പാലായിൽ ബ്രില്ലിയന്റിന്റെ അത്യാധുനിക കമ്പ്യൂട്ടർ ലാബ് തുറന്നു.....ഒരേസമയം 500 വിദ്യാർഥികൾക്ക് ഓൺലൈൻ പരീക്ഷ എഴുതാം; പാലായിൽ മൂന്നാമത്തെ ബൃഹത്തായ ലാബും പ്രവർത്തനസജ്ജം
ദേശീയതല എൻട്രൻസ് പരീക്ഷകൾക്ക് വിദ്യാർഥികളെ കൂടുതൽ മികവോടെ സജ്ജരാക്കുന്നതിന്റെ ഭാഗമായി പാലാ ബ്രില്ലിയന്റ് സ്റ്റഡി സെന്ററിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കമ്പ്യൂട്ടർ ലാബ് പ്രവർത്തനമാരംഭിച്ചു. പാലാ ബൈപാസ് റോഡിനു സമീപം ആർ.വി. ജംക്ഷനിൽ സജ്ജീകരിച്ച ലാബിന്റെ ഉദ്ഘാടനം ജോസ് കെ. മാണി എം.പി. നിർവഹിച്ചു.
ഒരേസമയം അഞ്ഞൂറോളം വിദ്യാർഥികൾക്ക് ഇരുന്ന് ഓൺലൈൻ പരീക്ഷ എഴുതാൻ കഴിയുന്ന വിപുലമായ സൗകര്യങ്ങളാണ് പുതിയ ലാബിൽ ഒരുക്കിയിരിക്കുന്നത്. ഇതോടെ പാലായിൽ മാത്രം ബ്രില്ലിയന്റിന്റെ മൂന്ന് ബൃഹത്തായ കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തനസജ്ജമായി. ഇവയിൽ ഏറ്റവും പുതുതായി സജ്ജീകരിച്ച മൂന്നാമത്തെ ലാബാണിത്.
ജെ.ഇ.ഇ. മെയിൻ, ജെ.ഇ.ഇ. അഡ്വാൻസ്ഡ് തുടങ്ങിയ ദേശീയതല പ്രവേശന പരീക്ഷകൾ പൂർണമായും ഓൺലൈൻ സംവിധാനത്തിലൂടെയാണ് നടത്തുന്നത്. നീറ്റ് പരീക്ഷയും ഓൺലൈൻ രീതിയിലേക്ക് മാറാനുള്ള സാധ്യത കൂടി മുന്നിൽക്കണ്ടാണ് വിദ്യാർഥികൾക്ക് ആധുനിക സാങ്കേതിക സൗകര്യങ്ങളോടെയുള്ള പരിശീലനം ഉറപ്പാക്കാൻ ബ്രില്ലിയന്റ് പുതിയ ലാബ് ഒരുക്കിയിരിക്കുന്നത്.
കൃത്യമായ ഓൺലൈൻ പരീക്ഷാ പരിശീലനം വിദ്യാർഥികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനൊപ്പം മികച്ച വിജയം കൈവരിക്കാനും സഹായിക്കുമെന്ന് ലാബ് ഉദ്ഘാടനം ചെയ്തുകൊണ്ട് ജോസ് കെ. മാണി എം.പി. പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് വിദ്യാർഥികൾക്ക് മികച്ച പഠന-പരിശീലന സൗകര്യങ്ങൾ ഒരുക്കുന്ന ബ്രില്ലിയന്റിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബ്രില്ലിയന്റ് ഡയറക്ടർമാരായ ജോർജ് തോമസ്, സ്റ്റീഫൻ ജോസഫ്, സന്തോഷ് കുമാർ, സെബാസ്റ്റ്യൻ ജി. മാത്യു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. റവ. ഫാ. ജോർജ് തരപ്പേലും റവ. ഫാ. ഡോ. മാത്യു പുന്നത്താനത്തുകുന്നേലും ചേർന്ന് വെഞ്ചരിപ്പ് കർമം നിർവഹിച്ചു.
പാലാ നഗരസഭാ വൈസ് ചെയർമാൻ ബിജു മാത്യൂസ്, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൂബി ജോർജ്, വൈസ് പ്രസിഡന്റ് രാജൻ മുണ്ടമറ്റം, തങ്കച്ചൻ മണ്ണൂശ്ശേരിൽ, ടോബിൻ കെ. അലക്സ്, എബി ജെ. ജോസ് എന്നിവർ പ്രസംഗിച്ചു. അധ്യാപകരും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.
പുതിയ ലാബ് പ്രവർത്തനസജ്ജമായതോടെ ദേശീയതല പ്രവേശന പരീക്ഷകൾക്ക് ആധുനിക സംവിധാനങ്ങളിൽ പരിശീലനം നേടാനും കൂടുതൽ ആത്മവിശ്വാസത്തോടെ പരീക്ഷകളെ നേരിടാനും വിദ്യാർഥികൾക്ക് അവസരമൊരുങ്ങുമെന്ന് ബ്രില്ലിയന്റ് അധികൃതർ അറിയിച്ചു.
70 12 23 03 34



0 Comments