സുനിൽ പാലാ
ആള്‍താമസമില്ലാത്ത വീടിന്റെ കഴിക്കോലുവരെ ഊരിക്കൊണ്ട് പോകുക എന്ന് കേട്ടിട്ടുണ്ട്.
വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിംഗ് & പ്രോസസ്സിംഗ് സൊസൈറ്റിയുടെ കരൂര്‍ വെള്ളഞ്ചുരിലെ ഫാക്ടറിയുടെ അവസ്ഥയും ഇതുതന്നെയാണ്. പൂട്ടിപ്പോയ ഫാക്ടറിയുടെ അടിവേര് വരെ മാന്തുന്ന രീതിയില്‍ മോഷണം തുടരുകയാണ്.
കഴിഞ്ഞ ദിവസം ഫാക്ടറിയിലെ മെഷീനുകളുടെ കവറുകള്‍വരെ മോഷണം പോയി. ഫാക്ടറി പുനരാരംഭിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിച്ചുവരുന്നതിനിടെയാണ് വിലപ്പെട്ട വസ്തുക്കള്‍ മോഷണം പോയിരിക്കുന്നത്. സൊസൈറ്റിയുടെയും ഫാക്ട
റിയുടെയും പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുകയാണ്. മേലിൽ യാതൊരു സാധനങ്ങളും അടിച്ചു മാറ്റാൻ അനുവദിക്കില്ലെന്നും കഴിഞ്ഞ ദിവസം നടത്തിയ മോഷണത്തെപ്പറ്റി കോട്ടയം എസ്. പി. തലത്തിൽ തന്നെ പരാതി കൊടുത്ത് അന്വേഷണം ഊർജ്ജിതമായി നടക്കുന്നുണ്ടെന്നും ഭരണ സമിതിയിലെ ഒരു പ്രമുഖൻ പറഞ്ഞു.
ഇതിന് മുമ്പ് പലവട്ടം ഇവിടെ നിന്ന് വീപ്പകളും ഫാനുകളും ഉള്‍പ്പെടെ മോഷണം പോയിരുന്നു. ഫാക്ടറിക്കുള്ളില്‍ കിടക്കുന്ന വാഹനങ്ങളുടെ ടയറും ബാറ്ററിയും വരെ കടത്തിക്കൊണ്ടുപോയ സംഭവമുണ്ട്.
കഴിഞ്ഞ ദിവസമാണ് മെഷീന്‍ കവറുകള്‍ മോഷണം പോയത്. ഇവിടെ മുമ്പ് ജോലി ചെയ്തിരുന്ന ചില തൊഴിലാളികള്‍ക്കു നേരെയാണ് സംശയങ്ങളുടെ മുന നീളുന്നത്. ഇവരില്‍ നാലഞ്ചുപേരെ കഴിഞ്ഞ ദിവസം പാലാ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍ ചില നേതാക്കളിടപെട്ടതിനെ തുടർന്ന് ഇവരിൽ ചിലരെ സ്റ്റേഷനില്‍ നിന്നും വിട്ടയച്ചതായാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്.
ഇതിനിടെ മെഷീന്‍ കവര്‍ ഈരാറ്റുപേട്ടയിലെ ആക്രികടയില്‍ നിന്നും കണ്ടെടുത്തതായും പറയുന്നു.
വിഷയം ഗൗരവമായി എടുത്തിരിക്കുകയാണ് സൊസൈറ്റി അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയെന്നും സാധന സാമഗ്രികൾ കടത്തിയ ഓട്ടോറിക്ഷയുടെ നമ്പർ ഉൾപ്പെടെ പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും ഭരണസമിതിയംഗങ്ങൾ പറയുന്നു. മോഷണങ്ങൾ തടയാൻ രാത്രിയും പകലും സെക്യൂരിറ്റി ക്കാരെ നിയമിച്ചിട്ടുണ്ടെന്നും ഭരണ സമിതി ചൂണ്ടിക്കാട്ടുന്നു.
0 Comments