വലിയ തോട് മാലിന്യമുക്തമാക്കാന്‍ അടിയന്തര നടപടിക്ക് ശുപാര്‍ശ.....ശബരിമല തീര്‍ത്ഥാടനം; എരുമേലിക്കായി മാസ്റ്റര്‍ പ്ലാന്‍ വേണമെന്ന് നിയമസഭാ സമിതി


വലിയ തോട്  മാലിന്യമുക്തമാക്കാന്‍ അടിയന്തര നടപടിക്ക് ശുപാര്‍ശ.....ശബരിമല തീര്‍ത്ഥാടനം; എരുമേലിക്കായി മാസ്റ്റര്‍ പ്ലാന്‍ വേണമെന്ന് നിയമസഭാ സമിതി

 ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട്  ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനായി എരുമേലിക്കുവേണ്ടി പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കേണ്ടതുണ്ടെന്ന് സംസ്ഥാന നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി അഭിപ്രായപ്പെട്ടു. എരുമേലി വലിയ തോടിന്‍റെ മലിനീകരണ പ്രശ്നങ്ങള്‍ നേരില്‍ കണ്ട് വിലയിരുത്തിയശേഷം അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു സജീവ് ജോസഫ് എംഎല്‍എ അധ്യക്ഷനായുള്ള സമിതി.

വലിയ തോടിന്‍റെ ശുചീകരണവും അടിസ്ഥാന സൗകര്യ ക്രമീകരണങ്ങള്‍ക്കായി അനുവദിക്കുന്ന തുകയുടെ കൃത്യമായ വിനിയോഗവും വകുപ്പുകളുടെ ഏകോപനവും ഉറപ്പാക്കുന്നതിന് എരുമേലിയിലെ എക്സിക്യുട്ടീവ് മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്‍റെ നേതൃത്വത്തില്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും പ്രധാന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന  സമിതി രൂപീകരിക്കും. 

വലിയതോട്ടിലെ  മലിനീകരണം സമിതി നേരില്‍ കണ്ട് മനസിലാക്കി.  ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഉന്നയിച്ച വിഷയങ്ങള്‍ ഏറെ ഗൗരവമുള്ളവയാണ്. ഇതു സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. തോട് പൂര്‍ണമായും മാലിന്യമുക്തമാക്കുന്നതിന് അടിയന്തര നടപടി വേണം. മണ്ഡലകാലത്ത് എല്ലാ ദിവസവും ശുചികരണം നടത്തുന്നു എന്ന് ഉറപ്പാക്കണം- സജീവ് ജോസഫ് എം.എല്‍.എ പറഞ്ഞു.  

നിലവില്‍ ക്ഷേത്ര പരിസരത്തെ റോഡു ശുചീകരിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനം ഫലപ്രദമാണോ എന്നതു സംബന്ധിച്ച് പരിശോധന വേണം. തോടിന്‍റെ ശുചീകരണത്തിനായി ഈ ജോലിക്കാരെ നിയോഗിക്കണം. പ്രവര്‍ത്തനങ്ങളില്‍ എല്ലാ വകുപ്പുകളും സഹകരിക്കണം. എരുമേലിയില്‍ മാലിന്യ സംസ്കരണ പ്ലാന്‍റ് സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിക്കണം.  വലിയ തോടിന്‍റെ ഇരു കരകളിലുമുള്ള കയ്യേറ്റം ഒഴിപ്പിക്കുന്നതിന് സമയബന്ധിതമായ നടപടി വേണം. ഇക്കാര്യത്തില്‍ നിയമലംഘനങ്ങള്‍ക്കെതിരെ കണ്ണടയ്ക്കുന്ന സമീപനം പാടില്ല. 


മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഉള്‍പ്പെടെ എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് സമിതി ചൂണ്ടിക്കാട്ടി. മലിനീകരണ നിയന്ത്രണം ലക്ഷ്യമിട്ടുള്ള ബോധവത്കരണം ഊര്‍ജ്ജിതമാക്കണമെന്നും വലിയ തോട്ടില്‍ നിലവിലുള്ള മണ്‍തിട്ടകള്‍ നീക്കം ചെയ്യണമെന്നും സമിതി നിര്‍ദേശിച്ചു. 

ചെയര്‍മാന്‍ സജീവ് ജോസഫിനൊപ്പം സമിതി അംഗങ്ങളായ ചാണ്ടി ഉമ്മന്‍, എം.ജെ സൈബാസ്റ്റ്യന്‍, ഫൈസല്‍ ബാബു എന്നിവരും വലിയതോടും പരിസങ്ങളും സന്ദര്‍ശിക്കുകയും പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു.

റോണി കെ. ബേബി എംഎല്‍എ, ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, എരുമേലി എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് രമ്യ എസ്. നന്പൂതിരി, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളി സജീവ്, മറ്റു ജനപ്രതിനിധികള്‍,  മഹല്ലാ ജമാഅത്ത് പ്രസിഡന്‍റ് നാസര്‍ പനച്ചി, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്യാം കുമാര്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments