എഞ്ചിനീയറായ ആനപാപ്പാനുണ്ടോ...? ആശ്ചര്യപ്പെടേണ്ട, തമിഴ്‌നാട്ടിലെ അമ്മുക്കുട്ടി എന്ന ആനയുടെ പാപ്പാന്‍ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. മേലമ്പാറ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഗജമേളയോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ രസകരമായ ''ആനക്കഥകള്‍'' അവതരിപ്പിച്ചത് തിരക്കഥാകൃത്തും മാതംഗലീല ശാസ്ത്രപണ്ഡിതനുമായ ശ്രീകുമാര്‍ അരൂക്കുറ്റിയാണ്.
ഒരു കോടതി ആനയുടെ യഥാര്‍ത്ഥ ഉടമസ്ഥന്‍ ആരാണെന്ന് അറിയാന്‍ ഇടപെടുകയും പലരെ നിര്‍ത്തി ആനയുടെ അടുത്ത് വിട്ടെങ്കിലും യഥാര്‍ത്ഥ ഉടമസ്ഥന്‍ ചെന്നപ്പോള്‍ ആന കാണിച്ച സ്‌നേഹവാത്സല്യങ്ങളെക്കുറിച്ചും ശ്രീകുമാര്‍ വിശദീകരിച്ചു. സ്വന്തം ആനയെ കൈമാറ്റം ചെയ്തപ്പോള്‍ ലഭിച്ച തുകയേക്കാള്‍ കൂടുതല്‍ തുക തന്റെ ആനയെ വര്‍ഷങ്ങളായി പരിചരിച്ച പാപ്പാന് നല്‍കിയ ഒരു ആനയുടമയുടെ കഥയും ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി.
ഇക്കാര്യങ്ങളുള്‍പ്പെടെ തന്റെ ആനസ്‌നേഹത്തെക്കുറിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്ത ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ഇന്നലെ ഫേസ്ബുക്കിലും എഴുതി. നെന്‍മാറ എന്‍.എസ്.എസ്. കോളേജില്‍ അധ്യാപകനായിരുന്ന കാലഘട്ടത്തില്‍ ആനയെക്കുറിച്ച് ഏറെ മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്ന് പറയുന്ന ഡോ. എന്‍. ജയരാജ് അന്ന് സുഹൃത്തായ ഒരു കോളേജ് അധ്യാപകന്‍ തനിക്ക് സമ്മാനിച്ച കേരളത്തിലെ അക്കാലത്തെ എണ്ണംപറഞ്ഞ ആനകളുടെ മുഴുവന്‍ ചിത്രങ്ങള്‍ ഉള്‍പ്പെട്ട ഫോട്ടോ ആല്‍ബം ഇന്നും സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി.
സ്വന്തമായി ആനയില്ലെങ്കിലും ആനകളെ കണ്ടാല്‍ തനിക്ക് മതിവരികയേയില്ലെന്ന് ജയരാജ് കുറിക്കുന്നു. നിയമസഭയില്‍ താന്‍ ആനകള്‍ക്ക് രജിസ്‌ട്രേഷന്‍ ബുക്ക് വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഒരു മാധ്യമത്തില്‍ ''ആനയ്ക്കും ആര്‍.സി. ബുക്കോ?'' എന്നമട്ടില്‍ തമാശ വന്നതും ഫേസ്ബുക്കിലൂടെ ജയരാജ് ചൂണ്ടിക്കാട്ടുന്നു.
അമ്പാറ ദേവസ്വം പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തിലായിരുന്നു ആനയോളം വലിയ ആനക്കഥകള്‍ പിറന്നുവീണത്.




0 Comments