ശബരിമല തീര്‍ത്ഥാടകരെ വഴിതെറ്റിച്ച് പാലായിലെ ദിശാസൂചികകള്‍; അയ്യപ്പഭക്തര്‍ റോഡുകളില്‍ കുടുങ്ങുന്നു



സുനില്‍ പാലാ

ശബരിമല തീര്‍ത്ഥാടനകാലം ആരംഭിച്ചതോടെ പാലാ മേഖലയിലൂടെ കടന്നുപോകുന്ന അയ്യപ്പഭക്തര്‍ ദിശയറിയാതെ വലയുന്നു. 

ഇതര സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് റോഡുകളും വഴികളും പരിചിതമല്ലാത്ത സാഹചര്യത്തില്‍ പ്രധാന ജംഗ്ഷനുകളിലും ഹൈവേകളിലും സ്ഥാപിച്ചിട്ടുള്ള ദിശാസൂചികകള്‍ വ്യക്തമല്ലാത്തത് യാത്രാക്ലേശം വര്‍ധിപ്പിക്കുകയാണ്.

പല ദിശാസൂചികകളും തകര്‍ന്നും അക്ഷരങ്ങള്‍ മാഞ്ഞും ദിശകള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലുമാണ്. പ്രശ്‌നത്തില്‍ പൊതുമരാമത്ത് വകുപ്പും ബന്ധപ്പെട്ട അധികൃതരും അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

പാലാ സെന്റ് തോമസ് സ്‌കൂളിന് സമീപം ഉള്‍പ്പെടെ പിഡബ്ല്യുഡിയുടെ കീഴിലുള്ള നിരവധി ദിശാസൂചികാ ബോര്‍ഡുകള്‍ അക്ഷരങ്ങള്‍ അടര്‍ന്നും മാഞ്ഞും വായിക്കാന്‍ കഴിയാത്ത നിലയിലാണ്. പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍ ദൂരത്തുനിന്ന് വ്യക്തമായി കാണാന്‍ കഴിയാത്തതും തീര്‍ത്ഥാടകരെ പ്രതിസന്ധിയിലാക്കുന്നു. അപരിചിതമായ റോഡുകളിലൂടെ സഞ്ചരിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് അവസാന നിമിഷം ദിശ തിരിച്ചറിയേണ്ടിവരുന്നത് ഗതാഗതക്കുരുക്കിനും വഴിതെറ്റലിനും കാരണമാകുന്നു.

പാലാ മേഖലയിലൂടെ കടന്നുപോകുന്ന തീര്‍ത്ഥാടകര്‍ക്ക് കടപ്പാട്ടൂര്‍, രാമപുരം, മരങ്ങാട്ടുപള്ളി തുടങ്ങിയ ഭാഗങ്ങളില്‍നിന്ന് പൊന്‍കുന്നം, എരുമേലി റൂട്ടിലേക്ക് പ്രവേശിക്കേണ്ടതുണ്ട്. എന്നാല്‍ കൃത്യമായ ദിശാസൂചികകളില്ലാത്തതിനാല്‍ പല വാഹനങ്ങളും ഇടുങ്ങിയ ടൗണ്‍ റോഡുകളിലേക്കും തിരക്കേറിയ ജംഗ്ഷനുകളിലേക്കും പ്രവേശിക്കുന്നു. പിന്നീട് വഴി കണ്ടെത്തി തിരിച്ചുപോകുന്നതിനും പ്രധാന പാതയിലേക്ക് മടങ്ങിയെത്തുന്നതിനും മണിക്കൂറുകളോളം ബുദ്ധിമുട്ടേണ്ട സാഹചര്യമുണ്ടാകുന്നു.


പൊലീസ് വകുപ്പിന്റെ ഭാഗത്തുനിന്ന് ചെറിയ ദിശാസൂചികാ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ദൂരത്തുനിന്ന് വേഗത്തിലെത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ഇവ പെട്ടെന്ന് ശ്രദ്ധയില്‍പ്പെടുന്നില്ല. പ്രധാന ജംഗ്ഷനുകള്‍ക്ക് മുന്‍പായി മതിയായ അകലത്തില്‍ വലിയതും വ്യക്തവുമായ ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.


ശബരിമല തീര്‍ത്ഥാടകരെ വലയ്ക്കരുത്

ശബരിമല തീര്‍ത്ഥാടകരെ വലയ്ക്കരുത്. അയ്യപ്പന്‍മാരുടെ യാത്ര സുഗമമാക്കാന്‍ പാലാ മേഖലയിലെ പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും വലിയതും വ്യക്തവുമായ ദിശാസൂചികകള്‍ അടിയന്തരമായി സ്ഥാപിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു.  ഇതിനായി പൊലീസ്, പൊതുമരാമത്ത് വകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവ ഏകോപിതമായി പ്രവര്‍ത്തിക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് പൊന്‍കുന്നം ജില്ലാ പ്രസിഡന്റ് ടി.ജി. അനില്‍ നാഥ് ആവശ്യപ്പെട്ടു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments