സുനിൽ പാലാ
ബുദ്ധറാം ഡി. പൂര്‍ത്തി വെറും അന്യസംസ്ഥാന തൊഴിലാളി ആയിരുന്നില്ല; ഒരു കാലഘട്ടത്തില്‍ പാലായുടെയും കോട്ടയത്തിന്റെയും കേരളത്തിന്റെയും മുത്തായിരുന്നു ഈ മുന്‍ കായികതാരം.
പാലാ സെന്റ് തോമസ് സ്‌കൂളിലെ പഠനകാലയളവില്‍ പ്രമുഖ കോച്ചായിരുന്ന വി.സി. ജോസഫിന്റെ ശിഷ്യസംഘത്തിലുള്‍പ്പെട്ട ബുദ്ധറാം കളി മൈതാനങ്ങളില്‍ വെന്നിക്കൊടി പാറിച്ച മിന്നും താരമായിരുന്നു.
ഇന്നലെ ''അന്യസംസ്ഥാന തൊഴിലാളി കിണറ്റില്‍ മരിച്ച നിലയില്‍'' എന്ന പത്ര വാര്‍ത്ത കണ്ടപ്പോള്‍ സഹപാഠികള്‍ക്കും മുന്‍കായിക താരങ്ങള്‍ക്കും വിഷമവും വേദനയും അടക്കാനായില്ല; "അവന്‍ വെറും അന്യസംസ്ഥാന തൊഴിലാളി മാത്രമല്ലായിരുന്നു.
ജന്മം കൊണ്ട് ഒഡീഷക്കാരനാണെങ്കിലും ഒരു കാലഘട്ടത്തില്‍ കോട്ടയത്തിന്റെയും കേരളത്തിന്റെയും കായിക ഭൂപടം അടയാളപ്പെടുത്തിയ പേരായിരുന്നു അവന്റേത്. അവന്റെ വേര്‍പാടില്‍ ഓരോ കായിക താരത്തിനും തീരാവേദനയുണ്ട്'' ബുദ്ധറാമിനേക്കാള്‍ സീനിയറായി പാലാ സെന്റ് തോമസ് സ്‌കൂളില്‍ പഠിച്ച മുന്‍കായികതാരം കൂടിയായ കേരള ജനമൈത്രി പോലീസ് എ.എസ്.ഐ. ബിനോയി തോമസ് ഹൃദയവേദനയോടെ പറഞ്ഞു.
ജന്‍മം കൊണ്ട് ഒഡീഷ സ്വദേശിയാണെങ്കിലും ബുദ്ധറാം അഞ്ചാം വയസ്സില്‍ കേരളത്തിലേക്ക് വന്നതാണ്. പാലാ മുരിക്കുംപുഴയിലെ ഒരു വീട്ടിലായിരുന്നു അവന്റെ താമസം. പാലാ സെന്റ് തോമസ് സ്‌കൂളില്‍ വിദ്യാഭ്യാസവും തുടങ്ങി. അവനിടെ വച്ച് പ്രമുഖ കോച്ചായ വി.സി. ജോസഫിന്റെ ശിഷ്യഗണത്തില്‍ ബുദ്ധറാം ഉള്‍പ്പെട്ടു. തുടര്‍ന്ന് ജില്ലാ മീറ്റിലും സംസ്ഥാന സ്‌കൂള്‍ മീറ്റിലും ഹര്‍ഡില്‍സില്‍ ചാമ്പ്യന്‍ഷിപ്പ് ബുദ്ധറാമിന് സ്വന്തമായി.
100 മീറ്റര്‍ ലോംഗ്ജംപ്, പോള്‍വാള്‍ട്ട് എന്നിവയിലും ഓള്‍റൗണ്ട് പ്രകടനം നടത്തിയ ഈ കായിക പ്രതിഭ ബാസ്‌ക്കറ്റ് ബോളിലും ജില്ലാ, സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്തു.
പൊക്കം കുറവായിരുന്നതിനാല്‍ ഹര്‍ഡില്‍സില്‍ നിന്ന് പിന്നീട് ശ്രദ്ധ പോള്‍വാള്‍ട്ടിലേക്കായി. പ്ലസ് ടുവിന് പഠിക്കവെ സ്‌കൂള്‍ മീറ്റില്‍ പോള്‍വാള്‍ട്ടില്‍ സംസ്ഥാന നേട്ടവും ബുദ്ധറാമിനൊപ്പമായിരുന്നു.
''അവന് എന്തുപറ്റിയെന്നറിയില്ല. സാമ്പത്തികമായ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിരുന്നെങ്കില്‍ ഞങ്ങളെ ആരെയെങ്കിലും അറിയിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ സഹായിച്ചിരുന്നേനെ. അവന്റെ ആത്മഹത്യ ഞങ്ങള്‍ക്കാര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല.'' -വി.സി. ജോസഫിന്റെ ശിഷ്യഗണ കൂട്ടായ്മയുടെ കണ്‍വീനര്‍കൂടിയായ എ.എസ്.ഐ. ബിനോയ് തോമസ് പറഞ്ഞു.
നെല്ലിയാനിയിലെ കിണറ്റില്‍ ചാടി മരിച്ച ബുദ്ധറാമിന്റെ മൃതദേഹം പാലാ പൊതുശ്മശാനത്തിലാണ് സംസ്‌കരിച്ചത്.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments