യൂത്ത് ലീഗിന്റെ മാര്‍ച്ചിന് മറുപടിയുമായി എംഎല്‍എ





ഈരാറ്റുപേട്ടയില്‍  മിനി സ്റ്റേഷന്‍ സ്ഥാപിക്കുന്നതും, സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മ്മാണവും വൈകുന്നു എന്ന് ആരോപിച്ച് ഒരു പ്രമുഖ പ്രതിപക്ഷ രാഷ്ട്രീയകക്ഷിയുടെ യുവജന വിഭാഗം എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്.

ആദ്യം എനിക്ക് ആ യുവ സുഹൃത്തുക്കളോട് സൂചിപ്പിക്കാനുള്ളത് നിങ്ങള്‍ മാര്‍ച്ച് നടത്തുന്നതിനു മുന്‍പ് നിങ്ങളുടെ മാതൃ സംഘടനയിലെ മുതിര്‍ന്ന നേതാക്കളോട് ഒന്ന് ചോദിക്കണമായിരുന്നു. വര്‍ഷങ്ങളോളം അധികാരത്തില്‍ ഇരുന്നിട്ടും, നിങ്ങളുടെ പാര്‍ട്ടിക്ക് മുഖ്യമന്ത്രിയും, 5 മന്ത്രിമാരും ഒക്കെയുള്ള കാലഘട്ടങ്ങള്‍ ഉണ്ടായിരുന്നിട്ടും എന്തേ ഈരാറ്റുപേട്ടയില്‍ മിനി സിവില്‍ സ്റ്റേഷന്‍ സ്ഥാപിച്ചില്ല...? സ്മാര്‍ട്ട് വില്ലേജ് ഓഫീസും കൊണ്ടുവന്നില്ല..?

എന്നാല്‍ ഇതിനോക്കെ രണ്ടാം പിണറായി സര്‍ക്കാരും, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എയും വേണ്ടിവന്നില്ലേയെന്ന്.

സംസ്ഥാന ബഡ്ജറ്റില്‍ ഒരു എംഎല്‍എയ്ക്ക് 20 പദ്ധതികള്‍ നിര്‍ദ്ദേശിക്കാം. എന്നാല്‍ സാമ്പത്തിക പ്രയാസം മൂലം കഴിഞ്ഞ രണ്ടു വര്‍ഷവും ഭരണാനുമതി ലഭിച്ചത് ഓരോ പദ്ധതിക്ക് മാത്രമാണ്. ആ പദ്ധതി ഏതെന്ന് ബന്ധപ്പെട്ട എംഎല്‍എക്ക് നിശ്ചയിക്കാം. ഞാന്‍ എംഎല്‍എ ആയി ആദ്യവര്‍ഷം തന്നെ ഭരണാനുമതി നേടിയെടുത്ത പദ്ധതി ഈരാറ്റുപേട്ട മിനി സിവില്‍ സ്റ്റേഷന്‍ ആണ്. അത് സ്ഥാപിക്കുന്നതിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടിലുള്ള 2.82 ഏക്കര്‍ സ്ഥലമാണ് ഏറ്റവും അനുയോജ്യമെന്ന് കണ്ട് അവിടെ മിനി സിവില്‍ സ്റ്റേഷന് സ്ഥലം ഏറ്റെടുക്കണമെന്ന് ആദ്യം നിര്‍ദ്ദേശിച്ചത് എംഎല്‍എ എന്നുള്ള നിലയില്‍ ഞാനാണ്.




ഇത് കാണിച്ച് അന്നത്തെ കോട്ടയം ജില്ലാ കളക്ടര്‍ ഡോ. പി കെ ജയശ്രീ ഐഎഎസിന് കത്ത് നല്‍കിയതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നിന്നും പകുതി സ്ഥലം മിനി സിവില്‍ സ്റ്റേഷന് വേണ്ടി ഏറ്റെടുക്കുന്നതിന് ജില്ലാ കളക്ടര്‍ നടപടികള്‍ ആരംഭിച്ചു. ഇതോടൊപ്പം തന്നെ ഈരാറ്റുപേട്ട വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ഓഫീസാക്കി പുതിയ കെട്ടിടം പണിയുന്നതിന് ബഹു. റവന്യൂ വകുപ്പ് മന്ത്രിയെ കണ്ട് നിവേദനം നല്‍കി 50 ലക്ഷം രൂപ അനുവദിപ്പിക്കുകയും, വില്ലേജ് ഓഫീസ് നിര്‍മ്മാണം അക്രെഡിറ്റഡ് ഏജന്‍സിയായ സംസ്ഥാന നിര്‍മ്മിത കേന്ദ്രത്തെ ഏല്‍പ്പിക്കുകയും ചെയ്തു. നിര്‍മ്മിതി കേന്ദ്രം ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടിലുള്ള ഉള്ളസ്ഥലത്ത് ഏതാനും പണികള്‍ നടത്തുകയും ചെയ്തു. അപ്പോഴേക്കും ആഭ്യന്തര വകുപ്പ് അതിശക്തമായ എതിര്‍പ്പുമായി രംഗത്ത് വരികയും, സ്മാര്‍ട്ട് വില്ലേജ് ഓഫീസ് അവിടെ സ്ഥാപിക്കാന്‍ പാടില്ല എന്നും, മിനി സിവില്‍ സ്റ്റേഷന് പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ സ്ഥലം നല്‍കുകയില്ല എന്നും നിലപാടെടുത്തു. പോലീസ് വകുപ്പിന്റെ വിവിധ വികസന ആവശ്യങ്ങള്‍ക്ക് ഈ സ്ഥലം ആവശ്യമുണ്ട് എന്നും, മധ്യതിരുവിതാംകൂറിലെങ്ങും; ആഭ്യന്തര വകുപ്പിന് ഇത്രയും സ്ഥലം ഒരുമിച്ചില്ല എന്നും അതുകൊണ്ട് പോലീസ് വകുപ്പിന്റെ ഭാവി വികസന ആവശ്യങ്ങള്‍ക്ക് ഈ സ്ഥലം അത്യാവശ്യമാണെന്നും പോലീസ് നിലപാടെടുത്തു. എന്നാല്‍ ആഭ്യന്തരവകുപ്പിന്റെ ഈ നിലപാട് ശരിയല്ല എന്നും നാടിന്റെ വികസനത്തിന് ഏറ്റവും അത്യാവശ്യമായതും ബഡ്ജറ്റില്‍ അനുവദിക്കപ്പെട്ടതുമായ മിനി സിവില്‍ സ്റ്റേഷനും, അതുപോലെതന്നെ സ്മാര്‍ട്ട് വില്ലേജ് ഓഫീസും നാടിനാവശ്യമാണെന്നും കാണിച്ച് അതിന് ഈ സ്ഥലം വിട്ടു കിട്ടിയേ മതിയാകൂ എന്നും ആവശ്യപ്പെട്ട് ഞാന്‍ ബഹു.മുഖ്യമന്ത്രി  പിണറായി വിജയന്‍ അവര്‍കളെ സമീപിക്കുകയും, അദ്ദേഹം പരിഗണിക്കാമെന്ന് അറിയിക്കുകയും ചെയ്തു. ഇത് സംബന്ധമായി ഞാന്‍ ബഹു. മുഖ്യമന്ത്രിക്ക് 27.07.2022 തീയതി MLA/PNJR/165/2022/TVM നമ്പരായും,04.01.2023 തീയതി MLA/PNJR/002/2023/TVM നമ്പരായും,10.05.2023 തീയതി MLA/PNJR/034/2023/TVM നമ്പരായും കത്തുകള്‍ നല്‍കുകയും 04.07.2022 ല്‍ നിയമസഭയില്‍ 1510 -)o നമ്പരായി ചോദ്യo ഉന്നയിക്കുകയും ചെയ്തു.( ഇവയുടെ കോപ്പി ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു) തുടര്‍ന്ന് ഇത് സംബന്ധമായി റവന്യൂ, ആഭ്യന്തര വകുപ്പുകളുമായി നിരന്തരമായ ഫോളോ അപ്പ് നടത്തി ഇപ്പോള്‍ മിനി സിവില്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് സ്ഥല ലഭ്യത സംബന്ധിച്ച ഫയല്‍ തീര്‍പ്പു കല്‍പ്പിക്കുന്നത്.



ഏതാണ്ട് അന്തിമഘട്ടത്തിലെത്തിയിരിക്കുകയാണ്. മിനി സിവില്‍ സ്റ്റേഷന് സ്ഥലം വിട്ടു നല്‍കുന്നത് പരിശോധിക്കുന്നതിന് 10.07.2023 തീയതി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

ഈ കത്തിന് അനുകൂല മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഞാന്‍ 11.07.2023 തീയതി 4 PM ന് സംസ്ഥാന പോലീസ് മേധാവി ശ്രീ.ഷേയ്ക്ക് ദര്‍വ്വേഷ് സാഹിബ് ഐ.പി.എസിനെ പോലീസ് ആസ്ഥാനത്ത് എത്തി നേരിട്ട് കണ്ട് ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്.

എപ്രകാരമാണെങ്കിലും സ്ഥല ലഭ്യത ഉറപ്പുവരുത്തി  ഈരാറ്റുപേട്ടയില്‍ മിനി സിവില്‍ സ്റ്റേഷനും, സ്മാര്‍ട്ട് വില്ലേജ് ഓഫീസും സ്ഥാപിക്കുക  തന്നെ ചെയ്യും. LDF സര്‍ക്കാരിന്റെ  നാടിനോടുള്ള പ്രതിബദ്ധതയുടെയും,  ഇച്ഛാശക്തിയുടെയും  പ്രതിരൂപമായി ഭാവിയില്‍ ഈരാറ്റുപേട്ടയില്‍ മിനി സിവില്‍ സ്റ്റേഷന്‍ ഉണ്ടാകും.  പതിറ്റാണ്ടുകള്‍ അധികാരത്തിന്റെ ശീതളഛായയില്‍ ഇരുന്നപ്പോഴൊന്നും ഈരാറ്റുപേട്ടയുടെ വികസനത്തെക്കുറിച്ച് ചിന്തിക്കാത്തവര്‍ ഇപ്പോള്‍ സമരവുമായി ഇറങ്ങുന്നത് പരിഹാസ്യമാണെന്നേ പറയാനുള്ളൂ. ഒന്നുകൂടി..  ഈരാറ്റുപേട്ട ഗ്രാമപഞ്ചായത്തും,  തുടര്‍ന്ന് മുനിസിപ്പാലിറ്റിയും രൂപീകരിച്ച ശേഷം ഓരോ വര്‍ഷവും ഈരാറ്റുപേട്ടയ്ക്ക് ലഭിച്ച ഗവണ്‍മെന്റ് ഫണ്ടുകള്‍ പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ ഫണ്ടുകള്‍ അനുവദിക്കപ്പെട്ടതും, നടപ്പിലാക്കിയതും ഇക്കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലാണ് എന്ന് ഏതു വേദിയിലും തെളിയിക്കാന്‍ ഞാന്‍ തയ്യാറാണ്.  അതുപോലെതന്നെ നിങ്ങള്‍ പിന്തുണയ്ക്കുന്ന സ്ഥലം എം.പി ഈരാറ്റുപേട്ടയുടെ വികസനത്തിന്  എന്തൊക്കെയാണ് ചെയ്തത് എന്ന് ഒരു താരതമ്യ പഠനത്തിന് കൂടി തയ്യാറാകണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

അവസാനമായി ഒന്നേ പറയാനുള്ളൂ.. സമരങ്ങള്‍ പ്രതിപക്ഷത്തിന്റെ അവകാശമാണ്.. അംഗീകരിക്കുന്നു. ജനപ്രതിനിധികള്‍  വിമര്‍ശന വിധേയരാവേണ്ടതുമാണ്. പക്ഷേ സമരവും, വിമര്‍ശനവും കഴമ്പുള്ളതാകണം. വസ്തുതാപരമാകണം.  അല്ലാത്തപക്ഷം  ജനം പുച്ഛിച്ചുതള്ളുന്നമെന്ന് ഓര്‍മിപ്പിക്കട്ടെ.

എന്ന് വിശ്വസ്തയോടെ

സെബാസ്റ്റിയന്‍ കുളത്തുങ്കല്‍
പൂഞ്ഞാര്‍ എം.എല്‍.എ.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments