പാലാ ജനറൽ ആശുപത്രി വികസന സമിതി നിയമനത്തിൽ തർക്കം; പാലാ നഗരസഭാ യോഗത്തിൽ വാക്കേറ്റം കേരള കോൺഗ്രസ് എം പ്രതിനിധികളെ ഉൾപ്പെടുത്തിയതിൽ നിയമവശം ഉയർത്തി യു.ഡി.എഫ്.; കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് നവീകരണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കാൻ നിർദേശം.... കൊട്ടാരമറ്റം ഓട്ടോ സ്റ്റാൻഡ് വിഷയത്തിനും നിയമാസൃത നടപടി സ്വീകരിക്കാൻ കൗൺസിൽ തീരുമാനം




പാലാ ജനറൽ ആശുപത്രി വികസന സമിതി നിയമനത്തിൽ തർക്കം; പാലാ നഗരസഭാ യോഗത്തിൽ വാക്കേറ്റം
കേരള കോൺഗ്രസ് എം പ്രതിനിധികളെ ഉൾപ്പെടുത്തിയതിൽ നിയമവശം ഉയർത്തി യു.ഡി.എഫ്.; കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് നവീകരണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കാൻ നിർദേശം.... കൊട്ടാരമറ്റം ഓട്ടോ സ്റ്റാൻഡ് വിഷയത്തിനും നിയമാസൃത നടപടി സ്വീകരിക്കാൻ കൗൺസിൽ തീരുമാനം ....

പാലാ കെ.എം. മാണി സ്മാരക ജനറൽ ആശുപത്രിയുടെ വികസന സമിതിയിലേക്ക് കേരള കോൺഗ്രസ് എം പ്രതിനിധികളെ നിയമിച്ച നടപടി സംബന്ധിച്ച് പാലാ നഗരസഭാ കൗൺസിൽ യോഗത്തിൽ തർക്കം. പ്രതിനിധികളെ നിയമിച്ചുകഴിഞ്ഞതായും ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും നഗരസഭ ചെയർപേഴ്സൺ മായാ രാഹുൽ യോഗത്തിൽ അറിയിച്ചു.

എന്നാൽ നിയമത്തിന് വിരുദ്ധമായാണ് നിയമനം നടത്തിയതെങ്കിൽ അത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ കൗൺസിലർ അഡ്വ. ബിനു പുളിക്കക്കണ്ടം പറഞ്ഞു. ആശുപത്രി വികസന സമിതിയിൽ കേരള കോൺഗ്രസ് എം പ്രതിനിധികളെ ഉൾപ്പെടുത്തുന്നതിൽ യു.ഡി.എഫിന് എതിർപ്പില്ലെന്നും, എന്നാൽ നടപടി നിയമാനുസൃതമായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുസംബന്ധിച്ച് യു.ഡി.എഫ്. അംഗങ്ങൾ നഗരസഭാ സെക്രട്ടറിക്ക് വിയോജനക്കുറിപ്പും നൽകി. 

അതേസമയം, ആശുപത്രി വികസന സമിതിയുമായി ബന്ധപ്പെട്ട് നിയമാനുസൃതമായ തീരുമാനമാണ് നേരത്തെ തന്നെ എടുത്തിട്ടുള്ളതെന്ന് നഗര വികസന മുന്നണി കൺവീനർ ബിജു പാലൂപ്പടവൻ പറഞ്ഞു.


‘നിയമാനുസൃതമായിരിക്കണം’
കേരള കോൺഗ്രസ് എം പ്രതിനിധികളെ ആശുപത്രി വികസന സമിതി യോഗത്തിൽ ഉൾപ്പെടുത്തുന്നതിനെ തങ്ങൾ എതിർക്കുന്നില്ലെന്നും, എന്നാൽ നിയമവും ചട്ടവും പാലിച്ചായിരിക്കണം അംഗങ്ങളെ ഉൾപ്പെടുത്തേണ്ടതെന്നും അഡ്വ. ബിനു പുളിക്കക്കണ്ടം ആവർത്തിച്ചു.
തുടർന്ന് കൊട്ടാരമറ്റം ഓട്ടോ സ്റ്റാൻഡ് വിഷയത്തിലേക്ക് യോഗം കടന്നു. സ്റ്റാൻഡിന്റെ നിലവിലെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനായി നിയമാനുസൃത നടപടി സ്വീകരിക്കാൻ കൗൺസിൽ തീരുമാനിച്ചു.

അജണ്ട മാറിയതോടെ വാക്കേറ്റം

കൊട്ടാരമറ്റം ഓട്ടോ സ്റ്റാൻഡ് സംബന്ധിച്ച് അഡ്വ. ബിനു പുളിക്കക്കണ്ടം സംസാരിച്ചുകൊണ്ടിരിക്കെയാണ് ചെയർപേഴ്സൺ മായാ രാഹുൽ അടുത്ത അജണ്ടയിലേക്ക് കടന്നത്. ഇതിനെ ബിനു ചോദ്യം ചെയ്തതോടെ യോഗത്തിൽ വാക്കേറ്റമുണ്ടായി.
താൻ ഒരു കാര്യം സംസാരിച്ചുകൊണ്ടിരിക്കെ അടുത്ത അജണ്ടയിലേക്ക് കടക്കരുതെന്നും കൗൺസിൽ നടപടികളിൽ മാന്യത പാലിക്കണമെന്നും ചെയർ പേഴ്സണോട്  ബിനു ആവശ്യപ്പെട്ടു. 
വ്യക്തിശുദ്ധി പാലിക്കണമെന്നും അദ്ദേഹം ശബ്ദമുയർത്തി ആവർത്തിച്ചതോടെ സ്ഥിതി കൂടുതൽ വഷളായി.
തുടർന്ന്, ഒരു സ്ത്രീ എന്ന നിലയിൽ തന്നെ മോശമായി ചിത്രീകരിക്കുന്ന തരത്തിലാണ് കൗൺസിലർ സംസാരിക്കുന്നതെന്ന് ചെയർപേഴ്സൺ മായാ രാഹുൽ ആരോപിച്ചു. ബിനു പുളിക്കക്കണ്ടത്തെ കൗൺസിൽ യോഗത്തിൽ നിന്ന് പുറത്താക്കണമെന്ന് നഗരസഭാ സെക്രട്ടറിയോട് ചെയർപേഴ്സൺ ആവശ്യപ്പെടുകയും ചെയ്തു.


എന്നാൽ പോലീസ് എത്തിയ ശേഷമേ താൻ യോഗത്തിൽനിന്ന് പോകുകയുള്ളൂ എന്ന നിലപാടാണ് ബിനു സ്വീകരിച്ചത്.

ഇതോടെ മുൻ ചെയർപേഴ്സൺ ജോസിൻ ബിനോ ഉൾപ്പെടെയുള്ള ഭരണപക്ഷ അംഗങ്ങളും വിഷയത്തിൽ ഇടപെട്ട് ശബ്ദമുയർത്തി. 

യോഗത്തിൽ സംഘർഷസമാനമായ സാഹചര്യം ഉടലെടുത്തതോടെ നഗര വികസന മുന്നണി കൺവീനർ ബിജു പാലൂപ്പടവൻ ഇടപെട്ടു. തുടർന്ന് ഇരുവിഭാഗത്തെയും ശാന്തരാക്കി യോഗം അടുത്ത അജണ്ടയിലേക്ക് നീങ്ങുകയായിരുന്നു.

കൊട്ടാരമറ്റം ബസ് സ്റ്റാൻഡിന് ശാപമോക്ഷത്തിന് നീക്കം

കൊട്ടാരമറ്റം ബസ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും നടപടികൾ വേഗത്തിലാക്കാനും കൗൺസിൽ തീരുമാനിച്ചു. ഇതിനായി എത്രയും വേഗം എസ്റ്റിമേറ്റ് തയ്യാറാക്കാൻ ചെയർപേഴ്സൺ മായാ രാഹുൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
നീണ്ടകാലമായി യാത്രക്കാരും ഓട്ടോ തൊഴിലാളികളും നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുന്നതിനാണ് നടപടി. സ്റ്റാൻഡിന്റെ നിലവിലെ സ്ഥിതിയും ആവശ്യമായ പ്രവൃത്തികളും വിലയിരുത്തി എസ്റ്റിമേറ്റ് തയ്യാറാക്കിയശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് നഗരസഭയുടെ തീരുമാനം.
ആശുപത്രി വികസന സമിതി അംഗനിയമനത്തെച്ചൊല്ലിയുള്ള നിയമവശവും കൊട്ടാരമറ്റം ഓട്ടോ സ്റ്റാൻഡ്  വിഷയവും  ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾക്കിടയിലായിരുന്നു ഇന്നത്തെ കൗൺസിൽ യോഗം.


കൊട്ടാരമറ്റം ഓട്ടോ സ്റ്റാൻഡ് വിഷയം വീണ്ടും ഉയരുന്നു

 ഒരു ഭരണസമിതിയെ തന്നെ താഴെ ഇറക്കാൻ തക്ക പ്രശ്നമായി മാറിയ കൊട്ടാരമറ്റത്തെ അനധികൃത ഓട്ടോ സ്റ്റാൻഡ് പ്രശ്നം വീണ്ടും കൗൺസിൽ യോഗത്തിൽ ചർച്ചയായി. മുനിസിപ്പൽ ആക്ട് ചട്ടം 7 പ്രകാരം കൊട്ടാരമറ്റം ഓട്ടോ സ്റ്റാൻഡ് വിഷയം സംബന്ധിച്ച് കൗൺസിൽ യോഗം വിളിച്ചു ചേർക്കണം എന്ന് ആവശ്യപ്പെട്ട് നഗര വികസന സമിതിയിലെ ബിജു മാത്യൂസ് ഒഴികെയുള്ള എൽഡിഎഫ് കൗൺസിലർമാർ ഒപ്പിട്ട കത്ത് ഇന്നത്തെ നഗരസഭ കൗൺസിൽ യോഗത്തിന്റെ പരിഗണനയ്ക്കായി വന്നപ്പോഴാണ് ചില ഓർമ്മപ്പെടുത്തലുകൾക്കും നാടകീയ സംഭാഷണങ്ങൾക്കും കൗൺസിൽ യോഗം വേദിയായത്.

അതേസമയം കൊട്ടാരമറ്റത്ത് അനധികൃത ഓട്ടോ സ്റ്റാൻഡ് സ്ഥാപിക്കാൻ മുൻകൈയെടുത്ത കൊട്ടാരമറ്റം വാർഡ് കൗൺസിലറും മുനിസിപ്പൽ വൈസ് ചെയർമാനുമായ ബിജു മാത്യൂസ് ഈ വിഷയം ചർച്ചയ്ക്ക് വരുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാവണം കൗൺസിൽ യോഗത്തിൽ നിന്നും ഒഴിവായി നിന്നത് ശ്രദ്ധേയമായി.

ദിയ ബിനു ചെയർപേഴ്സണായിരുന്ന കാലത്ത് യുഡിഎഫിലോ നഗരസഭ കൗൺസിലിലോ ആലോചന കൂടാതെ കൊട്ടാരമറ്റം ബസ് ടെർമിനൽ കോംപ്ലക്സിന്റെ സെറ്റ് ബാക്ക് ഏരിയയിൽ ആണ് ബിജു മാത്യൂസിന്റെ നിർദ്ദേശപ്രകാരം അനധികൃത ഓട്ടോ സ്റ്റാൻഡ് സ്ഥാപിക്കപ്പെട്ടത്. അതുകൊണ്ട് തന്നെ നഗരസഭ സ്ഥാവരജംഗമ വസ്തുക്കളുടെ കസ്റ്റോഡിയനായ നഗരസഭാ സെക്രട്ടറി ഈ വിഷയം സംബന്ധിച്ച് ഹൈക്കോടതിയെ സമീപിക്കുകയും അനധികൃത ഓട്ടോ സ്റ്റാൻഡ് അവിടുന്ന് ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ ബിജു മാത്യൂസും നിലവിലെ കോൺഗ്രസ് വിമത കൗൺസിലർമാരും ദിയ ബിനുവിനെതിരെ ശക്തമായ പ്രക്ഷോഭം അഴിച്ചുവിടുകയും യുഡിഎഫിൽ കല്ലുകടിയുടെ പ്രധാന കാരണം അതായി തീരുകയും ചെയ്തിരുന്നു. ഹൈക്കോടതി നിർദ്ദേശം ഉണ്ടായിട്ടും ഒരു സമവായം എന്ന നിലയിൽ അവിടെ നിന്ന് അവരെ ഒഴിപ്പിക്കാൻ അന്നത്തെ യുഡിഎഫ് ഭരണസമിതിയും തയ്യാറായില്ല.


ഇന്ന് ആ ഓട്ടോ സ്റ്റാൻഡ് അവിടെത്തന്നെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ചാണ് കൗൺസിൽ യോഗത്തിൽ ചർച്ച ഉണ്ടായത്.അനധികൃത ഓട്ടോ സ്റ്റാൻഡ് സ്ഥാപിക്കാൻ മുൻകൈയെടുത്ത കൊട്ടാരമറ്റം വാർഡ് കൗൺസിലർ ബിജു മാത്യൂസ് ഒഴിവായി നിന്ന ഇന്നത്തെ യോഗത്തിൽ , നിയമപരമായി തനിക്കത് അനുവദിക്കാൻ സാധിക്കുകയില്ലെന്നും നഗരസഭ ബസ് ടെർമിനൽ കോംപ്ലക്സിന്റെ സ്ഥലം തന്നെയാണ് അത് എന്ന് താൻ റിപ്പോർട്ട് നൽകുമെന്നും നഗരസഭാ സെക്രട്ടറി സെക്രട്ടറി കൗൺസിൽ യോഗത്തെ അറിയിച്ചു. നിയമപരമായി ഒരിക്കലും അത് ചെയ്യാൻ സാധിക്കാത്തതാണെന്നും ആരെങ്കിലും പരാതി നൽകിയാൽ അത് കർശനമായി ഒഴിപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 

അതേസമയം ഈ വിഷയം അന്ന് ദിയ ബിനുവിനെ ആക്രമിച്ച എൽഡിഎഫ് കൗൺസിലർമാരുടെ കത്ത് മുഖേന ചർച്ചയ്ക്ക് വന്നതിൽ സന്തോഷമുണ്ടെന്നും അന്നും തങ്ങൾ നിയമപരമായ രീതിയിലെ ഒരു ഭരണാധികാരിക്ക് അത് ചെയ്യാൻ സാധിക്കുകയുള്ളൂ എന്നുമാണ് ചൂണ്ടിക്കാട്ടിയത് എന്ന് പറഞ്ഞു.  നിയമപരമായി സാധ്യമല്ല എന്നറിഞ്ഞിട്ടും രാഷ്ട്രീയ യുദ്ധത്തിനായി എൽഡിഎഫ് അന്ന് ഈ വിഷയം ഉപയോഗിച്ചുവെങ്കിൽ ഇന്ന് നിയമപരമായി സാധിക്കുമെങ്കിൽ മാത്രം സ്റ്റാൻഡ് അനുവദിക്കാൻ നഗര വികസന മുന്നണി ചെയർമാൻ ബിജു പാലൂപ്പടവൻ പറഞ്ഞത് തങ്ങളുടെ അന്നത്തെ വാദത്തെ സത്യമാണെന്ന് സാധൂകരിക്കുന്നതാണെന്നും ബിനു പുളിക്കണ്ടം ചൂണ്ടിക്കാട്ടി. അന്ന് ദിയ ബിനു എടുത്ത തീരുമാനം ശരിയായിരുന്നു എന്ന് അത്തെതിർത്തവർ ഇന്ന് പറയുന്നതിൽ സന്തോഷമുണ്ടെന്നും ബിനു പുളിക്ക കണ്ടം പറഞ്ഞു. കോടതിവിധിയുണ്ടായിട്ടും ഓട്ടോക്കാരെ അവിടെനിന്ന് നീക്കം ചെയ്യാൻ ദിയ ബിനു ചെയർപേഴ്സൺ ആയിരുന്ന ഭരണസമിതി ശ്രമിച്ചില്ല എന്നതും ബിനു പുളിക്കകണ്ടം ഓർമിപ്പിച്ചു.

അന്നും തന്നെ സമീപിച്ച ഓട്ടോക്കാരോട് നിയമപരമായി അത് ബുദ്ധിമുട്ടാണ് എന്ന് തന്നെയാണ് താൻ പറഞ്ഞരുതെന്ന് ബിജു പാലുപ്പടവൻ സഭയിൽ പറഞ്ഞു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments