11 സഹോദരങ്ങളുടെ 'വല്യച്ചായന്‍'; പാലായുടെ മണ്ണിലും സ്‌നേഹബന്ധം കാത്തുവെച്ച സമാധാനപ്രവാചകന്‍




സുനില്‍ പാലാ

സഭയുടെ ഉന്നതസ്ഥാനങ്ങളില്‍ എത്തിയപ്പോഴും നാടിനെയും കുടുംബത്തെയും സൗഹൃദങ്ങളെയും മറക്കാത്ത മനുഷ്യന്‍;  12 സഹോദരങ്ങളുടെ കുടുംബത്തിലെ മൂത്തയാളായ ഗുവാഹത്തി മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ തോമസ് മേനാംപറമ്പിലിനെ വീട്ടുകാര്‍ വിളിച്ചിരുന്നത് 'വല്യച്ചായന്‍ ' എന്നായിരുന്നു. കൂട്ടുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും 'ഇന്നസെന്റ് ' എന്ന പേരില്‍ പരിചിതനായിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് നാട്ടിലെ സൗഹൃദവൃത്തങ്ങളിലും വലിയ വേദനയായി.
സഹോദരങ്ങളില്‍ ഏറ്റവും മൂത്തയാളായ ഇന്നസെന്റിന് കുടുംബത്തിലെ എല്ലാവരുടെയും സ്‌നേഹവും കരുതലും ഒരുപോലെ ലഭിച്ചിരുന്നു. സഭയുടെ വലിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ജീവിതം സമര്‍പ്പിച്ചപ്പോഴും കുടുംബബന്ധങ്ങളുടെ ഊഷ്മളത കൈവിടാതെ കാത്തുസൂക്ഷിച്ചു. പ്രിയപ്പെട്ട അനുജന്‍ അലക്‌സ് മേനാംപറമ്പിലിന്റെ അപ്രതീക്ഷിത വേര്‍പാടിനെ തുടര്‍ന്ന് രണ്ടുമാസം മുമ്പാണ് ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അദ്ദേഹം അവസാനമായി നാട്ടിലെത്തിയത്.

നാട്ടിലെത്തുന്ന സന്ദര്‍ഭങ്ങളിലെല്ലാം അലക്‌സായിരുന്നു പലപ്പോഴും അദ്ദേഹത്തിന്റെ യാത്രകളിലെ കൂട്ടാളി. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുന്നതിനൊപ്പം സമീപത്തെ കടപ്പാട്ടൂര്‍ ക്ഷേത്രത്തിലും അദ്ദേഹം എത്താറുണ്ടായിരുന്നു. ക്ഷേത്ര ഭാരവാഹികളുമായി സൗഹൃദ സംഭാഷണങ്ങള്‍ നടത്തുകയും മതത്തിന്റെ അതിരുകള്‍ക്കപ്പുറം മനുഷ്യബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്തിരുന്ന അദ്ദേഹത്തിന്റെ സാന്നിധ്യം നാട്ടുകാര്‍ക്ക് എന്നും ഓര്‍മകളില്‍ നിറയുന്ന ഒന്നാണ്.

മതസൗഹാര്‍ദത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവാഹകനായിരുന്നു മാര്‍ തോമസ് മേനാംപറമ്പില്‍. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഗോത്രവിഭാഗങ്ങളും ജനവിഭാഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷങ്ങളില്‍ സമാധാനത്തിനും അനുരഞ്ജനത്തിനുമായി മധ്യസ്ഥശ്രമങ്ങള്‍ നടത്തിയ അദ്ദേഹം സര്‍ക്കാരുകളുടെയും വിവിധ വിഭാഗങ്ങളുടെയും ഇടയില്‍ വിശ്വാസ്യതയുള്ള ശബ്ദമായി മാറി. 2011ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അദ്ദേഹത്തിന്റെ പേര് ശുപാര്‍ശ ചെയ്യപ്പെട്ടതും ഈ പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായിരുന്നു.
എഴുത്തിലും അസാധാരണമായ സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ അവസാന കാലത്തും ചിന്തയുടെയും എഴുത്തിന്റെയും ലോകത്ത് സജീവമായിരുന്ന മാര്‍ തോമസ് മേനാംപറമ്പില്‍ കഴിഞ്ഞ വര്‍ഷവും ഒരു പുസ്തകം രചിച്ചു. ഇതുവരെ ഇരുനൂറോളം  പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ സാഹിത്യജീവിതവും ആത്മീയ യാത്രയും ഒരുപോലെ ശ്രദ്ധേയമാണ്.

സഭയുടെ വലിയ പദവികളിലും അന്താരാഷ്ട്ര അംഗീകാരങ്ങളിലും എത്തിയപ്പോഴും നാട്ടിലെ ക്ഷേത്രമുറ്റത്തും കുടുംബസംഗമങ്ങളിലും സൗഹൃദങ്ങളുടെ ഇടയിലും ഒരുപോലെ സ്വാഭാവികമായി ഇടപെട്ടിരുന്ന 'വല്യച്ചായന്‍' ഇനി ഓര്‍മ. പാലായുടെ മണ്ണില്‍ സ്‌നേഹവും സൗഹാര്‍ദവും പങ്കുവെച്ച ആ മനുഷ്യന്റെ ജീവിതം മതങ്ങള്‍ക്കപ്പുറം മനുഷ്യരെ ചേര്‍ത്തുനിര്‍ത്തിയ ഒരു സന്ദേശമായി നിലനില്‍ക്കും.

മാര്‍ തോമസ് മേനാമ്പറമ്പിലിന്റെ നിര്യാണത്തില്‍ മന്ത്രി മോന്‍സ് ജോസഫ് , എം.പി. മാരായ ജോസ് കെ മാണി, ഫ്രാന്‍സീസ് ജോര്‍ജ് , മാണി സി കാപ്പന്‍ എം എല്‍ എ , പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍, കൗണ്‍സിലര്‍ ബിജു പാലൂപ്പടവില്‍ , തുടങ്ങിയവര്‍ അനുശോചിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments