കാവിന്‍പുറത്ത് ഇനി ലീല ടീച്ചറുടെ കൈകളിലൂടെ ''ഹരിശ്രീ''- പാരമ്പര്യത്തിന്റെ പുണ്യവഴിയില്‍ ഗുരുവിന്റെ അനുഗ്രഹം ഏറ്റുവാങ്ങി പിന്‍ഗാമി
അക്ഷരങ്ങളുടെ ലോകത്തേക്ക് ആയിരക്കണക്കിന് കുരുന്നുകളെ കൈപിടിച്ചാനയിച്ച ഗുരുവിന്റെ മുന്നില്‍, പുതിയൊരു ദൗത്യത്തിന്റെ നിറവോടെ ശിഷ്യ എത്തി; കാല്‍തൊട്ടു തൊഴുതു, ഫലമൂലാദികള്‍ സമര്‍പ്പിച്ചു, ഗുരുദക്ഷിണയും നല്‍കി. നിറഞ്ഞ ഹൃദയത്തോടെ അനുഗ്രഹം തേടിയ ലീല ടീച്ചറുടെ നെറുകയില്‍ കൈവച്ച് പ്രമുഖ കവി ആര്‍.കെ. വള്ളിച്ചിറ അനുഗ്രഹിച്ചപ്പോള്‍, ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ വിദ്യാരംഭത്തിന് പുതിയൊരു അധ്യായം തുറക്കുകയായിരുന്നു.
വര്‍ഷങ്ങളായി കാവിന്‍പുറത്തെ വിജയദശമി വിദ്യാരംഭച്ചടങ്ങില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നുനല്‍കിയിരുന്ന ആചാര്യന്‍ കവി ആര്‍.കെ. വള്ളിച്ചിറയ്ക്ക് പകരം ഇത്തവണ ആചാര്യസ്ഥാനത്തെത്തുന്നത് പൂവരണി കണ്ടത്തിനാനി ലീല ഗോവിന്ദന്‍ എന്ന റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസാണ്. ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് കവി ആര്‍.കെ. വിശ്രമജീവിതത്തിലേക്ക് മാറിയതോടെയാണ് വിരമിച്ച ഹെഡ്മിസ്ട്രസായ ലീല ടീച്ചര്‍ ഈ പുണ്യദൗത്യം ഏറ്റെടുക്കുന്നത്. എന്നാല്‍, സ്ഥാനമാറ്റത്തിന്റെ ഔപചാരികതകള്‍ക്കപ്പുറം ഗുരുവിന്റെ അനുഗ്രഹം ഏറ്റുവാങ്ങിയ ശിഷ്യയുടെ ഈ സന്ദര്‍ശനം പാരമ്പര്യത്തിന്റെ ഹൃദയസ്പര്‍ശിയായ തുടര്‍ച്ചയായി.
കാവിന്‍പുറം ഉമാമഹേശ്വരന്‍മാര്‍ സര്‍വൈശ്വര്യദായകരാണെന്നും മനമുരുകി പ്രാര്‍ഥിച്ചാല്‍ ക്ഷിപ്രഫലസിദ്ധിയുണ്ടാകുമെന്നും ലീല ടീച്ചറോട് കവി ആര്‍.കെ. വള്ളിച്ചിറ പറഞ്ഞു. ഓരോ വര്‍ഷവും ക്ഷേത്രത്തില്‍ ആചാര്യസ്ഥാനം വഹിച്ചശേഷം അവിടത്തെ അനുഭവങ്ങളും ഭക്തിനിര്‍ഭരമായ അന്തരീക്ഷവും കോര്‍ത്തിണക്കി ഓരോ കവിത എഴുതുമായിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിച്ചെടുത്തു. അടുത്ത വര്‍ഷം ക്ഷേത്രത്തിലെത്തുമ്പോള്‍ ആ കവിത ഉള്‍പ്പെടുത്തി തയ്യാറാക്കിയ കാവ്യപുസ്തകം സമര്‍പ്പിക്കുന്നതായിരുന്നു തന്റെ പതിവ്. അക്ഷരങ്ങള്‍ പകര്‍ന്നുനല്‍കിയതിനൊപ്പം ആ പുണ്യാനുഭവങ്ങളെ കവിതകളിലൂടെ അടയാളപ്പെടുത്തുകയും ചെയ്യുകയായിരുന്നു കവി ആര്‍.കെ. വള്ളിച്ചിറ.
ഇനി ആ പുണ്യസ്ഥാനത്ത് ലീല ടീച്ചര്‍ കുരുന്നുകള്‍ക്ക് ഹരിശ്രീ കുറിച്ചുനല്‍കുമ്പോള്‍, അതിനു പിന്നില്‍ ഗുരുവിന്റെ അനുഗ്രഹവും വര്‍ഷങ്ങളായി കൈമാറിവന്ന അക്ഷരപാരമ്പര്യത്തിന്റെ തുടിപ്പുമുണ്ടാകും.
അക്ഷരപ്പുണ്യത്തിന്റെ പുതിയ അധ്യായം
ആയിരക്കണക്കിന് ശിഷ്യര്‍ക്ക് അറിവിന്റെ ആദ്യവെളിച്ചം പകര്‍ന്നുനല്‍കിയ ലീല ടീച്ചര്‍ ഈരാറ്റുപേട്ട മുസ്ലിം ഗവ. എല്‍.പി. സ്‌കൂള്‍ ഹെഡ്മിസ്ട്രസായാണ് വിരമിച്ചത്. അധ്യാപനജീവിതത്തില്‍ കുട്ടികള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നുനല്‍കിയ ടീച്ചര്‍ക്ക് ഇനി വിജയദശമിനാളില്‍ കാവിന്‍പുറത്തെത്തുന്ന നൂറുകണക്കിന് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചുനല്‍കാനും അവസരമൊരുങ്ങുന്നു.
വിജയദശമിനാളില്‍ ഭക്തര്‍ ചേര്‍ന്ന് ലീല ടീച്ചറെ ആചാര്യസ്ഥാനത്തേക്ക് ആദരപൂര്‍വം വരവേല്‍ക്കും. കാവിന്‍പുറം ദേവസ്വം പ്രസിഡന്റ് ടി.എന്‍. സുകുമാരന്‍ നായര്‍ ആചാര്യവരണച്ചടങ്ങിന് നേതൃത്വം നല്‍കും.
കാവിന്‍പുറത്തെ മണല്‍പരപ്പില്‍ ഇത്തവണ കുരുന്നുകള്‍ മുതല്‍ വയോധികര്‍ വരെ ഹരിശ്രീ കുറിക്കുമ്പോള്‍, ഓരോ ആദ്യാക്ഷരത്തിലും ഗുരുവിന്റെ അനുഗ്രഹവും ശിഷ്യയുടെ സമര്‍പ്പണവും ഒരുപോലെ തെളിയും.






0 Comments