പേരക്ക ബുക്‌സ് മൂന്നാമത് സാഹിത്യപുരസ്‌കാരത്തിന് പാലാ ചൂണ്ടച്ചേരി സ്വദേശി സിബി ജോൺ തൂവൽ അർഹനായി.
(അതിശയവലയും അത്ഭുതമീനും കുട്ടികള്‍ക്കുള്ള നോവല്‍) ആണ് സിബി ജോൺ തൂവലിനെ അവാർഡിന് അര്‍ഹനാക്കിയത്. പതിനായിരം രൂപയും പതിനായിരം രൂപയുടെ പുസ്തകങ്ങളുമാണ് പുരസ്കാരം.
കഥാകൃത്തും നോവലിസ്റ്റുമായ സിബിജോൺ തൂവൽ മലയാള മനോരമയില്‍ കോട്ടയത്തു ചീഫ് സബ് എഡിറ്ററാണ്. നോവലുകളും കഥകളും ബാലസാഹിത്യകൃതികളും മോട്ടിവേഷൻ കൃതികളുമടക്കം നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. നേരത്തെ പ്ലാനെറ്റ് എന്ന നോവലിനു സിബി ജോൺ തൂവലിനു എഴുത്തച്ഛൻ പഠന ഗവേഷണകേന്ദ്രത്തിന്റെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചിരുന്നു.
മണ്ണുടൽ– കറന്റ് ബുക്സ്, എംബാർഗോ–മാതൃഭൂമി ബുക്സ്, മർഡോമെട്രി–സൈകതം ബുക്സ്, ഡിഎൻഎ കോഡ്– സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് , ന്യൂജെൻ നേർവഴി–സോഫിയ ബുക്സ് എന്നിവയാണു സിബി ജോൺ തൂവലിന്റെ മറ്റു പ്രധാന കൃതികൾ.
പേരക്ക ബുക്സിന്റെ വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരം കോഴിക്കോട് സ്വദേശി അബ്ല്ദുല്ല പേരാമ്പ്രയ്ക്കാണ്.
116 വിവിധ വിഭാഗം ബാലസാഹിത്യ കൃതികളില്‍ നിന്നാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. അവസാന റൗണ്ടിലെത്തിയ ശ്രീനി ബാലുശ്ശേരി ദത്തുപുത്രന്‍ (നോവല്‍), ബാലചന്ദ്രന്‍ എരവില്‍ (കുട്ടികള്‍ക്കുള്ള കഥകള്‍), കെ.എസ് മിനി (എ.കെ.ജിയുടെ കഥ ജീവചരിത്രം), വാക്കിന്റെ വില അമീര്‍ കണ്ടല്‍ (കുട്ടികള്‍ക്കുള്ള കഥകള്‍) ആന്‍ ഫ്രാങ്ക് മുംതാസ് മുഹമ്മദ്(നോവല്‍) എന്നീ കൃതികളും തിരഞ്ഞെടുത്തു.
പി.കെ ഗോപി, റഫീഖ് പന്നിയങ്കര, ഹംസ ആലുങ്ങല്‍, ബിന്ദുബാബു എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. പുരസ്‌കാരം സെപ്റ്റംബറില്‍ കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് പേരക്ക ബുക്‌സ് മാനേജിംഗ് എഡിറ്റര്‍ ഹംസ ആലുങ്ങല്‍ അറിയിച്ചു.




0 Comments