സുനില്‍ പാലാ
മീനച്ചില്‍ താലൂക്ക് വികസന സമിതിയോഗം യഥാസമയം ചേരുന്നുണ്ട്. കാപ്പി കുടിച്ച് പിരിയുന്നതല്ലാതെ ഒരു തീരുമാനവും നടപ്പാക്കാനുള്ള ഇച്ഛാശക്തിയും തന്റേടവും വിവിധ വകുപ്പുകള്‍ കാണിക്കുന്നില്ല. ജനസേവകരായ ഉദ്യോഗസ്ഥരെ നിലയ്ക്ക് നിര്‍ത്താന്‍ ജനപ്രതിനിധികള്‍ക്കും കഴിയുന്നില്ല. എന്തൊരു ദുസ്ഥിതിയാണിത്?
താലൂക്ക് വികസന സമിതിയിലെ തീരുമാനങ്ങളൊന്നും നടപ്പാകാത്തതില്‍ രൂക്ഷമായ പ്രതികരണവുമായി കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ജൂണില്‍ സ്‌കൂള്‍ തുറപ്പിന് മുമ്പ് പാലാ നഗരത്തിലെ സീബ്രാ ലൈനുകള്‍ വരയ്ക്കണമെന്ന് രാജേഷ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധകല്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു. മാസം അഞ്ച് കഴിഞ്ഞു. ഇപ്പോഴും നഗരത്തിലെ സീബ്രാ ലൈന്‍ മാഞ്ഞുതന്നെ.
പറഞ്ഞ് പറഞ്ഞ് മടുത്തപ്പോഴാണ് സ്വതവേ സൗമ്യനായ രാജേഷ് വാളിപ്ലാക്കലിന് പോലും പൊട്ടിത്തെറിക്കേണ്ടി വന്നത്. താലൂക്ക് വികസന സമിതിയ യോഗത്തില്‍ പങ്കെടുക്കുന്ന വിവിധ വകുപ്പ് മേധാവികള്‍ യോഗത്തിലെടുക്കുന്ന തീരുമാനം നടപ്പാക്കണമെന്നും അല്ലാത്തപക്ഷം എന്തിന് ഈ യോഗത്തില്‍ വരുന്നുവെന്നുമായിരുന്നു രാജേഷിന്റെ ചോദ്യം. ഒന്നിനും തീരുമാനമാകാത്തതില്‍ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്ത് മെമ്പര്‍ മാധ്യമങ്ങള്‍ക്ക് തന്റെ അമര്‍ഷം സൂചിപ്പിച്ചുകൊണ്ടുള്ള പത്രക്കുറിപ്പും നല്കിയിരുന്നു.
എന്നാല്‍ ഇതുകൊണ്ടൊന്നും ഒരു പ്രയോജനവും ഉണ്ടായില്ല. ഇപ്പോഴും കാര്യങ്ങള്‍ തഥൈവ. പലപ്പോഴും താലൂക്ക് വികസനസമിതി യോഗത്തില്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കാതിരിക്കുന്നതും വിവാദമായിട്ടുണ്ട്.
നാളെയും ചേരുന്നുണ്ട്; "പേരിനൊരു യോഗം "
മീനച്ചില്‍ താലൂക്ക് വികസന സമിതിയുടെ യോഗം ''പേരിന് മാത്രം'' നാളെയും ചേരുന്നുണ്ട്.
നാളെ രാവിലെ 10.30 ന് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം.
വികസനസമിതി യോഗത്തിലെ തീരുമാനങ്ങളൊന്നും നടപ്പാക്കാത്തതിനെപ്പറ്റി രൂക്ഷവിമര്‍ശനം ഉയര്‍ത്തി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനാലാവണം ഇത്തവണത്തെ യോഗം ഏതാനും മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിട്ടേയില്ല.
നേരത്തെ താലൂക്ക് വികസന സമിതിയോഗത്തെ സംബന്ധിച്ചുള്ള മുന്‍കൂട്ടി അറിയിപ്പ് എല്ലാ മാധ്യമ ഓഫീസുകളിലും ലഭിച്ചിരുന്നു. വിമര്‍ശനമേറിയതോടെ പല മാധ്യമസ്ഥാപനങ്ങള്‍ക്കും ഇപ്പോള്‍ താലൂക്ക് അധികൃതര്‍ യോഗ നോട്ടീസ് കൊടുക്കുന്നില്ല എന്നാണക്ഷേപം.
പല വകുപ്പുകളും വീഴ്ചവരുത്തുന്നുണ്ട്, സംഗതി സത്യമാണ് - മീനച്ചില്‍ തഹസില്‍ദാര്‍
താലൂക്ക് വികസന സമിതി യോഗത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍ ചില വകുപ്പുകള്‍ വീഴ്ചവരുത്തുന്നുണ്ടെന്ന് മീനച്ചില്‍ തഹസില്‍ദാര്‍ സിന്ധു വി.എസും സമ്മതിക്കുന്നു. യോഗത്തിന് ശേഷം താലൂക്ക് അധികൃതര്‍ കൃത്യമായ ഫോളോഅപ്പ് ഓരോ വകുപ്പ് മേധാവികളെയും അറിയിക്കാറുണ്ടെങ്കിലും ചില വകുപ്പുകള്‍ നിസ്സഹകരിക്കുന്നുണ്ടെന്നുള്ളത് വസ്തുതയാണ്. താലൂക്ക് വികസന സമിതിയുടെ പല പ്രധാന തീരുമാനങ്ങളും പല പ്രധാന വകുപ്പുകളും പാലിക്കാതെ വരുന്നുണ്ടെന്നും തഹസില്‍ദാര്‍ സമ്മതിക്കുന്നു.
0 Comments