മെഡിക്കല്‍ മിഷന്‍ സന്യാസിനിമാരുടെ നേതൃത്വത്തില്‍ 1948 ല്‍ ആരംഭിച്ച ഭരണങ്ങാനം മേരിഗിരി (ഐ.എച്ച്.എം) ആശുപത്രിക്കിത് അഭിമാന നിമിഷം. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിനായി ഒരുങ്ങുകയാണ് മേരിഗിരി ആശുപത്രി.
വീഡിയോ ഇവിടെ കാണാം 👇👇👇
പാലാ രൂപത ആരംഭിക്കുന്നതിന് മുമ്പ് അന്ന് ചങ്ങനാശേരി രൂപതയുടെ ഭാഗമായിരുന്ന ഭരണങ്ങാനം ഇടവകയിലെ വൈദികനായിരുന്ന സെബാസ്റ്റ്യന്‍ പിണക്കാട്ടിന്റെ ദീര്‍ഘനാളായുള്ള സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു മേരിഗിരി ആശുപത്രിയുടെ തുടക്കം. മെഡിക്കല്‍ മിഷന്‍ സഭാ സ്ഥാപകയായ മദര്‍ അന്ന ഡെങ്കലുമായി സെബാസ്റ്റ്യനച്ചന്‍ നടത്തിയ ആശയവിനിമയമാണ് മേരിഗിരിയുടെ പിറവിക്ക് വഴിതെളിച്ചത്.
കേരളത്തില്‍ മെഡിക്കല്‍ മിഷന്‍ സന്യാസിനീ സമൂഹത്തിന് തുടക്കം കുറിക്കാനും ഭരണങ്ങാനത്ത് ആശുപത്രി സ്ഥാപിക്കാനും മദര്‍ ഡെങ്കല്‍ തീരുമാനമെടുക്കുകയായിരുന്നു.
മെഡിക്കല്‍ രംഗത്ത് സേവനം ചെയ്യുന്നതിന് അര്‍പ്പണ മനോഭാവവും സഹാനുഭൂതിയും സേവനസന്നദ്ധതയും മാത്രം പോരാ, പ്രൊഫഷണല്‍ വിദ്യാഭ്യാസവും അനിവാര്യമാണെന്ന് അറിയാമായിരുന്ന മദര്‍ ഡെങ്കല്‍ സന്യാസ ജീവിതത്തോട് താല്പര്യം ഉള്ള പഠനത്തില്‍ സമര്‍ത്ഥരായ കത്തോലിക്കാ പെണ്‍കുട്ടികളെ നഴ്‌സിംഗ് പഠനത്തിനായി അന്ന് ഇന്ത്യയുടെ ഭാഗമായിരുന്ന പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയിലേക്ക് അയക്കാന്‍ സെബാസ്റ്റ്യനച്ചനോട് ആവശ്യപ്പെടുകയായിരുന്നു.
സമര്‍ത്ഥരായ പെണ്‍കുട്ടികള്‍ നഴ്‌സിംഗ് പഠനത്തിനും തുടര്‍ന്ന് സന്യാസ പരിശീലനത്തിനും ആയി ധൈര്യപൂര്‍വം ഇറങ്ങിത്തിരിക്കുകയും പ്രൊഫഷണല്‍ ട്രെയിനിങ് നേടുകയും ചെയ്തു. കേരളത്തില്‍ തിരിച്ചെത്തിയ ഇവര്‍ക്ക് അമേരിക്കയില്‍ നിന്ന് എത്തിയ മെഡിക്കല്‍ മിഷന്‍ സഹോദരിമാര്‍ സന്യാസ പരിശീലനംകൂടി നല്‍കി. സിസ്റ്റര്‍ ജോണ്‍ കുത്തിവളച്ചേല്‍, സിസ്റ്റര്‍ സേവ്യര്‍ കുന്നേല്‍, സിസ്റ്റര്‍ ആന്‍ കയത്തുംകര, സിസ്റ്റര്‍ ഫ്രാന്‍സിസ് പുല്ലുകാട്ട് എന്നീ നാല് മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ 1948 മാര്‍ച്ച് 19ന് സീറോ മലബാര്‍ സഭയുടെ കീഴിലെ രണ്ടാമത്തെ ആശുപത്രിയായി 12 കിടക്കകളോടെ എളിയ രീതിയില്‍ മേരിഗിരി എന്ന ഐ.എച്ച്.എം (ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി ഹോസ്പിറ്റല്‍) ആശുപത്രി അങ്ങനെ തുടങ്ങി.
ഫാ. സെബാസ്റ്റ്യന്റെയും ചങ്ങനാശ്ശേരി രൂപതാധ്യക്ഷനായിരുന്ന ബിഷപ്പ് മാര്‍ ജെയിംസ് കാളാശേരിയുടെയും നല്ലവരായ നാട്ടുകാരുടെയും സംസ്ഥാന സര്‍ക്കാരിന്റെയും അകമഴിഞ്ഞ പിന്തുണയും സഹായവും കൊണ്ടാണ് ആശുപത്രി പടുത്തുയര്‍ത്തിയത്.
മേരിഗിരി ആശുപത്രി പടിപടിയായി വളര്‍ന്ന് ഇന്ന് 100 കിടക്കകളുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ ജനറല്‍ ആശുപത്രിയായി പ്ലാറ്റിനം ജൂബിലിയുടെ തിളക്കത്തില്‍ എത്തിനില്‍ക്കുകയാണ്. ഇന്ന് 100-ല്‍ ഡോക്ടര്‍മാരും 200-ഓളം നഴ്‌സുമാരും മറ്റ് പാരാമെഡിക്കല്‍ ജീവനക്കാരും ഉള്‍പ്പെട്ട വലിയൊരു സംഘം ആതുരശുശ്രൂഷകരാണ് മേരിഗിരിയുടെ പിന്‍ബലം.
1957 എന്‍.എം ട്രെയിനിങ്ങോട് തുടക്കം കുറിച്ച നഴ്‌സിംഗ് സ്‌കൂള്‍ 1960 ല്‍ ജി എന്‍ എം കോഴ്‌സ് ആയി ഉയര്‍ത്തി. ഇവിടെനിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ഥിനികള്‍ ഇന്ന് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുന്നു. ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റിയിലേക്ക് നീങ്ങാതെ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും എത്തിപ്പെടാവുന്ന ജനറല്‍ ആശുപത്രിയായി. ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, പീഡിയാട്രിക്‌സ്, ഗൈനക്കോളജി ഓര്‍ത്തോപീഡിക്, സൈക്യാട്രി, ഇഎന്‍ടി, അനസ്‌തേഷ്യയോളജി, ഡെന്റഓല്‍, ആയുര്‍വേദം, കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി എന്നീ വിഭാഗങ്ങളിലായി മുന്നോട്ടുപോവുകയാണ്. കഴിഞ്ഞ 75 വര്‍ഷത്തിനുള്ളില്‍ എണ്‍പതിനായിരത്തില്‍പരം കുഞ്ഞുങ്ങളാണ് ഈ ആശുപത്രിയില്‍ പിറന്നത്. ഐഎസ്ഒ, ബേബി ഫ്രണ്ട്ലി ഹോസ്പിറ്റല്‍ അവാര്‍ഡ്, എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ എന്നിവയെല്ലാം മേരിഗിരിക്കു നേടാന്‍ സാധിച്ചു.
ജൂബിലി വര്‍ഷത്തില്‍ വിവിധങ്ങളായ പരിപാടികള്‍ നടത്തുകയും പുതിയ സംരംഭങ്ങള്‍ ആരംഭിക്കകയും ചെയ്യുന്നു. പ്ലാറ്റിനം ജൂബിലിയാലോഷങ്ങളുടെ ഭാഗമായി 75 ആശുപത്രി ജീവനക്കാര്‍ ജൂബിലി വര്‍ഷം രക്തദാനത്തിന് സന്നദ്ധരായി. അതോടൊപ്പം ഈ ആശുപത്രിയില്‍ ജനിച്ച കുട്ടികളുടെ സംഗമം, മുന്‍ ജീവനക്കാരുടെ സംഗമം, നഴ്‌സിംഗ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ അലുമിനി മീറ്റിംഗ്, ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സംഗമം, മേരിഗിരി ആശുപത്രിയുടെ ആഭ്യുദയ കാംക്ഷികളുടെ സംഗമം എന്നിങ്ങനെ വ്യത്യസ്തമായ പരിപാടികളും നടത്തി.
മേരിഗിരിയിലെ ആശുപത്രിയിലെ പൊതുജനാരോഗ്യവിഭാഗം വഴി നടത്തുന്ന സെന്റ് അല്‍ഫോന്‍സാ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഭരണങ്ങാനം അരുവിത്തുറ ഇടവകകളില്‍ സ്വാന്തന പരിചരണ പരിപടികള്‍ ജൂബിലി വര്‍ഷത്തില്‍ സൗജന്യമായി നല്‍കി. പ്ലാറ്റിനം ജൂബിലി സ്മാരകമായി ആശുപത്രി പുതുതായി ഒരു എം.ആര്‍.ഐ., സി.റ്റി. യൂണിറ്റുകള്‍ക്കൂടി ആരംഭിക്കുകയാണെന്ന് സിസ്റ്റര്‍ മിനി തോമസ് പറഞ്ഞു.
പ്ലാറ്റിനം ജൂബിലിയാഘോഷ പരിപാടികള്‍ 17 ന്
ഭരണങ്ങാനം മേരിഗിരി (ഐ.എച്ച്.എം.) ആശുപത്രി പ്ലാറ്റിനം ജൂബിലിയുടെ നിറവില്‍. ജൂബിലിക്കായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ മിനി തോമസ് എം.എം.എസ്., അസി. അഡ്മിനിസ്‌ട്രേറ്റര്‍ ജോസ്ബിന്‍ മാത്യു എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്ലാറ്റിനം ജൂബിലി ആഘോഷ സമാപന സമ്മേളനം 17-ാം തീയതി 2 മണിക്ക് ആശുപത്രി അങ്കണത്തില്‍ നടക്കും. പാലാ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ജൂബിലി പൊതുസമ്മേളനം ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.
പ്ലാറ്റിനം ജൂബിലി സ്മാരക എം.ആര്‍.ഐ., സി.റ്റി. ബ്ലോക്കിന്റെ ശിലാസ്ഥാപനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കും. എം.പിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടന്‍, മാണി സി. കാപ്പന്‍ എം.എല്‍.എ., മെഡിക്കല്‍ മിഷന്‍ സഭ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആഗ്നസ് ലാന്‍ഫെര്‍മാന്‍, കാത്തലിക് ഹെല്‍ത്ത് അസ്സോസ്സിയേഷന്‍ കേരളാ ഘടകം പ്രസിഡന്റ് റവ.ഡോ.ബിനു കുന്നത്ത്, സിസ്റ്റര്‍ ലില്ലി ജോസഫ് നെല്ലിക്കുന്നേല്‍, ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി സണ്ണി, റവ. ഫാ. സഖറിയാസ് ആട്ടപ്പാട്ട്, റവ. ഫാ. സിബി പാറടിയില്‍, സിസ്റ്റര്‍ എലിസബത്ത് തുടങ്ങിയവര്‍ ആശംസകള്‍ നേരും.




0 Comments