അല്‍ഫോന്‍സാ തിരുനാള്‍; മാലിന്യങ്ങള്‍ മുഴുവന്‍ നീക്കിയ ഭരണങ്ങാനം പഞ്ചായത്ത് ഹരിതകര്‍മ്മസേന മാതൃകയായി.



പതിനായിരങ്ങള്‍ പങ്കെടുത്ത ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പത്തുദിവസം നീണ്ട തിരുനാളിന് ശേഷമുള്ള മാലിന്യങ്ങള്‍ മുഴുവന്‍ നീക്കി ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മസേന മാതൃകയായി. 

 


തിരുനാള്‍ ദിവസങ്ങളിലെല്ലാം പള്ളിയും പരിസര പ്രദേശങ്ങളും തുടര്‍ച്ചയായി വൃത്തിയാക്കിയ 13 അംഗ ഹരിതകര്‍മ്മസേനാംഗങ്ങള്‍ പള്ളി മൈതാനിയില്‍ നിര്‍മ്മിച്ച ഹരിത സ്റ്റാളും ഏറെ ശ്രദ്ധേയമായിരുന്നു. 

ഹരിത പ്രോട്ടോക്കോള്‍ പാലിച്ച് ഭരണങ്ങാനം പള്ളി തിരുന്നാള്‍ ഏറെ ഭംഗിയാക്കുന്നതിനായാണ് ഹരിത സ്റ്റാള്‍ പ്രദര്‍ശനം നടത്തിയത്. ഇതോടൊപ്പം ജൈവ മാലിന്യ സംസ്‌കരണ ഉപാധികളുടെ പ്രദര്‍ശനവും ഏര്‍പ്പെടുത്തിയിരുന്നു. ആയിരക്കണക്കിന് വിശ്വാസികളാണ് ഈ ഹരിതസ്റ്റാള്‍ സന്ദര്‍ശിച്ചത്. ജില്ലാ ശുചിത്വമിഷന്‍, കുടുംബശ്രീ, എസ്.ഇ.യു.എഫ്. എന്നിവയുടെകൂടി സഹായത്തോടെയായിരുന്നു പള്ളിയങ്കണത്തില്‍ ഹരിതകര്‍മ്മസേന ഹരിതഭവനം സ്ഥാപിച്ചത്. ഓലകള്‍ മെടഞ്ഞ് തനി പരമ്പരാഗത രീതിയിലായിരുന്നു ഇതിന്റെ നിര്‍മ്മാണം. നവകേരളം, ഹരിതകേരളം പ്രതിനിധികളും പ്രദര്‍ശനത്തിന് നേതൃത്വം നല്‍കി.



പെരുന്നാള്‍ തീര്‍ന്നയുടന്‍ ഓലകൊണ്ട് മെടഞ്ഞുണ്ടാക്കിയ വേസ്റ്റ് ബിന്നുകളില്‍ ഹരിതകര്‍മ്മസേന മാലിന്യങ്ങള്‍ ശേഖരിച്ചു. പിന്നീട് ചാക്കുകളിലും നിറച്ച മാലിന്യങ്ങള്‍ എം.സി.എഫിലേക്ക് മാറ്റി. പെരുന്നാള്‍, ഉത്സവങ്ങളുടെ ഭാഗമായി ഹരിത സ്റ്റാള്‍ നിര്‍മ്മിച്ച കോട്ടയം ജില്ലയിലെ നാലാമത്തെയും ളാലം ബ്ലോക്കിലെ ആദ്യത്തെയും പഞ്ചായത്താണ് ഭരണങ്ങാനം. 



ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കണ്‍സോര്‍ഷ്യം പ്രസിഡന്റ് സുമിത, സെക്രട്ടറി രമ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രശ്മി മോഹന്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സിന്ധു പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി. ജയ രാജു, മിനി ജോബി, ഉഷ മധു, രമ റെജി, വിമല, ജിഷമോള്‍, തങ്കമണി, മിനി ഷാജി, മഞ്ജു സദാനന്ദന്‍, സുജ ജി.കെ., ആന്‍സമ്മ കെ.ജെ., ആശാ ഷാജി, സുമിത സി. എന്നിവരാണ് ഹരിതം സ്റ്റാള്‍ നിര്‍മ്മിക്കുന്നതിനും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും മുന്നിട്ടറങ്ങിയത്.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments