ഏറ്റുമാനൂര്‍ - എറണാകുളം റോഡില്‍ വളവുകള്‍ നിവര്‍ത്തുന്നു




വാഹനയാത്രക്കാരുടെ ഒരു ചിരകാല സ്വപ്നസാക്ഷാത്കാരത്തിന് തുടക്കം കുറിച്ചു കൊണ്ട് ഏറ്റുമാനൂര്‍ - എറണാകുളം റോഡിലെ കൊടുീ വളവുകള്‍ നിവര്‍ത്തുന്നതിനുള്ള നടപടികള്‍ക്ക് പച്ചക്കൊടി വീശി ഭൂമി ഏറ്റെടുക്കലിന് വിജ്ഞാപനം ഇറങ്ങി. 

വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതിക്ക് ഇതോടെ ജീവന്‍ വച്ചു. ഏറ്റുമാനൂരിനു സമീപം പട്ടിത്താനം ജംഗ്ഷന്‍ മുതല്‍ തലയോലപ്പറമ്പ് പള്ളിക്കവല വരെയുള്ള 41 കൊടുംവളവുകളാണ് ഈ പദ്ധതിയില്‍ നടു നിവര്‍ത്തുന്നത്. സുഗമവും സുരക്ഷിതവും അപകടരഹിതവുമായ റോഡ് യാത്രാ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഇതിനായി 1.1859 ഹെക്ടര്‍ ഭൂമി സ്വകാര്യ വ്യക്തികളുടെ കൈവശത്തു നിന്നും ഏറ്റെടുത്ത് റോഡ് നിര്‍മ്മാണത്തിനായി റവന്യൂ വകുപ്പ് പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് കൈമാറും. മീനച്ചില്‍ താലൂക്കിലെ കാണക്കാരി വൈക്കം താലൂക്കിലെ മുട്ടുചിറ ,കോതനല്ലൂര്‍, മാഞ്ഞൂര്‍, കടുത്തുരുത്തി, വടയാര്‍ വില്ലേജുകളില്‍ നിന്നായിട്ടാണ് ഭൂമി ഏറ്റെടുക്കുന്നത്.


ഇതിനായി കോട്ടയം ജില്ലാ കളക്ടര്‍ പ്രാരംഭ വിജ്ഞാപനം 2013-ലെ ചട്ടപ്രകാരം പുറപ്പെടുവിച്ചു.ഇതോടൊപ്പം സാമൂഹിക പ്രത്യാഘാത വിലയിരുത്തല്‍ പഠനരേഖയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാലാ ലാന്റ് അക്വിസിഷന്‍ (ജനറല്‍) സ്‌പെഷ്യല്‍ തഹസില്‍ ദാര്‍ക്കാണ് ഭൂമി ഏറ്റെടുക്കലിന്റെ ചുമതല നല്‍കിയിരിക്കുന്നത്.

ഏറ്റവും വാഹന ഗതാഗത തിരക്കേറിയ ഏറ്റുമാനൂര്‍ - തലയോലപ്പറമ്പ് റോഡ് കൊടുംവളവുകള്‍ നിറഞ്ഞതാണ്. ഏഴു മീറ്റര്‍ ടാറിംഗ് വീതി മാത്രമാണ് ഉള്ളത്.അപകടങ്ങള്‍ ഒഴിഞ്ഞ ദിവസങ്ങളേ ഈ റോഡില്‍ ഇല്ല. കൂറ്റന്‍ ടെയ്‌ലറുകളും നീളം കൂടിയ കണ്ടെയ്‌നര്‍ ലോറികളും വലിയ മറ്റു ചരക്കു വാഹനങ്ങളും നിര നിരയായി കടന്നു പോകുന്ന പാതയില്‍ യാത്രാ വാഹനങ്ങള്‍ക്ക് മററു വാഹനങ്ങളെ മറികടക്കുക ഈ ഭാഗങ്ങളില്‍ വളരെ ബുദ്ധിമുട്ടാണ്. 

അപകടരഹിതമാകുംവിധം ഇരുനിര വാഹന ഗതാഗതം സുഗമമാക്കുന്നതിനായി റോഡ് വികസനത്തിന് നടപടി സ്വീകരിച്ച എല്‍.ഡി.എഫ് സര്‍ക്കാരിനെയും പൊതുമരാമത്ത് വകുപ്പ് അധികൃതരെയും പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ ജയ്‌സണ്‍ മാന്തോട്ടം അഭിനന്ദിച്ചു.വാഹനയാത്രക്കാരുടെ വര്‍ഷങ്ങളുടെ ആവശ്യമാണ് നടപ്പാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കടുത്തുരുത്തി ബൈപാസിനും മോചനമാകും. 


ഈ റോഡില്‍ അപകടം ഉണ്ടായാലും ഏതെങ്കിലും ജംഗ്ഷനുകളില്‍ പ്രകടനമോ പൊതുയോഗമോ ഉണ്ടായാലും മണിക്കൂറുകള്‍ ഗതാഗതം സ്തംഭിക്കുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. വളവുകള്‍ നിവര്‍ത്തുന്നതിനോടൊപ്പം ടാര്‍ വീതി കുറഞ്ഞത് പത്ത് മീറ്റര്‍ എങ്കിലും ആക്കിയാലേ സുഗമമായ യാത്ര സാദ്ധ്യമാകൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

റോഡ് വികസനം യാത്രാ സമയ ലാഭവും തടസ്സരഹിത വാഹനയാത്രയും സാദ്ധ്യമാക്കുമെന്ന് ജയ്‌സണ്‍മാന്തോട്ടം പറഞ്ഞു. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന റോഡ് നവീകര പദ്ധതി എല്‍.ഡി.എഫിന്റെ നിരന്തര ഇടപെടലിലാണ് ഇപ്പോള്‍ നടപ്പാക്കുന്നതെന്ന് എല്‍.ഡി.എഫ് കടുത്തുരുത്തി നിയോജക മണ്ഡലം കണ്‍വീനര്‍ തോമസ് കീപ്പുറം പറഞ്ഞു. 

എറ്റെടുക്കുന്ന ഭൂമിക്ക് ഉയര്‍ന്ന നഷ്ട പരിഹാര പാക്കേജ് ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments