പാലായിലെ കടമോഷണം: അന്തർസംസ്ഥാന മോഷണസംഘമെന്ന് സൂചന; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി


പാലായിലെ കടമോഷണം: അന്തർസംസ്ഥാന മോഷണസംഘമെന്ന് സൂചന; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി

 പാലാ നഗരത്തിൽ കഴിഞ്ഞ ദിവസം മൂന്ന് കടകളിൽ നടന്ന മോഷണക്കേസിൽ അന്തർസംസ്ഥാന മോഷണസംഘത്തിന്റെ പങ്ക് സംശയിക്കുന്നതായി അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്നാണ് മോഷ്ടാക്കൾ അന്യസംസ്ഥാനത്ത് നിന്നെത്തിയവരാകാമെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.

ഒരു നഗരത്തിലെത്തി രാത്രി മോഷണം നടത്തി അന്നുതന്നെ മറ്റൊരു സ്ഥലത്തേക്ക് കടന്നുകളയുന്നതാണ് സംഘത്തിന്റെ പ്രവർത്തനരീതിയെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്. ഇത്തരത്തിലുള്ള സംഘങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനരീതിയിലുള്ള മോഷണങ്ങൾ നടത്തിയിട്ടുണ്ടോയെന്നതും പരിശോധിക്കുന്നുണ്ട്.


പാലായിലെ കട്ടക്കയം റോഡിലെ മത്സ്യവ്യാപാരശാലയിലും റിവർവ്യൂ റോഡിലെ രണ്ട് വസ്ത്രവ്യാപാര സ്ഥാപനങ്ങളിലുമാണ് മോഷണം നടന്നത്. പ്രാഥമിക കണക്കുകൾ പ്രകാരം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിവരം.

സംഭവസ്ഥലങ്ങളിൽ നിന്ന് ലഭിച്ച തെളിവുകളും നഗരത്തിലെ വിവിധ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മോഷ്ടാക്കളുടെ യാത്രാമാർഗം കണ്ടെത്താൻ നഗരത്തിലേക്കുള്ള പ്രധാന റോഡുകളിലെയും സമീപപ്രദേശങ്ങളിലെയും ക്യാമറ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

അടുത്തകാലത്തായി പാലാ നഗരത്തിലും സമീപപ്രദേശങ്ങളിലുമായി തുടർച്ചയായി നടന്ന മോഷണസംഭവങ്ങളും ഇതേ സംഘവുമായി ബന്ധപ്പെട്ടതാണോയെന്നും പോലീസ് അന്വേഷിക്കുന്നു. വിവിധ ജില്ലകളിലെ സമാനകേസുകളുടെ വിവരങ്ങൾ ശേഖരിച്ചും അന്വേഷണം ഏകോപിപ്പിച്ചുമാണ് പോലീസ് മുന്നോട്ടുപോകുന്നത്.

സംഘത്തെ വേഗത്തിൽ തിരിച്ചറിഞ്ഞ് പിടികൂടാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments