കുഴിയില്‍ കുത്തിയിരുന്നും ഞങ്ങള്‍ പ്രതിഷേധിക്കും. പാലാ നഗര ഭരണാധികാരികളെ കണ്ണുതുറക്കൂ....





സുനില്‍ പാലാ

കൊച്ചിടപ്പാടി- കവീക്കുന്ന് റോഡിനോട് അവഗണ. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ റോഡിലെ കുഴിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

വൈകിട്ട് 3.30 ഓടെയാണ് പ്രതിപക്ഷ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പ്രൊഫ. സതീശ് ചൊള്ളാനിയുടെ നേതൃത്വത്തില്‍ വനിതാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ കുഴിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. 

''എത്രയും വേഗം റോഡ് നന്നാക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കും. നാളെ ചേരുന്ന നഗരസഭ കൗണ്‍സില്‍ യോഗത്തിലും ഈ വിഷയം ഉന്നയിക്കും'' പ്രൊഫ സതീശ് ചൊള്ളാനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മാണി സി. കാപ്പന്‍ എം.എല്‍.എ അനുവദിച്ച 9 ലക്ഷത്തിന്റെ ഫണ്ട് വിനിയോഗിക്കുന്നതിന് നഗര ഭരണനേതൃത്വം തടസ്സം സൃഷ്ടിച്ചതിന്റെ ഫലമായിട്ടാണ് റോഡ് ഗതാഗത യോഗ്യമല്ലാതായിരിക്കുന്നതെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. 

ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണ ജോലികള്‍ ആരംഭിക്കുന്ന സമയത്താണ് ഇല്ലാത്ത പരാതിയുടെ പേരില്‍ കോണ്‍ട്രാക്ടറുടെ കരാര്‍ ഭരണനേതൃത്വം റദ്ദാക്കിയത്. ഈ നടപടി മാണി സി കാപ്പന്‍ എം.എല്‍.എ യോടും വാര്‍ഡ് കൗണ്‍സിലര്‍ സിജി ടോണിയോടും കാണിക്കുന്ന    രാഷ്ട്രീയ പകപോക്കലും വാര്‍ഡിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.  






ദുരഭിമാനം വെടിഞ്ഞ് വികസന കാര്യത്തില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് എം.എല്‍.എ ഫണ്ട് വിനിയോഗിച്ച് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ തയ്യാറാകണമെന്നും  അല്ലാത്തപക്ഷം പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. 




പ്രൊഫ. സതീശ് ചൊള്ളാനിയോടൊപ്പം കൊച്ചിടപ്പാടി വാര്‍ഡ് കൗണ്‍സിലര്‍ സിജി ടോണി, മറ്റ് പ്രതിപക്ഷ കൗണ്‍സിലര്‍മാരായ വി.സി. പ്രിന്‍സ്, ജോസ് എടേട്ട്, ലിജി ബിജു, ആനി ബിജോയി എന്നിവരും കുത്തിയിരുപ്പ് സമരത്തില്‍ പങ്കെടുത്തു. 

Post a Comment

0 Comments