സംസ്ഥാന അഗ്‌നിശമന സേനാ വകുപ്പിന് പുതിയതായി ലഭ്യമായ ഏറ്റവും ആധുനികമായ 5000 ലിറ്റര്‍ കപ്പാസിറ്റിയുള്ള 6 മൊബൈല്‍ ടാങ്ക് യൂണിറ്റ് വാഹനങ്ങളില്‍ ഒരെണ്ണം ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സ് സ്റ്റേഷന് ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ അറിയിച്ചു.
പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ പ്രകൃതി ദുരന്ത സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് ആകെ ലഭിച്ച ആറുവാഹനങ്ങളില്‍ ഒരെണ്ണം ഈരാറ്റുപേട്ടയ്ക്ക് അനുവദിച്ചതെന്ന് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ ചൂണ്ടിക്കാട്ടി.
50 ലക്ഷം രൂപയോളം വിലവരുന്ന പുതിയ മൊബൈല്‍ ടാങ്ക് യൂണിറ്റില്‍ ഹോണ്ട പമ്പ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നാല് ഡെലിവറി വാല്‍വും, അതുപോലെതന്നെ ഡിജിറ്റല്‍ ഡിസ്‌പ്ലേ തുടങ്ങിയ പ്രത്യേകതകളും ഉള്ളതാണ്. പുതുതായി ലഭിച്ച വാഹനം. കൂടാതെ തീപിടുത്തം അടക്കമുള്ള സന്ദര്‍ഭങ്ങളില്‍ വാട്ടര്‍ ഗണ്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍ വാഹനത്തിനുള്ളില്‍ നിന്നുതന്നെ നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തിലാണ് പുതിയ വാഹനം ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ വാഹനം ലഭ്യമായതോടെ അടിയന്തര സാഹചര്യങ്ങളില്‍ ഈരാറ്റുപേട്ടയിലും പരിസരപ്രദേശങ്ങളിലും മറ്റും ഈരാറ്റുപേട്ട അഗ്‌നിശമന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗതയിലും കാര്യക്ഷമമായും നടപ്പിലാക്കാന്‍ കഴിയുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.




0 Comments