കുറുമണ്ണില്‍ കൈത്തോട് നികത്തി സ്ലാബിട്ട് പൈപ്പിട്ടു; അനധികൃത നിര്‍മാണം പൊളിച്ചുനീക്കി പഞ്ചായത്ത്



കുറുമണ്ണ് - പയസ് മൗണ്ട് പിഡബ്ല്യുഡി റോഡരികില്‍ സ്വകാര്യ വ്യക്തികള്‍ കൈത്തോട് നികത്തി സ്ലാബിട്ട് പൈപ്പ് സ്ഥാപിച്ച് നടത്തിയ അനധികൃത നിര്‍മാണം പഞ്ചായത്ത് അധികൃതര്‍ പൊളിച്ചുനീക്കി. 

ഇന്നലെ ഉച്ചകഴിഞ്ഞ് പൊലീസിന്റെയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിച്ചത്.

റോഡരികിലെ കൈത്തോട് നികത്തി അതിനു മുകളില്‍ സ്ലാബിട്ട് അടിയില്‍ പൈപ്പ് സ്ഥാപിച്ചായിരുന്നു സ്വകാര്യ വ്യക്തികള്‍ വഴിയുണ്ടാക്കിയത്. എന്നാല്‍ കൈത്തോട്ടിലൂടെ ഒഴുകിയെത്തുന്ന വെള്ളം സ്ലാബിനടിയില്‍ സ്ഥാപിച്ച പൈപ്പില്‍ തടസ്സപ്പെടുകയും റോഡിലേക്ക് കവിഞ്ഞൊഴുകുകയും ചെയ്തതോടെ റോഡിന് കേടുപാടുകള്‍ സംഭവിക്കുന്നതായി പരാതി ഉയര്‍ന്നു. വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുന്നത് റോഡിന്റെ സുരക്ഷയ്ക്കും നിലനില്‍പ്പിനും ഭീഷണിയാകുന്ന സാഹചര്യമുണ്ടായി.
ഇതേത്തുടര്‍ന്ന് അനധികൃത നിര്‍മാണം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് സ്വകാര്യ വ്യക്തികള്‍ക്ക് പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്‍കി. എന്നാല്‍ നോട്ടീസ് അവഗണിച്ചതോടെ നിര്‍മാണം നീക്കാന്‍ വീണ്ടും നോട്ടീസ് നല്‍കി. രണ്ടാമത്തെ നോട്ടീസിനും അനുകൂല നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പഞ്ചായത്ത് നേരിട്ട് ഇടപെട്ടത്.

പൊലീസിന്റെയും പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അനധികൃതമായി നിര്‍മിച്ച സ്ലാബും പൈപ്പ് സംവിധാനവും പൊളിച്ചുനീക്കുകയായിരുന്നു.

പഞ്ചായത്ത് പ്രസിഡന്റ് ലാലി സണ്ണി, മെമ്പര്‍മാരായ സജിമോന്‍ കുഞ്ഞപ്പന്‍, സ്‌നേഹ തോമസ് എന്നിവരും സ്ഥലത്തെത്തി നടപടികള്‍ക്ക് നേതൃത്വം നല്‍കി.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments