കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഭാര്യയുടെ കൈയിലും തലയ്ക്കും വെട്ടി പരുക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍. ഒളമറ്റം അറയ്ക്കപ്പാറ മൂലയില്‍ ബെന്നി ജോസഫിനെയാ (38)ണ് തൊടുപുഴ പോലീസ് അങ്കമാലിയില്‍ നിന്നും പിടികൂടിയത്.
തൊടുപുഴ അറയ്ക്കപ്പാറ സ്വദേശിനി സുമി(37)ക്കാണ് പരുക്കേറ്റത്. കഴിഞ്ഞ 12നാണ് സംഭവം. തലേദിവസം മദ്യപിച്ചെത്തിയ ബെന്നി കോടാലിയുടെ കൈകൊണ്ട് സുമിയുടെ കാലിന് അടിച്ച് പരുക്കേല്‍പ്പിച്ചിരുന്നു.ബുധനാഴ്ച കുട്ടികള്‍ സ്‌കൂളിലേക്ക് പോയ സമയം പണിക്കെന്നു പറഞ്ഞുപോയ ബെന്നി അല്‍പനേരം കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തി.
തുടര്‍ന്ന് സുമിയെ കാരിക്കോട് ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി കാലിന് ചികിത്സ നല്‍കി. ഭാര്യ വീണ് പരുക്കേറ്റതാണെന്നാണ് ഇയാള്‍ ആശുപത്രിയില്‍ പറഞ്ഞത്. തിരിച്ച് വീട്ടിലെത്തിയശേഷം ആഹാരം ഉണ്ടാക്കാത്തതിനെ ചൊല്ലി ഭാര്യയോട് ബെന്നി വീണ്ടും വഴക്കിട്ടു. വീട്ടില്‍ കരുതിയിരുന്ന മദ്യം കഴിച്ചശേഷം ഇയാള്‍ കട്ടിലിനടിയില്‍ ഒളിപ്പിച്ചിരുന്ന വാക്കത്തി ഉപയോഗിച്ച് ഭാര്യയെ വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു.
കഴുത്തിന് വെട്ടാന്‍ ശ്രമിക്കുന്നതിനിടെ തടയാന്‍ ശ്രമിച്ചപ്പോഴാണ് സുമിയുടെ കൈകള്‍ക്കും തലയ്ക്കും പരുക്കേറ്റത്. സുമി ബഹളംവച്ചതോടെ അയല്‍വാസികള്‍ എത്തിയാണ് സുമിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ബെന്നിക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു.
സംഭവശേഷം മംഗലാപുരത്ത് ഒളിവില്‍ പോയ പ്രതിയെ പോലീസ് ഫോണ്‍ ലൊക്കേഷന്റെ സഹായത്തോടെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഇയാള്‍ തിരിച്ച് നാട്ടിലേക്ക് വരുന്നതിനിടെയാണ് അങ്കമാലിയില്‍ നിന്നും പോലീസ് സംഘം പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.




0 Comments