യെസ് വാർത്താ ക്രൈം ബ്യൂറോ
സ്കൂട്ടറിൽ നിന്നും പണം മോഷ്ടിച്ച കേസിൽ പാലാ പോലീസിൻ്റെ പിടിയിലായത് കുപ്രസിദ്ധ മോഷ്ടാവെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി.
തൃശ്ശൂർ പട്ടിക്കാട് പൂവം ചിറ ഭാഗത്ത് ചാലിയിൽ വീട്ടിൽ മാർക്കോസ് മകൻ റോയിച്ചനെ (47)യാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ആദ്യമൊക്കെ ചോദ്യം ചെയ്യലിൽ "പാവത്താനായി നിന്ന " റോയിച്ചൻ ഒടുവിൽ പിടിച്ചു നിൽക്കാനാകാതെ തൻ്റെ ജീവിത കഥ മുഴുവൻ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തി.
പാലാ പൈക സ്വദേശിയായ ജോസഫ് എന്നയാൾ കഴിഞ്ഞദിവസം മകളുടെ വിവാഹ ആവശ്യത്തിനായി ബാങ്കിൽ നിന്നും പിൻവലിച്ച ഒരു ലക്ഷം രൂപ തന്റെ സ്കൂട്ടറിനുള്ളിൽ വയ്ക്കുകയും, തുടർന്ന് പൈക ബി.എസ്.എന്‍.എല്‍ ഓഫീസിന് മുൻവശം വാഹനം പാർക്ക് ചെയ്തതിനുശേഷം മാറിയ സമയത്ത് റോയിച്ചൻ പണം മോഷ്ട്ടിച്ച് കടന്നു കളയുകയുമായിരുന്നു.
ജോസഫിൻ്റെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ ജോസഫ് ബാങ്കിൽ നിന്നും പണം പിന്‍വലിച്ചത് മുതൽ പ്രതിയായ റോയിച്ചൻ ജോസഫിന്റെ പുറകെ സ്കൂട്ടറിൽ പിന്‍തുടരുന്ന ദൃശ്യവും, പൈക ബി.എസ്.എൻ.എൽ. ഓഫീസിന്റെ മുൻവശം പാർക്ക് ചെയ്ത ജോസഫിന്റെ സ്കൂട്ടറിൽ നിന്നും പണം എടുക്കുന്ന ദൃശ്യവും കണ്ടെത്തി.
മോഷണത്തിന് ശേഷം പ്രതി രാമപുരത്തുള്ള ബാങ്കിൽ എത്തി തന്റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചതായും അന്വേഷണ സംഘത്തിന്റെ പരിശോധനയില്‍ വ്യക്തമായി . തുടർന്ന് പോലീസ് ഇയാളെ തൃശൂരിൽ നിന്നും പിടികൂടുകയായിരുന്നു. പ്രതിയെ തിരിച്ചറിയുന്നതിനുവേണ്ടി 72 ഓളം CCTV ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. ഇയാൾക്ക് ആലത്തൂര്‍,നെന്മാറ,അങ്കമാലി എന്നീ സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകള്‍ നിലവിലുണ്ട് .
പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ അഭിലാഷ് എം.ഡി, എ.എസ്.ഐ ബിജു.കെ തോമസ്, സി.പി.ഓ മാരായ ജസ്റ്റിൻ, ജോഷി മാത്യു, രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
0 Comments