പാലാ നഗരസഭാ പ്ലാറ്റിനം ജൂബിലി സമ്മേളനത്തിൽ നിറഞ്ഞുനിന്നത് ''മാണിസാറി''ന്റെ സ്മരണ.... വികസനത്തിൻ്റെ ഒരു കുടക്കീഴിൽ ഒന്നിച്ചു കയറാൻ തയ്യാറാണെന്ന് മാണി.സി. കാപ്പൻ എം എൽ എ........ പാലാ നഗരസഭാ പ്ലാറ്റിനം ജൂബിലി ആഘോഷവേദിയിൽ, പൊതു പ്രവർത്തനത്തിൻ്റെ മാന്യതയും മഹത്വവും ഉയർത്തിപ്പിടിക്കുന്ന "പാലാ മോഡൽ" പ്രകടമായി





സുനിൽ പാലാ

കെ.എം. മാണി പാലായ്ക്ക് ഒരു വികാരമാണ്.... മൺമറഞ്ഞിട്ടും ഇന്നുള്ളവരുടെയെല്ലാം  മനസ്സിൽ തെളിയുന്ന വെൺമയാർന്ന ഓർമ്മച്ചിത്രം .

 ഇന്നലെ പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന പാലാ നഗരസഭ പ്ലാറ്റിനം ജൂബിലിയാഘോഷ സമ്മേളന വേദിയിലും നിറഞ്ഞുനിന്നത് പ്രിയപ്പെട്ട "മാണിസാറിനെ" ക്കുറിച്ചുള്ള സ്മരണ തന്നെ.

സമ്മേളന ഉദ്ഘാടകനായ മന്ത്രി വി.എന്‍. വാസവന്‍ മുതല്‍ മന്ത്രി റോഷി അഗസ്റ്റിന്‍, എം.പി. മാരായ ജോസ് കെ. മാണി, തോമസ് ചാഴികാടന്‍, മാണി സി. കാപ്പന്‍ എം.എല്‍.എ. തുടങ്ങിയ വിശിഷ്ടാതിഥികളെല്ലാം പാലായ്ക്ക് വേണ്ടി കെ.എം. മാണി ചെയ്ത സംഭാവനകളെക്കുറിച്ച് എണ്ണിയെണ്ണി പറഞ്ഞു.

"അരനൂറ്റാണ്ടുകാലം പാലായെ നയിച്ച കെ.എം. മാണിസാറിന്റെ പൊതുപ്രവർത്തന വിജയകഥ പാലായുടെ ചരിത്രമാണ്. ആര്‍.വി. തോമസ്, ചെറിയാന്‍ കാപ്പന്‍, ജോര്‍ജ്ജ് തോമസ് കൊട്ടുകാപ്പള്ളി എന്നിവരില്‍ നിന്നും വന്ന വികസന തുടര്‍ച്ച മാണി സാറിന്റെ കാലത്ത് കൂടുതല്‍ ശക്തമായി "- മന്ത്രി വാസവന്‍ ചൂണ്ടിക്കാട്ടി.

പാലായെ ഒരു ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സാക്കി മാറ്റിയ മാണിസാര്‍ ഒരു വികസന വിപ്ലവമാണ് പാലായില്‍ നടത്തിയതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.കാലവും കേരളവും ഇതു മറക്കില്ല.

ആധുനിക പാലായുടെ ശില്പിയാണ് മാണി സാർ എന്നായിരുന്നു തോമസ് ചാഴികാടന്‍ എം.പി.യുടെ അഭിപ്രായം.പാലായ്ക്കും കേരളത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ നിസ്തുലമാണ്. 



"വികസനം എന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പതിറ്റാണ്ടുകളായി പടിപടിയായി തുടരുന്ന ഒരു പ്രക്രിയയാണിത്. ഇന്ന് ഈ സമ്മേളനം നടക്കുന്ന ടൗൺ ഹാൾ മന്ദിരവും, മുനിസിപ്പൽ സ്റ്റേഡിയവുമൊക്കെ അന്നത്തെ ആളുകളുടെയും കുടുംബങ്ങളുടെയുമൊക്കെ ത്യാഗോജ്വലമായ പൊതുപ്രവർത്തനത്തിൻ്റെ സംഭാവനയാണ്. അരനൂറ്റാണ്ടിനപ്പുറം പാലായെ നയിച്ച മാണിസാറിന് നാടിൻ്റെ വികസനത്തിൽ മഹത്തായ സംഭാവനകൾ നൽകാൻ കഴിഞ്ഞു "- ജോസ്. കെ.മാണി എം.പി. ചൂണ്ടിക്കാട്ടി

പാലായ്ക്ക് വേണ്ടി നിരവധി വികസനകാര്യങ്ങള്‍ കൊണ്ടുവന്നതും പാലായ്ക്ക് ഒരു പേരുണ്ടാക്കിയതും  മാണി സാറാണെന്ന  കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ. പറഞ്ഞു.

അതോടൊപ്പം നാട്ടിലെ സ്വാതന്ത്ര്യസമരസേനാനികളായിരുന്ന ആര്‍.വി. തോമസ്, ചെറിയാന്‍ ജെ. കാപ്പന്‍, കെ.എം. ചാണ്ടി എന്നീ മഹാരഥന്‍മാരെയും ഒരിക്കലും വിസ്മരിക്കരുതെന്നും മാണി സി. കാപ്പന്‍ ഓര്‍മ്മിപ്പിച്ചു.

ഇക്കാര്യം വേദിയിലിരിക്കെത്തന്നെ നഗരസഭാ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറെക്കരയോട് താൻ സൂചിപ്പിച്ചിരുന്നൂവെന്നും മാണി.സി. കാപ്പൻ സദസ്സിനോട് വെളിപ്പെടുത്തി.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ ഈ സ്വാതന്ത്ര്യ സമര സേനാനികൾ  ജയിലിലായിരുന്നു. തൻ്റെ പിതാവ് ചെറിയാൻ. ജെ.കാപ്പൻ നഗരസഭാ ചെയർമാനായിരുന്ന കാലത്ത് കൊണ്ടുവന്ന വിവിധ വികസന പ്രവർത്തനങ്ങളും മാണി. സി. കാപ്പൻ ചൂണ്ടിക്കാട്ടി.

 
 
"ഒരു കുടക്കീഴില്‍ " കയറാന്‍ ഞാന്‍ തയ്യാര്‍ -  മാണി സി. കാപ്പന്‍

 ''കഴിഞ്ഞ ദിവസം ഒരു യോഗത്തില്‍ നഗര ഭരണ നേതൃത്വത്തിലെ ആരോ പറയുന്നത് കേട്ടു രാഷ്ട്രീയം മറന്ന് വികസനത്തിന്റെ ഒരു കുടക്കീഴില്‍ എല്ലാവരും ഒന്നിച്ച് കയറണമെന്ന്. ഈ സദസ്സിനെ സാക്ഷിയാക്കി ഞാന്‍ പറയുന്നു, ആ കുടക്കീഴില്‍ കയറാന്‍ ഞാന്‍ തയ്യാറാണ്'' മാണി സി. കാപ്പന്‍ എം.എല്‍.എ. പറഞ്ഞപ്പോള്‍ സദസ്സ് കാതു കൂർപ്പിച്ചു. 


നഗരസഭാ പ്ലാറ്റിനം ജൂബിലി ആഘോഷ സമ്മേളന വേദിയിൽ സംസാരിക്കുകയായിരുന്നൂ മാണി.സി. കാപ്പൻ.

കഴിഞ്ഞ ദിവസം നഗരസഭയില്‍ നടത്തിയ വികസന സെമിനാറില്‍ ഇടതുമുന്നണിയിലെ ഒരു നേതാവാണ്, വികസനത്തിനായി രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ  മറന്ന് എല്ലാവരും ഒരു കുടക്കീഴില്‍ കയറണമെന്ന് നിര്‍ദ്ദേശിച്ചത്.

അതോടൊപ്പം ചേരാന്‍ തയ്യാറാണെന്നാണ് മാണി സി. കാപ്പന്‍ ഇന്നലെ പ്രഖ്യാപിച്ചത്.

പല കാര്യങ്ങളിലും ഇടതു മുന്നണി നയിക്കുന്ന നഗരസഭാ ഭരണ നേതൃത്വത്തോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിട്ടുള്ള  മാണി സി. കാപ്പന്റെ ''ഒരു കുടക്കീഴില്‍'' പ്രയോഗം ഏറെ കൗതുകത്തോടെയാണ് സദസ്സ് കേട്ടിരുന്നത്.


 

 
" വേദിയിലിരിക്കെ ഞാൻ ജോസ്. കെ.മാണിയോടു പറഞ്ഞു; ഫുഡ് പാർക്ക് കൊണ്ടുവരാൻ നമുക്ക് ഒന്നിച്ചു നിൽക്കാം .അതു പോലെ അരുണാപുരം ചെക്ക്ഡാം കം ബ്രിഡ്ജ് കൊണ്ടു വരാം.എൻ്റെ സുഹൃത്ത് മന്ത്രി റോഷി അഗസ്റ്റ്യൻ ഇവിടെയുണ്ട്.  ഒരു വർഷമായി അരുണാപുരം ചെക്ക് ഡാം ഫയലിനു മേൽ അടയിരിക്കുകയാണ്...." വേദിയിലിരുന്ന മന്ത്രി റോഷിയെ നോക്കി ചിരിച്ചു കൊണ്ട് മാണി.സി. കാപ്പൻ പറഞ്ഞപ്പോൾ മന്ത്രിയുടെ മുഖത്തും പുഞ്ചിരി.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments