തിരുവനന്തപുരം പാങ്ങപ്പാറയിലെ പതിനേഴുകാരന്റെ കൊലപാതകത്തില്‍ കസ്റ്റഡിയിലുള്ള പതിനേഴുകാരന് കുറ്റം സമ്മതിച്ചു. അഭിറാമിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് മൊഴി.
ഓടി രക്ഷപ്പെടാന്‍ അഭിറാം ശ്രമിച്ചപ്പോള്‍ കല്ലുകൊണ്ട് തലയ്ക്കിടിച്ച് വീഴ്ത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് അഭിറാമിനെ പ്രതി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുന്നത്. താന്‍ ഒറ്റയ്ക്കാണ് എല്ലാം ചെയ്തതെന്നും പ്രതിയായ 17 കാരന് മൊഴി നല്‍കിയിട്ടുണ്ട്.
കൊലപാതകം നടത്തിയ ശേഷം കാപ്പാ കേസ് പ്രതി കൂടിയായ ഉമറിനെ വിളിച്ചുവരുത്തുകയായിരുന്നുവെന്നും 17കാരൻ പറയുന്നു.
എന്നാല്‍ സംഭവത്തില്‍ പൊലീസിന് വീഴ്ചയുണ്ടെന്ന വിമര്‍ശനവും ശക്തമാകുകയാണ്. തിങ്കളാഴ്ച അഭിറാമിനെ കാണാന്‍ ഇല്ലെന്ന പരാതി ലഭിച്ചിട്ടും പൊലീസ് കൃത്യമായ അന്വേഷണം നടത്തിയില്ലെന്നാണ് കുടുംബം ഉയര്‍ത്തുന്ന ആരോപണം.
അപ്പോള്‍ തന്നെ അന്വേഷണം ശക്തമാക്കിയിരുന്നെങ്കില്‍ ഇത്തരത്തില്‍ കൊലപാതകത്തിലേക്ക് കാര്യങ്ങള്‍ പോകുമായിരുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്.
കേസിൽ കസ്റ്റഡിയിലുള്ള പെണ്‍കുട്ടിയുടെ പങ്കിലും അന്വേഷണം തുടരുകയാണ്. കൊലപാതകം ആസൂത്രിതമെന്ന കണ്ടെത്തലിലാണ് പൊലീസ്.
കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം. പരുത്തിപ്പാറ എന്‍എസ്എസ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥി അഭിരാമിനെയല്ല കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചതെന്നും, മറ്റൊരു കുട്ടിയെ അഭിരാം വഴി വിളിച്ചുവരുത്താനാണ് ശ്രമിച്ചതെന്നും 17കാരന് തെളിവെടുപ്പിനിടെ വെളിപ്പെടുത്തിയിരുന്നു.
അഭിരാമുമായി വാക്കു തര്‍ക്കം ഉണ്ടാവുകയും കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പ്രതിയായ 17 കാരന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. നിലവില്‍ മൂന്നു പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
70 12 23 03 34




0 Comments