോട്ടുപോയത്. അതിന് വലിയ വില നല്കേണ്ടിവന്നെങ്കിലും, കഞ്ചാവ് സംഘത്തെ നിയമത്തിന്റെ കൈകളില്‍ എത്തിച്ച ശേഷമാണ് അഭിലാഷ് ആശുപത്രിയിലെത്തിയത്.
മരണം മുന്നില്‍ കണ്ടിട്ടും ഒരു നിമിഷം പോലും പതറാതെ കര്ത്തവ്യത്തിന് മുന്നില്‍ നിന്ന അഭിലാഷിന്റെ ധീരത പൊലീസിന് തന്നെ അഭിമാന നിമിഷമായി.
വിഴിക്കത്തോട് മുണ്ടക്കല്‍ കുടുംബാംഗമായ അഭിലാഷ് എം.എസ്. (38) കഴിഞ്ഞ മൂന്ന് വര്‍ഷമായി ഡാന്‍സാഫ് സംഘത്തില്‍ പ്രവര്‍ത്തിച്ചുവരികയാണ്. ലഹരിക്കെതിരായ നിരവധി പോലീസ് നടപടികളില്‍ സജീവമായിരുന്ന അഭിലാഷിന്റെ ആത്മാര്‍ത്ഥതയുടെ ഒടുവിലത്തെ തെളിവായി മാറുകയാണ് ആര്.വി. ജംഗ്ഷനിലെ ഈ സംഭവം.
കാര്‍ കയറിയിറങ്ങി ഇടതുകാലിന്റെ പാദത്തിന് ചതവും പൊട്ടലുമുണ്ടായി. മൂന്ന് മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ളത്.



0 Comments