മീനച്ചിലാറ്റിലെ കുമ്മണ്ണൂർ ചെമ്പിളാവ് ചേർപ്പുങ്കൽ ഭാഗങ്ങളിൽ നിന്ന് വൻതോതിൽ മണൽ ഖനനം ചെയ്യാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.
കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ കുമ്മണ്ണൂർ, ചെമ്പിളാവ്, ചേർപ്പുങ്കൽ വാർഡുകളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ, മീനച്ചിലാറ്റിൽ നിന്നും വൻതോതിൽ മണൽ ഖനനം ചെയ്യാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജനങ്ങൾ ഒത്തുചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. ഒരു കാലത്ത് തീരമടിച്ചിൽ സ്ഥിരമായിരുന്ന ഈ പ്രദേശങ്ങളിൽ സംരക്ഷണഭിത്തി കെട്ടിയാണ് തീരമിടിച്ചിലിന് പരിഹാരം കണ്ടത്.
അങ്ങനെ സംരക്ഷിച്ചു പോരുന്ന തീരത്തിന് സുരക്ഷാഭീഷണി ഉണ്ടാക്കുംവിധം മണൽ വൻതോതിൽ ഖനനം നടത്താനാണ് നിലവിൽ നീക്കം നടക്കുന്നത്. നദിയിലെ ജലം സുഗമമായി ഒഴുകുന്നതിനു വേണ്ടി ചെളി നീക്കം ചെയ്യുക എന്ന ഉത്തരവിൻ്റെ മറവിൽ വൻതോതിൽ മണൽ കടത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് തടയണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടാണ് ജനപ്രതിനിധികളും ജനങ്ങളും യോഗം ചേർന്നത്.
നദിയുടെ ആഴം കൂട്ടുന്നതിലൂടെ തീരങ്ങളിലുള്ള ജനങ്ങളുടെ കിണറുകളിലെ വെള്ളം വറ്റിപ്പോവുകയും ശുദ്ധജലക്ഷാമം അനുഭവിക്കേണ്ടി വരികയും ചെയ്യുമെന്നുള്ള ആശങ്കയും ജനങ്ങൾക്കുണ്ട്. അതുപോലെന്നെ പുതിയതായി നിർമ്മിക്കപ്പെട്ടിട്ടുള്ള ചേർപ്പുങ്കൽ പാലത്തിനും ചെമ്പിളാവ് കുമ്മണ്ണൂർ പാലത്തിനും ബലക്ഷയം ഉണ്ടാവുകയും സുരക്ഷിതമായ യാത്രയ്ക്ക് വിഘാതം സൃഷ്ടിക്കുകയും ചെയ്യും എന്ന ഭയവും ജനങ്ങൾക്കുണ്ട്.
ഇത്തരം ആശങ്കകൾ പങ്കുവെച്ചുകൊണ്ടാണ് ആക്ഷൻ കൗൺസിൽ രൂപീകരിക്കാൻ തീരുമാനിച്ചത്. ആദ്യ നടപടി എന്ന നിലയിൽ ജനങ്ങളുടെ ആശങ്കൾ ചൂണ്ടിക്കാട്ടിക്കൊണ്ട് കേരളത്തിൻ്റെ മുഖ്യമന്ത്രിക്കും സ്ഥലം എം.എൽ. എ. കൂടിയ കേരളാ ജല വിഭവ വകുപ്പ് മന്ത്രിക്കും ജില്ലാ കളക്ടർക്കും കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിനും മറ്റ് അധികാരികൾക്കും റവന്യൂ വകുപ്പ് അധികാരികൾക്കും നിവേദനം നല്കാൻ തീരുമാനിച്ചു. കൂടാതെ മീനച്ചിൽ നദീതട സംരക്ഷ സമിതിയെ കൂടി ഈ പ്രക്ഷോഭത്തിൻ്റെ ഭാഗമാക്കാനും യോഗം തീരുമാനമെടുത്തു.
ചെമ്പിളാവ് കെ.സി.വൈ.എം. ലൈബ്രറിയിൽ കൂടിയ യോഗത്തിൽ കിടങ്ങൂർ ഗ്രാമപഞ്ചായത്ത് വികസന ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു രമേശ് മെമ്പർമാരായ സതീഷ് ശ്രീനിലയം, അഡ്വ. ജിഷ്ണ കെ. ബിനീജ് , ജിൽസി ജോസഫ് എന്നിവർ പങ്കെടുത്തു. കെ. എസ്. ജയചന്ദ്രൻ കല്ലം പള്ളിയിൽ, വി.കെ. സുരേന്ദ്രൻ , അനിൽ എസ്. തൊണ്ടിപ്പുഴ, പി.ബി. സജി പുതുശ്ശേരിൽ, ഹരിപ്രസാദ് എം.എസ്. മറ്റയ്ക്കാട്ട്, കെ.എൻ. ഷാജി കാക്കനാട്ട്, വിനോദ് കരപ്പാറ്റിയേൽ, ജോസ് കൊല്ലറാത്ത്, ഭാസ്‌കരൻ നായർ കൈപ്പടയിൽ, കമലാസനൻ മൂലായിൽ, എന്നിവരെ ആക്ഷൻ കൗൺസിലിലേക്ക് തെരഞ്ഞെടുത്തു. കൂടുതൽ വിപുലമായ യോഗം ചേർന്ന് ആക്ഷൻ കൗൺസിൽ വിപുലപ്പെടുത്താനും യോഗം തീരുമാനിച്ചു.
70 12 23 03 34






0 Comments