നിർമാണം പൂർത്തിയാക്കിയ നേരേകടവ്–മാക്കേക്കടവ് പാലം കാണാനും കായൽ യാത്ര ആസ്വദിക്കാനുമായി സന്ദർശകരുടെ തിരക്ക്.
വർഷങ്ങളായുള്ള സ്വപ്നം യാഥാർഥ്യമായതിന്റെ ആഹ്ലാദത്തിലാണ് പ്രദേശവാസികൾ. കായൽക്കാറ്റും ചുറ്റുമുള്ള ഗ്രാമീണ അന്തരീക്ഷവും ആസ്വദിക്കാൻ ദിവസേന നൂറുകണക്കിന് ആളുകളാണ് ഇവിടെയെത്തുന്നത്.
വേമ്പനാടു കായലിനു കുറുകെ ആലപ്പുഴ – കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ് – നേരേകടവ് പാലം 10 വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ യാഥാർഥ്യമാകുന്നത്. പാലത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 18-ന് മുഖ്യമന്ത്രി നിർവഹിക്കുന്ന രീതിയിലാണ് തയാറെടുപ്പുകൾ പുരോഗമിക്കുകയാണ്.
എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ യാത്രക്കാർക്കും ശബരിമല തീർഥാടകർക്കും ഏറെ പ്രയോജനപ്പെടുന്ന പുതിയ പാതയാണ് തുറന്നുകിട്ടുന്നത്. നിർമാണം പൂർത്തിയായതോടെ വൈകുന്നേരങ്ങളിലാണ് സന്ദർശകരുടെ തിരക്ക് അനുഭവപ്പെടുന്നത്. കുടുംബങ്ങളായും സുഹൃത്തുക്കളുടെ സംഘങ്ങളായും എത്തുന്നവർ പാലത്തിലൂടെ നടന്ന് കായൽക്കാറ്റേറ്റ് മനോഹരമായ സൂര്യാസ്തമയ കാഴ്ചകളും ആസ്വദിച്ചാണ് മടങ്ങുന്നത്. എറണാകുളം ഉൾപ്പെടെയുള്ള സമീപ ജില്ലകളിൽ നിന്നും നിരവധിയാളുകൾ പാലം കാണാനെത്തുന്നുണ്ട്.
പ്രഭാത-സായാഹ്ന സവാരികൾക്കായും പ്രദേശവാസികൾ ഇപ്പോൾ പാലം ഉപയോഗിച്ച് തുടങ്ങി. പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണം പൂർത്തിയായിട്ടുണ്ട്. സുരക്ഷാ രേഖകൾ വരയ്ക്കൽ, സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കൽ എന്നിവ മാത്രമാണ് ഇനി ശേഷിക്കുന്നത്. സുരക്ഷ മുൻനിർത്തി സമീപന പാതയ്ക്ക് സമീപം വീപ്പകളും റിബണുകളും സ്ഥാപിച്ച് വാഹനങ്ങൾ കേറുന്നത് തടഞ്ഞിട്ടുണ്ട്. പോസ്റ്റുകളിലും സ്റ്റാറ്റസുകളിലും പാലത്തിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുന്നതോടെ സോഷ്യൽ മീഡിയയിലും നേരേകടവ്-മാക്കേക്കടവ് പാലം തരംഗമായി മാറി. മാക്കേക്കടവ് – നേരേകടവ് പാലത്തിന് 2016 ജൂണിലാണ് കരാർ ഒപ്പിട്ടത്. നിർമാണ കാലാവധി 24 മാസമായിരുന്നു. 2017 ജനുവരിയിൽ മന്ത്രിയായിരുന്ന ജി. സുധാകരനാണ് നേരേകടവ് ജെട്ടിക്കു സമീപം തറക്കല്ലിട്ടത്. വൈകാതെ നിർമാണം തുടങ്ങിയെങ്കിലും അപ്രോച്ച് റോഡിനുള്ള സ്ഥലമെടുപ്പ് വർഷങ്ങളോളം നീണ്ടു. കേസുകളെ തുടർന്ന് സ്ഥലമെടുപ്പ് നടപടികൾ വൈകിയതിനാൽ കരാറുകാരന് നിശ്ചിത സമയത്തിനുള്ളിൽ പണി പൂർത്തിയാക്കാനായില്ല. തുടർന്നുള്ള പ്രവൃത്തികൾക്ക് നിരക്ക് വർധിപ്പിച്ചു നൽകണമെന്ന് കരാറുകാരൻ ആവശ്യപ്പെട്ടതും അനുവദിച്ച് 2024 മാർച്ചിലാണ് നിർമാണം പുനരാരംഭിച്ചത്.
പാലം തുറക്കുന്നതോടെ രണ്ടു ജില്ലകളിലേക്കുമുള്ള യാത്രക്കാർക്ക് സമയ – ധന ലാഭം ഏറെയാണ്. നിലവിൽ മാക്കേക്കടവ് – നേരേകടവ് കായൽ കടക്കാൻ ഇരുചക്ര വാഹനം മാത്രം കയറുന്ന ചങ്ങാടമാണുള്ളത്. മറ്റു വാഹനങ്ങൾ കിലോമീറ്ററുകൾ കടന്ന് തണ്ണീർമുക്കം ബണ്ട് വഴി യാത്ര ചെയ്യണം. പാലം തുറന്നാലും ലോറികൾ ഉൾപ്പെടെ ഭാരവാഹനങ്ങൾ നേരേകടവിൽ നിന്നു വൈക്കം റോഡിലേക്കു പോകാൻ പ്രയാസം നേരിടും. അവിടുത്തെ റോഡിന്റെയും കലുങ്കുകളുടെയും വീതിക്കുറവാണ് കാരണം. അവ പരിഹരിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.
70 12 23 03 34





0 Comments