കളക്ടറുടെ തീരുമാനത്തിന് പുല്ലുവില......
നഗരസഭാ ഭരണ നേതൃത്വത്തിന് ഇരട്ടത്താപ്പെന്ന് മാണി സി. കാപ്പൻ എം എൽ എ ....... കയ്യേറ്റക്കാരെ ഒഴിപ്പിക്കാനുള്ള ഉത്തരവാദിത്വം നഗരസഭയ്ക്ക് ...... ആശുപത്രി വികസന സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ച് ഒരു തീരുമാനം എടുത്തിട്ട് നഗരസഭാ യോഗത്തിൽ നേരേ എതിരായി മറ്റൊരു തീരുമാനം എടുക്കുന്നതിലെ യുക്തി മനസ്സിലാകുന്നില്ലെന്നും എം എൽ എ
സ്വന്തം ലേഖകൻ
കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ നടപ്പാക്കണമെന്ന് ആശുപത്രി വികസന സമിതിയിൽ തീരുമാനിച്ച നഗരസഭാ അധികാരികൾ തന്നെ പിന്നീട് കയ്യേറ്റക്കാരെ ഒഴിപ്പിക്കേണ്ടതില്ലെന്ന നിലപാടുമായി രംഗത്തെത്തുന്നത് ഇരട്ടത്താപ്പാണെന്ന് മാണി സി. കാപ്പൻ എം.എൽ.എ. പ്രസ്താവനയിൽ കുറ്റപ്പെടുത്തി .
പാലാ നഗരസഭാ ഭരണനേതൃത്വത്തെ പേരെടുത്ത് പറയാതെ രൂക്ഷമായി വിമർശിച്ച എം.എൽ.എ., ജനറൽ ആശുപത്രി റോഡ് വികസനവുമായി ബന്ധപ്പെട്ട് അനാവശ്യ തടസ്സങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെയും ആഞ്ഞടിച്ചു. ജനറൽ ആശുപത്രി ജംഗ്ഷനിൽനിന്ന് ബൈപ്പാസിലേക്ക് രണ്ട് കോടി രൂപ ചെലവിൽ നിർമിക്കുന്ന റോഡ് ഡിസംബർ അഞ്ചിനകം ഗതാഗതയോഗ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
വീതിക്കുറവും വളവും തിരിവും കയറ്റവും കാരണം ജനറൽ ആശുപത്രിയിലേക്ക് ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ യാത്ര ദുഷ്കരമായ സാഹചര്യത്തിൽ റോഡ് നവീകരിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. റോഡ് പൂർണമായി വികസിപ്പിക്കുന്നതിന് 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നെങ്കിലും തന്റെ നിരന്തരമായ ഇടപെടലിന്റെയും സമ്മർദത്തിന്റെയും ഫലമായി ബജറ്റിൽ അനുവദിച്ച രണ്ട് കോടി രൂപ ഉപയോഗിച്ചാണ് നിലവിൽ ആശുപത്രിവരെയുള്ള ഭാഗത്ത് നിർമാണം നടത്തുന്നതെന്ന് എം.എൽ.എ പറഞ്ഞു.
നാടിന്റെ വികസനപ്രവർത്തനങ്ങളിൽ രാഷ്ട്രീയ വ്യത്യാസങ്ങൾ പാടില്ലെന്ന നിലപാടിലാണ് നിർമാണോദ്ഘാടനത്തിന് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രീയകക്ഷി നേതാക്കളെയും ക്ഷണിച്ചത്. എന്നാൽ ഇപ്പോൾ അവകാശവാദങ്ങൾ ഉന്നയിക്കുന്നവർ റോഡ് നിർമാണത്തിന് ഒരു തരത്തിലുള്ള സഹകരണവും നൽകിയിട്ടില്ല. വിവിധ തടസ്സങ്ങൾ തുടർച്ചയായി സൃഷ്ടിക്കപ്പെട്ടതാണ് 115 മീറ്റർ മാത്രം ദൈർഘ്യമുള്ള റോഡിന്റെ നിർമാണം നീണ്ടുപോകാൻ കാരണമായത്.
