സുനില്‍ പാലാ
പാലാ കെ.എം. മാണി സ്മാരക ജനറല്‍ ആശുപത്രിക്ക് മുന്നിലെ വഴി വീതികൂട്ടി പി.ഡബ്ല്യു.ഡി. പുനരുദ്ധരിക്കുമ്പോള്‍ വിവാദങ്ങളും വഴിതുറക്കുകയാണ്. ഈ വഴിയോട് ചേര്‍ന്നുള്ള ചില നിര്‍മ്മിതികള്‍ അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി പരാതി ഉയര്‍ന്നു കഴിഞ്ഞു. പാലാ നഗരസഭയില്‍ നിന്ന് ഉന്തുവണ്ടി കച്ചവടത്തിന് അനുവാദം വാങ്ങിയിട്ട് ചിലര്‍ ഷെഡ്ഡ് കെട്ടി കറണ്ടെടുത്ത് കച്ചവടം പൊടിപൊടിക്കുകയാണെന്നും ഇത് അനധികൃതമാണെന്നുമാണ് പരാതി.
പൊതുഭൂമി കൈയേറി ബങ്കുകളും ഷെഡുകളും മറ്റ് നിര്‍മ്മാണങ്ങളും സ്ഥാപിച്ചെന്ന പരാതിയുമായി കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാനെ സമീപിച്ചിരിക്കുന്നത് നിയമവിദ്യാര്‍ത്ഥിയായ അനൂപ് ബോസ് ആണ്.
പരാതിയില്‍ പാലാ മുനിസിപ്പാലിറ്റി സെക്രട്ടറിയെയും, പൊതുഭൂമി കൈയേറിയതായി ആരോപിക്കപ്പെടുന്ന ചില വ്യക്തികളെയും സ്ഥാപനങ്ങളെയും എതിര്‍കക്ഷികളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പരാതിക്കാരന്റെ വാദപ്രകാരം, പൊതുജനാവശ്യത്തിനായി ഉപയോഗിക്കേണ്ട ഭൂമിയില്‍ അനധികൃതമായി ബങ്കുകളും ഷെഡുകളും സ്ഥാപിച്ചതുമൂലം ലിങ്ക് റോഡിനും റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സം നേരിടുന്ന സാഹചര്യമാണുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം മുനിസിപ്പാലിറ്റിക്കാണോ, ജനറല്‍ ആശുപത്രിക്കാണോ, പുറമ്പോക്ക് ഭൂമിയാണോ എന്നത് ഔദ്യോഗിക രേഖകള്‍ പരിശോധിച്ച് വ്യക്തമാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
'പരാതിക്കുശേഷവും കൈയേറ്റം വ്യാപിച്ചു'
സെപ്റ്റംബര്‍ 15-ന് പാലാ മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് രേഖാമൂലം പരാതി നല്‍കിയെന്നും, പരാതി ലഭിച്ചതിന് ശേഷവും ഫലപ്രദമായ പരിശോധനയോ അനധികൃത നിര്‍മ്മാണം തടയാനുള്ള നടപടിയോ ഉണ്ടായില്ലെന്നും ആരോപിക്കുന്നു. ഇതിനിടെ നിലവിലുണ്ടായിരുന്ന ബങ്കുകളും ഷെഡുകളും കൂടുതല്‍ വിപുലീകരിക്കുകയും പുതിയ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തതായും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.
ഉടമസ്ഥാവകാശം പരിശോധിക്കണം
സ്ഥലത്തിന്റെ യഥാര്‍ത്ഥ അതിര്‍ത്തിയും വിസ്തൃതിയും ഔദ്യോഗിക സര്‍വേ രേഖകളും ഭൂമിരേഖകളും പരിശോധിച്ച് നിര്‍ണയിക്കണമെന്നും പരാതിയില്‍ പറയുന്നു. അവിടെ പ്രവര്‍ത്തിക്കുന്ന ബങ്കുകള്‍ക്കും ഷെഡുകള്‍ക്കും നിയമാനുസൃത ലൈസന്‍സോ പെര്‍മിറ്റോ ഉണ്ടോയെന്നും പരിശോധിക്കണമെന്നാണ് ആവശ്യം.
അനുമതിയില്ലാത്ത നിര്‍മ്മാണങ്ങളാണെന്ന് കണ്ടെത്തിയാല്‍ അവ നീക്കം ചെയ്ത് പൊതുഭൂമി തിരിച്ചുപിടിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
ജി.പി.എസ്. സര്‍വ്വേ നാളെ
വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തെളിവുകള്‍ ശേഖരിക്കുന്നതിനായി നാളെ ജി.പി.എസ്. സര്‍വ്വേ നടത്തുമെന്ന അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് പാലാ ജനറല്‍ ആശുപത്രി അധികാരികളും മുനിസിപ്പല്‍ അധികാരികളും പറയുന്നു.
70 12 23 03 34





0 Comments