ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം തൊമ്മന്‍കുത്തിലും ആനചാടികുത്തിലും നടപ്പാക്കാന്‍ ലക്ഷ്യമിട്ട ഹരിത ടൂറിസം പദ്ധതി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് ചുവപ്പുനാടയില്‍ കുടുങ്ങി. പദ്ധതിക്കായി രണ്ടുവര്‍ഷം മുന്‍പ് ചേര്‍ന്ന യോഗത്തിന്റെ തുടര്‍നടപടികളാണ് ഇപ്പോള്‍ ഫയലില്‍ ഉറങ്ങുന്നത്. കരിമണ്ണൂര്‍, വണ്ണപ്പുറം പഞ്ചായത്തുകളുടെ പ്രതിനിധികള്‍, ഹരിത മിഷന്‍ കോഡിനേറ്റര്‍, കാളിയാര്‍ റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് അന്ന് യോഗത്തില്‍ പങ്കെടുത്തത്. എന്നാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ അവകാശമുന്നയിച്ച് വനംവകുപ്പും പഞ്ചായത്തും തമ്മില്‍ തര്‍ക്കമുണ്ടായതോടെ യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു. ആനചാടികുത്ത് വനംവകുപ്പിന്റെ അധീനതയിലാണെന്ന അവകാശവാദത്തെ വണ്ണപ്പുറം പഞ്ചായത്ത് പ്രതിനിധീകരിച്ചെത്തിയ അന്നത്തെ പഞ്ചായത്തംഗം ജഗദമ്മാ വിജയന്‍ ശക്തമായി എതിര്‍ത്തു. വനംവകുപ്പ് സ്ഥാപിച്ച ജണ്ടയ്ക്ക് വെളിയില്‍, ജനവാസ മേഖലയ്ക്ക് നടുക്കാണ് ആനചാടികുത്ത് സ്ഥിതി ചെയ്യുന്നതെന്നും അതിനാല്‍ പ്രദേശം പഞ്ചായത്തിന്റെ അധീനതയിലാണെന്നുമാണ് ജഗദമ്മാ വിജയന്‍ വാദിച്ചത്.
തുടര്‍ന്ന് തര്‍ക്കം പരിഹരിക്കാന്‍ സര്‍വേ നടത്തി സ്‌കെച്ച് എടുക്കാമെന്ന് ഹരിത മിഷന്‍ കോഡിനേറ്റര്‍ നിര്‍ദേശിക്കുകയും യോഗം മാറ്റിവെക്കുകയും ചെയ്തു. എന്നാല്‍ രണ്ടു വര്‍ഷം കഴിഞ്ഞിട്ടും വിഷയത്തില്‍ വീണ്ടുമൊരു യോഗം വിളിച്ചുചേര്‍ക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. പദ്ധതി നടപ്പിലായിരുന്നെങ്കില്‍ രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളിലും മെച്ചപ്പെട്ട മാലിന്യശേഖരണവും ശുചിത്വവും ശൗചാലയ സമുച്ചയങ്ങളും ഉറപ്പാക്കാന്‍ കഴിയുമായിരുന്നു. പഞ്ചായത്തും ഹരിതമിഷനും ഇതിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനും തയ്യാറായിരുന്നു.<br>
ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ വനംവകുപ്പ് കൈയടക്കിവെക്കുന്നതാണ് വികസന പദ്ധതികള്‍ക്ക് തടസ്സമാകുന്നതെന്ന് ത്രിതല പഞ്ചായത്തംഗങ്ങള്‍ ആരോപിക്കുന്നു. ഇത്തരം കേന്ദ്രങ്ങളില്‍ പഞ്ചായത്തിനും വിനോദസഞ്ചാര വകുപ്പിനും ഇടപെടാനുള്ള സാഹചര്യം ഉണ്ടാക്കുകയോ, വനംവകുപ്പില്‍നിന്ന് മാറ്റി പ്രത്യേക ഭരണസമിതിയുടെ കീഴില്‍ കൊണ്ടുവരികയോ ചെയ്താലേ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകൂ എന്നാണ് ഇവരുടെ നിലപാട്. വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം മൂലം ഇരു വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും വികസന സാധ്യതകളാണ് ഇല്ലാതാകുന്നതെന്ന് നാട്ടുകാരും പരാതിപ്പെടുന്നു.
70 12 23 03 34


0 Comments