വീതി കൂട്ടലും സംരക്ഷണഭിത്തി നിർമാണവും പുരോഗമിക്കുന്നതിനിടെ രണ്ട് എൻജിനീയർമാരെ സ്ഥലംമാറ്റിയതടക്കമുള്ള പ്രശ്നങ്ങൾ പരിഹരിച്ചാണ് ഇപ്പോൾ നിർമാണം വേഗത്തിലാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ഭൂമി അനധികൃതമായി കൈയേറുന്നവർക്കെതിരെ വലുപ്പച്ചെറുപ്പം നോക്കാതെ നടപടി സ്വീകരിക്കണം. ഉപജീവനത്തിനായി ചെറിയ കച്ചവടം നടത്തുന്നവർ മാത്രം നടപടികളുടെ പേരിൽ ദുരിതത്തിലാകുകയും വൻകിട കൈയേറ്റക്കാർ സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം അംഗീകരിക്കാനാവില്ല. സർക്കാർ ഭൂമി കൈവശപ്പെടുത്തിയവരെ ഒഴിപ്പിക്കണമെന്ന കളക്ടറുടെ ഉത്തരവ് നടപ്പാക്കാൻ നഗരസഭാ അധികൃതർക്ക് ഉത്തരവാദിത്വമുണ്ട്. അതേസമയം, നഗരസഭ ലൈസൻസ് നൽകി കച്ചവടം നടത്താൻ അനുവദിച്ചവരുടെ പുനരധിവാസ ചുമതലയും നഗരസഭ ഏറ്റെടുക്കണം. അതിനായി നഗരസഭയ്ക്കുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
നഗരസഭാ ചെയർപേഴ്സൺ അധ്യക്ഷത വഹിച്ച ആശുപത്രി വികസന സമിതിയുടെ ഐകകണ്ഠ്യേനയുള്ള തീരുമാനങ്ങൾ നടപ്പാക്കേണ്ട ബാധ്യതയും നഗരസഭാ നേതൃത്വത്തിനുണ്ട്. കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ നടപ്പാക്കണമെന്ന് ആശുപത്രി വികസന സമിതിയിൽ തീരുമാനിച്ചവർ തന്നെ പിന്നീട് നഗരസഭാ ഓഫീസിൽ യോഗം ചേർന്ന് കൈയേറ്റക്കാരെ ഒഴിപ്പിക്കേണ്ടതില്ലെന്ന പ്രമേയം പാസാക്കിയത് ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യാത്രക്കാർക്കും വാഹനങ്ങൾക്കും തടസ്സമായിരുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്നതിന് വൈദ്യുതി വകുപ്പിൽ നാലര ലക്ഷം രൂപ അടച്ചിട്ടുണ്ട്. റോഡ് വികസനത്തിന് എം.എൽ.എ എന്ന നിലയിൽ ചെയ്യേണ്ട എല്ലാ കാര്യങ്ങളും നിർവഹിച്ചിട്ടുണ്ടെന്നും വികസന പ്രവർത്തനങ്ങൾക്ക് തുരങ്കംവയ്ക്കുന്നവരാണ് തെറ്റിദ്ധാരണ പരത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ജനറൽ ആശുപത്രി നഗരസഭയുടെ മേൽനോട്ടത്തിലുള്ള സ്ഥാപനമാണ്. അവിടെ എടുക്കുന്ന തീരുമാനങ്ങൾക്ക് വിരുദ്ധമായി ചില കടലാസ് സംഘടനകളുടെ ഭാരവാഹികൾ അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. രാഷ്ട്രീയം നാടിന്റെ നന്മയ്ക്കുവേണ്ടിയാകണം. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ആശ്രയമായ ജനറൽ ആശുപത്രിയുടെ വികസനത്തിന് സങ്കുചിത രാഷ്ട്രീയ ചിന്തകൾക്കതീതമായി പ്രവർത്തിക്കുമെന്നും വികസനത്തിന് തടസ്സം സൃഷ്ടിക്കുന്ന കടലാസ് പുലികൾ സമൂഹത്തിന് ബാധ്യതയാണെന്നും മാണി സി. കാപ്പൻ പറഞ്ഞു.
70 12 23 03 34



0 Comments