നട്ടെല്ലിന്റെ കശേരു ഒടിഞ്ഞ 73 വയസുള്ള സ്ത്രീക്ക് ശസ്ത്രക്രിയ ഇല്ലാതെ വെര്‍ട്ടിബ്രല്‍ ബോഡി സ്റ്റെന്റിംഗ് ചികിത്സയിലൂടെ രോഗം മാറ്റി പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ന്യൂറോ ആന്‍ഡ് സ്‌പൈന്‍ സര്‍ജറി വിഭാഗം.
തെക്കന്‍ കേരളത്തില്‍ ആദ്യമായാണ് ഈ ചികിത്സ രീതിയിലൂടെ നടുവേദന മാറ്റുന്നതെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. 3 മാസമായി വിട്ടുമാറാത്ത നടുവേദനയെ തുടര്‍ന്നാണ് ഇവര്‍ ചികിത്സ തേടി മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ എത്തിയത്.
ഡോക്ടര്‍മാര്‍ നടത്തിയ വിദഗ്ദ പരിശോധനയില്‍ നട്ടെല്ലിന്റെ കശേരു ഒടിഞ്ഞു ശരീരം കൂനുന്നതായി കണ്ടെത്തി. 3 വര്‍ഷം മുമ്പ് മറ്റൊരു അപകടവും ഈ രോഗിക്കു സംഭവിച്ചിരുന്നു. സാധാരണ ഈ വിധത്തിലുള്ള പരുക്കിന് ശസ്ത്രക്രിയയാണ് നിര്‍ദേശിക്കുന്നത്.
രോഗിയുടെ പ്രായം പരിഗണിച്ചു ശസ്ത്രക്രിയക്ക് പകരമായി വെര്‍ട്ടിബ്രല്‍ ബോഡി സ്റ്റെന്റിംഗ് രീതിയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഹൃദ്രോഗികള്‍ക്ക് ഉപയോഗിക്കുന്ന മാതൃകയില്‍ നട്ടെല്ലില്‍ സ്റ്റെന്‍ഡ് ഉപയോഗിച്ച ശേഷം ബോണ്‍ സിമന്റ് ഉപയോഗിച്ചുള്ള ചികിത്സ രീതിയാണിത്.
നൂതന ചികിത്സക്കു ശേഷം നട്ടെല്ല് പൂര്‍വ സ്ഥിതിയിലാകുകയും വേദന പൂര്‍ണമായി മാറുകയും ചെയ്ത രോഗി അടുത്ത ദിവസം ഡിസ്ചാര്‍ജ്ജാകുകയും ചെയ്തു.
ന്യൂറോ ആന്‍ഡ് സ്‌പൈന്‍ സര്‍ജറി വിഭാഗത്തിലെ ഡോ. സുശാന്ത് സുബ്രഹ്മണ്യം, ഡോ. ശ്യാം ബാലസുബ്രഹ്മണ്യം, ഡോ. ടോം ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ.




0 Comments