തൊടുപുഴ – പാലാ റോഡില്‍ നെല്ലാപ്പാറ ചൂരപ്പെട്ട വളവില്‍ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്‌നാട് ധര്‍മ്മപുരി സ്വദേശിയും ലോറി ഉടമയുമായ പൊന്‍രാജിന്റെ മകന്‍ ശക്തിക്ക്(22) ആണ് പരിക്കേറ്റത്. തമിഴ്‌നാട്ടില്‍ നിന്നും റവ കയറ്റി പാലാ ഭാഗത്തേക്ക് പോവുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെ ചൂരപ്പെട്ട വളവിലെ കുത്തനെയുള്ള ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ലോറി റോഡിന്റെ ഇടതുവശത്തേക്ക് മറിയുകയായിരുന്നു.
അപകടവിവരമറിഞ്ഞ് തൊടുപുഴയില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ ബിജു പി. തോമസിന്റെ നേതൃത്വത്തില്‍ അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി. വാഹനത്തിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്ത് ഉടന്‍ തന്നെ സേനയുടെ ആംബുലന്‍സില്‍ തൊടുപുഴ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ കാലിന് ഗുരുതരമായ പരിക്കുണ്ട്. കുത്തനെയുള്ള ഇറക്കവും കൊടുംവളവുകളുമുള്ള നെല്ലാപ്പാറ മേഖലയില്‍ ഡ്രൈവര്‍ക്കുണ്ടായ പരിചയക്കുറവാണ് അപകടത്തിന് കാരണമായതെന്ന് കരുതപ്പെടുന്നു. ഈ ഭാഗത്ത് മുന്‍പും സമാനമായ രീതിയില്‍ നിരവധി വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.




0 Comments