സുനിൽ പാലാ
264 കോടി രൂപയുടെ നികുതി പണമുപയോഗിച്ചു 7 കിലോമീറ്റര്‍ റെയില്‍ പാതയും കാലടി റെയില്‍വേ സ്റ്റേഷനും ഒരു കിലോമീറ്റര്‍ നീളമുള്ള പെരിയാര്‍ പാലവും നിര്‍മ്മിച്ചു കഴിഞ്ഞ അങ്കമാലി– എരുമേലി ശബരി റെയില്‍വേ പദ്ധതിയില്‍ ആശയക്കുഴപ്പമുണ്ടാക്കാൻ തല്പരകക്ഷികളുടെ ഗൂഡാലോചനയെന്ന് ശബരി റെയില്‍വേ ആക്ഷന്‍ കൌണ്‍സിലുകളുടെ ഫെഡറേഷന്‍ ആരോപിച്ചു.
1998 ല്‍ പ്രധാന മന്ത്രി എ ബി വാജ്പേയി കേരളത്തിന് അനുവദിച്ച അങ്കമാലി – ശബരി റെയില്‍വേ പദ്ധതി അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. 2016 ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തുന്ന പ്രഗതി പ്ലാറ്റ് ഫോമില്‍ ഉള്‍പ്പെടുത്തിയ കേരളത്തിലെ ഏക വികസന പദ്ധതിയുമാണ് അങ്കമാലി ശബരി റെയില്‍വേ.
കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് അങ്കമാലി–ശബരി റെയില്‍വേ നിര്‍മ്മാണ ചെലവ് പങ്കുവെയ്ക്കുന്നതിന് 2021 ജനുവരിയില്‍ സംസ്ഥാന മന്ത്രിസഭ തീരുമാനമെടുക്കുകയും സംസ്ഥാന ബജറ്റില്‍ 2000 കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുള്ളതാണ്.
111 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എരുമേലി വരെയുള്ള ഒന്നാം ഘട്ടത്തിലെ ഫൈനല്‍ ലൊക്കേഷന്‍ സര്‍വ്വേ നടത്തി തയ്യാറാക്കിയ പുതുക്കിയ എസ്റ്റിമേറ്റ് കേന്ദ്ര സര്‍ക്കാരിന്റെ ഫ്ലാഗ് ഷിപ്പ് പദ്ധതിയായ പിഎം ഗതിശക്തിയില്‍ ഉള്‍പെടുത്തി അനുമതി നല്‍കാന്‍ റെയില്‍വേ ബോര്‍ഡ് പരിശോധിക്കുകയാണ്. 3500 കോടി രൂപയുടെ അങ്കമാലി-ശബരി റെയില്‍വെ പദ്ധതി ഉപേക്ഷിച്ച് പരിസ്ഥി ദുര്‍ബല മേഖലയായ പമ്പാ നദിയിലൂടെയും പെരിയാര്‍ കടുവാ സങ്കേതത്തിലൂടെയും തൂണുകള്‍ സ്ഥാപിച്ച് ചെങ്ങന്നൂരില്‍ നിന്നും ഹൈ സ്പീഡ് റെയില്‍ പാത നിര്‍മ്മിക്കാന്‍ 13, 000 കോടി രൂപയുടെ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നത് കേരളത്തിലെ റെയില്‍വേ വികസനത്തെ അട്ടിമറിക്കാനുള്ള സ്ഥാപിത താല്പര്യക്കാരുടെ കൊട്ടേഷനാണെന്ന് ഡീൻ കുര്യാക്കോസ് എം പിയും ശബരി റെയില്‍ ആക്ഷന്‍ കൌണ്‍സിലുകളുടെ ഫെഡറേഷന്‍ ഭാരവാഹികളും പറഞ്ഞു.
എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ 5 ജില്ലകളിലൂടെ അങ്കമാലിയില്‍ നിന്ന് തിരുവനന്തപുരത്തെയ്ക്കും ചെങ്കോട്ട വഴി മധുരയിലെയ്ക്കുമുള്ള റെയില്‍പാതകളുടെ ഒന്നാം ഘട്ടമാണ് അങ്കമാലി–എരുമേലി ശബരി റെയില്‍വേ പദ്ധതി.
തെക്കന്‍ കേരളത്തിലെ 25 പട്ടണങ്ങള്‍ക്ക് റെയില്‍വേ സ്റ്റേഷനുകള്‍ ലഭ്യമാക്കുന്ന അങ്കമാലി-തിരുവനന്തപുരം, ശബരി റെയില്‍വേ ദേശിയ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമല ക്ഷേത്രത്തിലേയ്ക്കും ഭാരതത്തിലെ മതമൈത്രിയുടെ കേന്ദ്രസ്ഥാനമായ വാവരു സ്വാമിയുടെ എരുമേലിയിലേയ്ക്കും, പ്രമുഖ ക്രിസ്ത്യന്‍ പുണ്ണ്യകേന്ദ്രമായ ഭരണങ്ങാനത്തേയ്ക്കും, വിശേഷ അനുഷ്ഠാനങ്ങളുള്ള പാലാ ഏഴാച്ചേരി കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രത്തിലേയ്ക്കും, ആദി ശങ്കരാചാര്യരുടെ ജന്മ സ്ഥലമായ കാലടിയിലേയ്ക്കും, വടക്കന്‍ കേരളത്തില്‍ നിന്നും തെക്കന്‍ കേരളത്തില്‍ നിന്നും മധ്യ കേരളത്തില്‍ നിന്നും തമിഴ് നാട്ടില്‍ നിന്നും തീര്‍ത്ഥാടകര്‍ക്ക് എത്തിച്ചേരാന്‍ സഹായകരമാണ്.
കാലടിയിലെ അരി സംസ്കരണ വ്യവസായത്തിന്റെയും പെരുമ്പാവൂരിലെ ഫ്ലൈവുഡ് വ്യവസായത്തിന്റെയും കോതമംഗലം നെല്ലിക്കുഴിയിലെ ഫര്‍ണണീച്ചര്‍ വ്യവസായത്തിന്റെയും മുവാറ്റുപുഴ വാഴക്കുളത്തെ പൈനാപ്പിള്‍ വ്യാപാരത്തിന്റെയും തൊടുപുഴയിലെ കിന്‍ഫ്രായുടെ സ്പൈസസ് പാര്‍ക്കിലെ വ്യവസായ യൂണിറ്റുകളുടെയും വളര്‍ച്ചയ്ക്ക് അങ്കമാലി-ശബരി റെയില്‍വേ അനിവാര്യമാണ്.
പ്രമുഖ ടൂറിസം കേന്ദ്രങ്ങളായ മൂന്നാര്‍, ഭൂതത്താന്‍കെട്ട്, തൊമ്മന്‍കുത്ത്, മലങ്കര ഡാം, ഇലവീഴാപൂഞ്ചിറ, ഇടുക്കി ആര്‍ച്ച് ഡാം, കുളമാവ്, പുള്ളിക്കാനം, വാഗമണ്‍, കുട്ടിക്കാനം, തേക്കടി എന്നിവിടങ്ങളിലെയ്ക്കുള്ള വിനോദ സഞ്ചാരികളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്താനും അങ്കമാലി-ശബരി റെയില്‍വേ സഹായകരമാണ്. കാര്‍ഷിക വിളകളായ റബര്‍, കുരുമുളക്, ഏലം എന്നിവയുടെ വിപണനത്തിനും അങ്കമാലി-ശബരി റെയില്‍വേ പ്രയോജനകരമാണ്.
സില്‍വര്‍ ലൈന്‍ പ്രൊജക്റ്റിന്റെ ന്യൂനതകളില്‍ ഒന്നായി പറഞ്ഞിരുന്ന പരിസ്ഥിതി ആഘാതം നദിയിലൂടെയും കടുവാ സങ്കേതമായ വനത്തിലൂടെയും റെയില്‍വേ ലൈന്‍ നിര്‍മ്മിക്കുമ്പോള്‍ ഇല്ലാത്തത് ദുരൂഹമാണ്. കടുവാ സങ്കേതത്തിന് 10 കിലോമീറ്റര്‍ ചുറ്റളവ് ബഫര്‍ സോണ്‍ ആണെന്ന് പറഞ്ഞാണ് അഴുത വരെ നിര്‍മ്മിക്കാന്‍ അനുമതി ഉണ്ടായിരുന്ന അങ്കമാലി-ശബരി റെയില്‍വേ എരുമേലി വരെയാക്കി ചുരുക്കിയതെങ്കില്‍ ചെങ്ങന്നൂരില്‍ നിന്ന്‍ കടുവാ സങ്കേതത്തില്‍ കൂടി റെയില്‍വേ നിര്‍മ്മിക്കണമെന്ന നിര്‍ദേശം പരിഹാസ്യമാണ്.
അങ്കമാലി-ശബരി റെയില്‍വേയ്ക്കായി 22 വര്‍ഷം മുന്‍പ് കല്ലിട്ട് തിരിച്ച അങ്കമാലി മുതല്‍ രാമപുരം സ്റ്റേഷന്‍ വരെയുള്ള 70 കിലോമീറ്റര്‍ പ്രദേശത്തെ സ്ഥലങ്ങളുടെ ഉടമകള്‍ സ്ഥലം വില്‍ക്കാനോ, വീട് നിര്‍മ്മിക്കാനോ, സ്ഥലം ഈട് വെച്ചു വായ്പ എടുക്കാനോ കഴിയാതെ കഷ്ടപ്പെടുമ്പോഴാണ് നാലിരട്ടി ഫണ്ട് ആവശ്യമുള്ളതും ഒരിക്കലും ലാഭകരമാകാത്തതും നദിയിലൂടെയും കടുവാ സങ്കേതമായ വനത്തിലൂടെയും ബദല്‍ ശബരി റെയില്‍പാതയ്ക്ക് സര്‍വ്വേ നടത്തുമെന്ന് പറഞ്ഞ് ആശയക്കുഴപ്പം ഉണ്ടാക്കി അങ്കമാലി-ശബരി റെയില്‍വേ പദ്ധതി വൈകിപ്പിക്കാന്‍ ഇ. ശ്രീധരന്‍ ശ്രമിക്കുന്നത് ജനവഞ്ചനയാണെന്ന് ഡീന്‍ കുരിയാക്കോസ് എം പി, ശബരി റെയില്‍വേ ആക്ഷന്‍ കൌണ്‍സിലുകളുടെ ഫെഡറേഷന്‍ ഭാരവാഹികളായ ഡിജോ കാപ്പന്‍ , ജിജോ പനച്ചിനാനി, എം എസ് കുമാർ, അജി ബി. റാന്നി, അനിയന്‍ എരുമേലി എന്നിവര്‍ പറഞ്ഞു.
• അങ്കമാലി-ശബരി റെയില്‍വേയുടെ പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് ഒരു കിലോമീറ്റര്‍ പുതിയ റെയില്‍വേ പാത നിര്‍മ്മിക്കാന്‍ ശരാശരി 30 കോടി രൂപയാണ് ആവശ്യമുള്ളത്. 30 കോടി രൂപ x 250 കിലോമീറ്റര്‍ എന്ന നിലയില്‍ ആണ് അങ്കമാലി-തിരുവനന്തപുരം സമാന്തര റെയില്‍വേയ്ക്ക് (ശബരി പാതയ്ക്ക്) ഏകദേശം 7500 കോടി രൂപ കണക്കാക്കിയത്.
0 Comments