യു.പി. സ്കൂൾ കുട്ടികൾ പോലും മയക്കുമരുന്ന് വാഹകർ... ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഹരിക്കെതിരെ അതിശക്തമായി രംഗത്തു വരാൻ പാലാ രൂപതയെ പ്രേരിപ്പിച്ചത്.... ലഹരി മാഫിയയെ തുരത്താനുള്ള രൂപതയുടെ നിർണ്ണായക നീക്കത്തിന് ജാതിമതഭേദമെന്യേ ജനങ്ങളുടെ വലിയ പിന്തുണ




സ്വന്തം ലേഖകൻ

യു.പി. സ്കൂൾ കുട്ടികൾ മുതൽ മയക്കുമരുന്ന് വാഹകരായി (കാരിയേഴ്സ്) മാറുന്ന അതീവ ഗുരുതരമായ സ്ഥിതിവിശേഷം ബോധ്യപ്പെട്ടതോടെയാണ് മയക്കുമരുന്നിനും മറ്റു ലഹരി വിപണന - ഉപയോഗങ്ങൾക്കുമെതിരെ ശക്തമായ കര്‍മ്മപദ്ധതികള്‍ ആവിഷ്‌ക്കരിക്കാൻ പാലാ രൂപതയെ പ്രേരിപ്പിച്ചതെന്ന് വ്യക്തമാകുന്നു.  ഇതു സംബന്ധിച്ച ചില സൂചനകൾ ഇന്നലെ പാലാ ബിഷപ്പ്സ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിൽ രൂപതാ പ്രോട്ടോ സിഞ്ചലൂസ് മോൺസിഞ്ഞോർ ജോസഫ് തടത്തിൽ നൽകുകയും ചെയ്തു.

"ജാതി മത ഭേദമെന്യേ സമൂഹത്തിലെ യുവജനങ്ങളെ കൊന്നൊടുക്കുന്ന ലഹരി മാഫിയയ്ക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി  ശക്തമായി രംഗത്തുവരണം.
സംസ്ഥാന മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഇതു സംബന്ധിച്ചുണ്ടായ ശക്തമായ നിലപാട് ആശ്വാസകരമാണ്" - മോൺസിഞ്ഞോർ ജോസഫ് തടത്തിൽ പറഞ്ഞു. ഇനി ഇതിനുള്ള കർമ്മപദ്ധതികൾക്കാണ് ജനമെല്ലാം കാത്തിരിക്കുന്നത്.

ലഹരി വസ്തു വിപണന - ഉപയോഗ കാര്യങ്ങളെ സംബന്ധിച്ച് 
വിവിധ സ്കൂളുകളിലെ അദ്ധ്യാപകരിൽ നിന്നും മറ്റും കിട്ടുന്നത് നടുക്കുന്ന വിവരങ്ങളാണ്. യുവജനങ്ങൾ മാത്രമല്ല, തിരിച്ചറിവും പ്രായപൂർത്തിയുമെത്താത്ത കൗമാരക്കാരും ആൺ- പെൺ വ്യത്യാസമില്ലാതെ ലഹരിക്കെണിയിൽപ്പെട്ട് നശിക്കുകയാണ്. മയക്കുമരുന്ന് കടത്തിയും വിറ്റും വളരെ എളുപ്പത്തിൽ പണമുണ്ടാക്കാനുള്ള മാർഗ്ഗം  കുട്ടികൾ കണ്ടെത്തുന്നു. കേരള സമൂഹം ഒന്നടങ്കം ഈ ദുരവസ്ഥയെ ഗൗരവബുദ്ധിയോടെ നേരിടണമെന്നും രൂപതാധികൃതർ പറയുന്നു.

ഇതേ സമയം മയക്കുമരുന്ന് മാഫിയക്കെതിരെ ആഞ്ഞടിക്കാനുള്ള പാലാ രൂപതയുടെ തീരുമാനത്തിന് ജാതിമത ഭേദമെന്യേ സർവ്വയിടങ്ങളിൽ നിന്നും പിന്തുണ കിട്ടിക്കൊണ്ടിരിക്കുകയാണ്.
ജീവിതത്തിൻ്റെ നാനാ തുറകളിൽപ്പെട്ടവർ രൂപതാ കേന്ദ്രവുമായും ഇത് റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകരുമൊക്കെയായി ബന്ധപ്പെട്ടും പിന്തുണ അറിയിക്കുന്നുണ്ട്. സാംസ്ക്കാരിക കേരളത്തെ ലഹരിഭ്രാന്തന്മാരിൽ നിന്ന് രക്ഷപ്പെടുത്തുക എന്ന വലിയ ദൗത്യത്തിനാണ്  പാലാ രൂപത തുടക്കം കുറിച്ചിട്ടുള്ളത്.

ഇതിൻ്റെ ഭാഗമായാണ് നാളെ വിപുലമായ  ബോധവല്‍ക്കരണ സെമിനാര്‍ പാലായിൽ സംഘടിപ്പിച്ചിട്ടുള്ളത്. 1500-ൽ പരം പേർ ഈ സെമിനാറിൽ പങ്കെടുക്കുന്നുണ്ട്.

 സീറോ മലബാര്‍ സിനഡല്‍ കമ്മീഷനും പാലാ രൂപതാ ജാഗ്രതാ സമിതിയും ചേര്‍ന്ന് നാളെ പാലാ ളാലം പഴയപള്ളി ഓഡിറ്റോറിയത്തില്‍ നടത്തുന്ന സെമിനാർ  
സിനഡല്‍ കമ്മീഷന്‍ ഫോര്‍ ഫാമിലി ലെയ്റ്റി ആന്റ് ലൈഫ് ചെയര്‍മാനും പാലാ രൂപതാ അധ്യക്ഷനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. 






എക്‌സൈസ് അസി. കമ്മീഷണര്‍ പി.കെ. ജയരാജ് ക്ലാസ് നയിക്കും. മോണ്‍. ജോസഫ് തടത്തില്‍, ഫാ. ജോബി മൂലയില്‍, ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. വിന്‍സെന്റ് മൂങ്ങാമാക്കല്‍, ഫാ. ജോസ് കുറ്റിയാങ്കല്‍, ഫാ. സെബാസ്റ്റ്യന്‍ പഴയപറമ്പില്‍, ഫാ. ജോര്‍ജ്ജ് നെല്ലിക്കുന്ന്, ഫാ. മാണി കൊഴുപ്പന്‍കുറ്റി, ടോണി ചിറ്റിലപ്പള്ളി, സാബു ജോസ്, റോസിലി പോള്‍ തട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

കേരള സമൂഹം ഒന്നടങ്കം ലഹരിക്കെതിരെ ഗൗരവബുദ്ധിയോടെ നില്‍ക്കണമെന്നും പാലാ രൂപതാ ജാഗ്രതാ സമിതി ആവശ്യപ്പെട്ടു.

Post a Comment

0 Comments