വിജ്ഞാനശാഖകളുടെ സംയോജനത്തിലൂടെ നവലോക സാധ്യതകൾ; NEXUS 2026 ദേശീയ സെമിനാറിന് അൽഫോൻസാ കോളേജിൽ തുടക്കം.
ഗണിതശാസ്ത്രം, സാമ്പത്തികശാസ്ത്രം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ് എന്നീ വിജ്ഞാനശാഖകളുടെ പരസ്പരബന്ധവും സമകാലിക ലോകത്തെ അവയുടെ പ്രയോഗസാധ്യതകളും ചർച്ച ചെയ്യുന്ന ദ്വിദിന ദേശീയ സെമിനാർ 'NEXUS 2026' ന് അൽഫോൻസാ കോളേജ് പാലായിൽ തുടക്കമായി. കോളേജിലെ സാമ്പത്തികശാസ്ത്ര വിഭാഗവും ഗണിതശാസ്ത്ര വിഭാഗവും സംയുക്തമായാണ് ദേശീയ സെമിനാർ സംഘടിപ്പിക്കുന്നത്.
മഹാത്മാഗാന്ധി സർവകലാശാല, സ്കൂൾ ഓഫ് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡാറ്റ അനലിറ്റിക്സ് ഡയറക്ടർ ഡോ. കെ. കെ. ജോസ് സെമിനാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിസ്റ്റർ മിനിമോൾ മാത്യു അധ്യക്ഷത വഹിച്ചു. ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി, ബെംഗളൂരുവിലെ ഗണിതശാസ്ത്ര-കമ്പ്യൂട്ടർ സയൻസ് വിഭാഗം അസോസിയേറ്റ് പ്രൊഫസറും സൈബർ സെക്യൂരിറ്റി ആൻഡ് ഡിജിറ്റൽ ട്വിൻ ടെക്നോളജീസ് റിസർച്ച് സെന്ററിലെ റിസർച്ച് അസോസിയേറ്റുമായ ഡോ. ടെസ്സി ടോം മുഖ്യപ്രഭാഷണം നടത്തി.
ഉദ്ഘാടന പ്രസംഗത്തിൽ ഗണിതശാസ്ത്രം, സാമ്പത്തികശാസ്ത്രം, ഡാറ്റാ അനലിറ്റിക്സ് എന്നീ മേഖലകളുടെ പരസ്പരബന്ധവും അവയുടെ സംയോജനത്തിലൂടെ രൂപപ്പെടുന്ന പുതിയ സാധ്യതകളെ കുറിച്ചും ഡോ. കെ. കെ. ജോസ് വിശദീകരിച്ചു. ഓരോ വിജ്ഞാനശാഖയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ടെന്നും അവയെ ഏകോപിപ്പിച്ചുള്ള അറിവിന്റെ പ്രയോഗം ഗവേഷണത്തിനും സാങ്കേതിക മുന്നേറ്റങ്ങൾക്കും പുതിയ ദിശകൾ നൽകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ച തൊഴിൽ നഷ്ടത്തിന് കാരണമാകുമെന്ന ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും, പുതിയ സാങ്കേതികവിദ്യകൾ കൂടുതൽ തൊഴിലവസരങ്ങളും പുതിയ തൊഴിൽമേഖലകളും സൃഷ്ടിക്കാനുള്ള സാധ്യതകളാണ് തുറക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാറുന്ന സാങ്കേതിക സാഹചര്യങ്ങൾക്കനുസരിച്ച് അറിവും നൈപുണ്യവും വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓർമ്മിപ്പിച്ചു.
മുഖ്യപ്രഭാഷണത്തിൽ ഡോ. ടെസ്സി ടോം ഗണിതശാസ്ത്രത്തെ മനുഷ്യജീവിതത്തിന്റെ അനുഭവങ്ങളോടും സമഗ്രമായ പുരോഗതിയോടും ബന്ധപ്പെടുത്തി വ്യത്യസ്തമായ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചു. 'Mathematics of Human Flourishing' എന്ന ആശയത്തിലൂടെ മനുഷ്യജീവിതത്തിന്റെ വളർച്ചയിലും ക്ഷേമത്തിലും ഗണിതശാസ്ത്രത്തിനുള്ള പങ്ക് അവർ വിശദീകരിച്ചു. 'Every pain cries silently to be read differently' എന്ന ആശയം പങ്കുവെച്ചുകൊണ്ട് മനുഷ്യരുടെ ജീവിതാനുഭവങ്ങളെയും വേദനകളെയും വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെ മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യവും അവർ വ്യക്തമാക്കി. സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നുള്ള ഉദാഹരണങ്ങളിലൂടെ ഗണിതശാസ്ത്രത്തിന്റെ പ്രാധാന്യവും അത് മനുഷ്യജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നുവെന്നും അവർ അവതരിപ്പിച്ചത് പ്രഭാഷണത്തിന് സവിശേഷത നൽകി.
ഗണിതശാസ്ത്ര വിഭാഗം മേധാവിയും സെമിനാർ കൺവീനറുമായ ഡോ. സിസ്റ്റർ സോണിയ കെ. തോമസ് സ്വാഗതം ആശംസിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിസ്റ്റർ മിനിമോൾ മാത്യു അധ്യക്ഷപ്രസംഗത്തിൽ സെമിനാറിന്റെ അക്കാദമിക പ്രസക്തി എടുത്തുപറഞ്ഞുകൊണ്ട് വിദ്യാർത്ഥികളെയും ഗവേഷകരെയും പുതിയ അറിവുകളും സാധ്യതകളും കണ്ടെത്തുന്നതിനായി പ്രോത്സാഹിപ്പിച്ചു.
കോളേജ് ബർസാറും റവ. ഫാ. കുര്യാക്കോസ് വെള്ളച്ചാലിലും ആശംസാപ്രസംഗം നടത്തി. സെമിനാർ കേവലം അക്കാദമിക ചർച്ചകളിൽ അവസാനിക്കാതെ സമൂഹത്തിന് പ്രയോജനകരമായ ഫലങ്ങളിലേക്ക് നയിക്കണമെന്നും സമ്മേളനത്തിലൂടെ രൂപപ്പെടുന്ന ആശയങ്ങൾ സാമൂഹിക പുരോഗതിക്ക് സഹായകമാകണമെന്നും അദ്ദേഹം ആശംസിച്ചു. സെമിനാർ സംഘടിപ്പിച്ച സാമ്പത്തികശാസ്ത്ര, ഗണിതശാസ്ത്ര വിഭാഗങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. സാമ്പത്തികശാസ്ത്ര വിഭാഗം മേധാവിയും സെമിനാർ കോ-കൺവീനറുമായ സ്മിത ക്ലാരി ജോസഫ് നന്ദി രേഖപ്പെടുത്തി.
നവംബർ 19, 20 തീയതികളിലായി നടക്കുന്ന NEXUS 2026-ൽ ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളം, വി.ഐ.ടി.- ആന്ധ്രാപ്രദേശ്., ഐ.ഐ.ഐ.ടി. കോട്ടയം, മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സ് തുടങ്ങിയ പ്രമുഖ അക്കാദമിക സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, സാമ്പത്തിക വിശകലനം, ഡാറ്റാ അധിഷ്ഠിത തീരുമാനമെടുക്കൽ, നൂതന ഗവേഷണ രീതികൾ തുടങ്ങിയ വിഷയങ്ങളാണ് സെമിനാറിൽ ചർച്ച ചെയ്യുന്നത്.
ദേശീയ സെമിനാറിന്റെ ഭാഗമായി ഗവേഷണ പ്രബന്ധാവതരണങ്ങൾക്കും അക്കാദമിക സംവാദങ്ങൾക്കും അവസരമൊരുക്കിയിട്ടുണ്ട്. അധ്യാപകർ, ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവർക്ക് വിവിധ വിജ്ഞാനശാഖകളിലെ പുതിയ അറിവുകളും ഗവേഷണ സാധ്യതകളും പങ്കുവെക്കുന്നതിനും അക്കാദമിക സഹകരണം ശക്തിപ്പെടുത്തുന്നതിനും NEXUS 2026 വേദിയൊരുക്കുന്നു. നവംബർ 20-ന് സെമിനാർ സമാപിക്കും.
70 12 23 03 34


0 Comments