സംസ്ഥാന ജലഗതാഗത വകുപ്പിലെ ജീവനക്കാരുടെ സ്ഥാനക്കയറ്റം അനിശ്ചിതത്വത്തിൽ.



 സംസ്ഥാന ജലഗതാഗത വകുപ്പിലെ ജീവനക്കാരുടെ സ്ഥാനക്കയറ്റം അനിശ്ചിതത്വത്തിൽ.  സീനിയോറിറ്റി ലിസ്റ്റിലെ അപാകതകൾ പരിഹരിക്കുന്നതിൽ ഗതാഗത സെക്രട്ടേറിയറ്റിൻ്റെ ഭാഗത്തു നിന്നും വീഴ്ച വരുത്തുന്നതായി സ്രാങ്ക് അസോസിയേഷൻ കുറ്റപ്പെടുത്തി. 

 സംസ്ഥാന ജലഗതാഗത വകുപ്പിലെ സബോർഡിനേറ്റ് ജീവനക്കാരുടെ സ്പെഷ്യൽ റൂൾ ഭേദഗതി 18 വർഷങ്ങൾക്കുശേഷമാണ് നടപ്പിലാക്കിയത്. എന്നാൽ, റേഷ്യോ പ്രമോഷൻ വ്യവസ്ഥകൾ അട്ടിമറിച്ച് സംയോജിത സീനിയോറിറ്റി (Combined Seniority) നടപ്പിലാക്കിയതോടെ വകുപ്പിലെ സീനിയർ ജീവനക്കാർ ജൂനിയർമാരാകുകയും ജൂനിയർ ജീവനക്കാർ സീനിയർമാരാകുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിൽ സംഭവിച്ചിരിക്കുന്നതെന്ന് സംഘടന ആരോപിക്കുന്നു. 


 സംയോജിത സീനിയോറിറ്റി ലിസ്റ്റിലെ അപാകതകൾ ചൂണ്ടിക്കാട്ടി വകുപ്പിലെ ഒരു വിഭാഗം ജീവനക്കാർ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സീനിയോറിറ്റി ലിസ്റ്റിലെ അപാകതകൾ അടിയന്തരമായി പരിഹരിച്ച് പുതിയ ലിസ്റ്റ് തയ്യാറാക്കാൻ ഗതാഗത വകുപ്പിന് നിർദേശം നൽകിയിരുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്. എന്നാൽ, അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻ്റെ നിർദ്ദേശത്തിൽ ഇതുവരെ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നാണ് ജീവനക്കാരുടെ ആരോപണം.  


 ട്രൈബ്യൂണലിന്റെ നിർദേശങ്ങൾ നടപ്പിലാക്കുന്നതിലെ കാലതാമസം മൂലം ആറുമാസം മുമ്പ് സ്ഥാനക്കയറ്റം ലഭിക്കേണ്ട ജീവനക്കാർക്ക് പോലും ഇതുവരെ പ്രമോഷൻ ലഭിക്കാത്ത സാഹചര്യമാണുള്ളത്. ജലഗതാഗത വകുപ്പിൽ സ്രാങ്ക്, ഡ്രൈവർ തുടങ്ങിയ തസ്തികകളിലേക്ക് 18 വർഷങ്ങൾക്കുശേഷമാണ് സ്ഥാനക്കയറ്റത്തിന് അവസരം ലഭിച്ചത്. ഈ സാഹചര്യത്തിലും സീനിയോറിറ്റി ലിസ്റ്റിലെ അപാകതകൾ പരിഹരിക്കാത്തത് ജീവനക്കാരുടെ സ്ഥാനക്കയറ്റം തടസ്സപ്പെടുത്തുകയും അവരുടെ തൊഴിൽപരമായ അവകാശങ്ങളെ ബാധിക്കുകയും ചെയ്യുന്നതായി സ്രാങ്ക് അസോസിയേഷൻ ചൂണ്ടിക്കാട്ടി. 


 അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നിർദേശങ്ങൾ അടിയന്തരമായി നടപ്പിലാക്കി സീനിയോറിറ്റി ലിസ്റ്റിലെ അപാകതകൾ പരിഹരിക്കണമെന്നും അർഹരായ ജീവനക്കാർക്ക് സ്ഥാനക്കയറ്റം അനുവദിക്കണമെന്നും സ്രാങ്ക് അസോസിയേഷൻ ആവശ്യപ്പെട്ടു. നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും അസോസിയേഷൻ ഭാരവാഹികളായ പ്രസിഡന്റ് സരീഷ് എൻ. കെ., ജനറൽ സെക്രട്ടറി ആദർശ് സി. ടി., ട്രഷറർ മധുക്കുട്ടൻ എം. സി. എന്നിവർ അറിയിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments