സ്വന്തം ലേഖകൻ
ഗതാഗത ഉപദേശക സമിതി യോഗം ഇന്ന് ചേരാനിരിക്കെ ഇന്നലെയും അപകടം. അരുണാപുരം മരിയന്‍ ജംഗ്ഷനില്‍ ഇന്നലെ രാവിലെ 9.30 ഓടെയാണ് അപകടം ഉണ്ടായത്.
കെ.എസ്.ആര്‍.ടി.സി. ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ കോടിമത സ്വദേശി കുളങ്ങന്‍ചിറ സാജന് (45) സാരമായി പരിക്കേറ്റു.
മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണത്തിനായി പാലായിലേക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്. കോട്ടയം ഭാഗത്തേക്ക് പോയ കെ.എസ്.ആര്‍.ടി.സി. ബസാണ് ഓട്ടോറിക്ഷയില്‍ ഇടിച്ചത്. സാജനെ പരിക്കുകളോടെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരിയന്‍ ജംഗ്ഷനില്‍ ഇതേ സ്ഥലത്ത് അഞ്ച് ദിവസം മുമ്പ് ഒരു യുവാവ് ചീറിപ്പാഞ്ഞു വന്ന സ്വകാര്യ ബസിന് മുന്നില്‍ നിന്ന് അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.
ഈ ഭാഗത്ത് നിരന്തരം വാഹനാപകടങ്ങള്‍ ഉണ്ടാകുന്നതായി യാത്രക്കാരും വ്യാപാരികളും പറയുന്നു. ഈ ജംഗ്ഷനില്‍ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളുമില്ല. പലപ്പോഴും വലിയ വാഹനങ്ങള്‍ വേഗത്തില്‍ കടന്നുവരുമ്പോള്‍ ചെറിയ വാഹനങ്ങള്‍ ശ്രദ്ധയില്‍ പെടാതിരിക്കുന്നതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്.
ഇവിടെ ഗതാഗത നിയന്ത്രണത്തിന് ട്രാഫിക് പോലീസിന്റെയോ ഹോം ഗാര്‍ഡിന്റെയോ സേവനം വേണമെന്ന് പതിറ്റാണ്ടുകളായി ജനം ആവശ്യപ്പെടുന്നതാണ്.
ഇന്ന് രാവിലെ നഗരസഭ ചെയര്‍മാന്റെ ചേംബറിലാണ് ഗതാഗത ഉപദേശക സമിതിയുടെ യോഗം . അപകടങ്ങൾ പരമാവധി ഒഴിവാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ ഇന്നത്തെ യോഗത്തിലുണ്ടാവുമെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു.
0 Comments