ഭക്ഷ്യസുരക്ഷ പാലിച്ചില്ല... പാലായിലെ പച്ചക്കറി, പലചരക്ക്, മീന്‍ വ്യാപാരകേന്ദ്രം അടപ്പിച്ചു... 50 കടകളില്‍ കൂടി ക്രമക്കേട് കണ്ടെത്തി



ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച പാലാ നഗരത്തിലെ പച്ചക്കറി, മീന്‍, പലചരക്കു വില്‍പനകേന്ദ്രം ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയെത്തുടര്‍ന്ന് അടച്ചുപൂട്ടി. പാലാ സ്റ്റേഡിയത്തിന് എതിര്‍വശത്തുള്ള സ്ഥാപനമാണ് സംയുക്ത സ്‌ക്വാഡിന്റെ പരിശോധനയെത്തുടര്‍ന്ന് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നിര്‍ദേശപ്രകാരം അടച്ചുപൂട്ടിയത്. 


 

വിലക്കയറ്റവും പൂഴ്ത്തിവയ്പും തടയുന്നതിനായി ജില്ലയില്‍ അഞ്ചു താലൂക്കുകളിലും ഇന്നലെ (ജൂലൈ 15) സംയുക്ത സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 50 ക്രമക്കേടുകളാണ് കണ്ടെത്തിയത്. 34000 രൂപ പിഴയും ഈടാക്കി. 

 


ഇന്നലെ 114 വ്യാപാരസ്ഥാപനങ്ങളിലാണ് സംയുക്ത സ്‌ക്വാഡ് പരിശീലനം നടത്തിയത്. ഇതോടെ മൂന്നുദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ 164 സ്ഥാപനങ്ങളിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. പച്ചക്കറി, പലചരക്ക് മൊത്ത, ചില്ലറ വ്യപാര സ്ഥാപനങ്ങളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലുമായി ആകെ 256 കേന്ദ്രങ്ങളിലാണ് ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ, പൊതുവിതരണം, റവന്യൂ, പൊലീസ് എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുന്ന സംയുക്ത സ്‌ക്വാഡ് മൂന്നുദിവസമായി പരിശോധന നടത്തിയത്. ആറു സംഘങ്ങളായിട്ടായിരുന്നു പരിശോധന. 



ഇന്നലെ കോട്ടയം താലൂക്കില്‍ 24 കടകളില്‍ നടന്ന പരിശോധനയില്‍ 17 ഇടത്തും ചങ്ങനാശേരിയില്‍ 16 കടകളില്‍ 8 ഇടത്തും കാഞ്ഞിരപ്പള്ളിയില്‍ 41 കടകളില്‍ 12 ഇടത്തും മീനച്ചിലില്‍ 18 കടകളില്‍ 8 ഇടത്തും വൈക്കം താലൂക്കില്‍ 15 കടകളില്‍ 5 ഇടത്തും ക്രമക്കേട് കണ്ടെത്തി.

 


വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കാതെയും പായ്ക്കറ്റുകളില്‍ വില കൃത്യമായി രേഖപ്പെടുത്താതെയും കാലാവധി കഴിഞ്ഞ ഉല്‍പന്നങ്ങള്‍ വില്‍പനയ്ക്കുവച്ചതും, വൃത്തിഹീനമായ രീതിയില്‍ ഉല്‍പന്നങ്ങള്‍ വില്‍പനയ്ക്കു വച്ചത് അടക്കമുള്ള ക്രമക്കേടുകളാണു കണ്ടെത്തിയത്. പരിശോധന വരുംദിവസങ്ങളിലും തുടരാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments