2023ലെ കേരള ഗവണ്‍മെന്റ് ഭൂമി പതിച്ചു കൊടുക്കല്‍ ഭേദഗതി ബില്ലിനെ പ്രഥമ ദൃഷ്ട്യാ സ്വാഗതം ചെയ്യുന്നുവെന്ന് ഇടുക്കി ലാന്‍ഡ് ഫ്രീഡം മൂവേമെന്റ് ഭാരവാഹികള്‍ അറിയിച്ചു.
1960ലെ ഭൂമി പതിവ് നിയമം ഭേദഗതി ചെയ്യാനുള്ള തീരുമാനം വളരെ നാളത്തെ കാത്തിരിപ്പിനു ശേഷം ലഭിക്കുന്ന പുതുമഴ പോലെയാണ് തങ്ങള്‍ കാണുന്നത്. എന്നാല്‍ വളരെയധികം ആശങ്കകളും ബില്ലിലുള്ള ഈ ഭേദഗതി നല്‍കുന്നുണ്ട്. നാലാം വകുപ്പില്‍ 'എ' എന്ന ഉപവകുപ്പ് നിലവില്‍ നിയമലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അവ ക്രമവല്‍ക്കരിക്കുന്നതിന് സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ്. ഏഴാം വകുപ്പ് രണ്ടാം ഉപവകുപ്പ്, പതിച്ചു നല്‍കപ്പെട്ട ഭൂമിയില്‍ സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേയമായി ഭൂമി ഉപയോഗത്തിന് അനുമതി നല്‍കുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ്.
ബില്‍ അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞ സാഹചര്യത്തില്‍ പോലും നിലവിലുള്ള നിയമമനുസരിചുള്ള ഭൂ വിനിയോഗം സംബന്ധിച്ചു ഗുണകരമായ വലിയ മാറ്റം വന്നിട്ടില്ല. ഭൂ വിനിയോഗം സംബന്ധിച്ച് സര്‍ക്കാരിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതിനുള്ള നിയമം എന്ന് മാത്രമേ ഇപ്പോള്‍ ഈ നിയമത്തെ കാണാന്‍ കഴിയൂ.
നിലവില്‍ ഉണ്ടായിട്ടുള്ള നിര്‍മിതികള്‍ ക്രമവല്‍ക്കരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്നോ, ഫീസ് ഈടാക്കി കൊണ്ടാണോ ക്രമവല്‍ക്കരിക്കുന്നതെന്നോ, ഫീസ് അടയ്ക്കേണ്ടി വന്നാല്‍ എത്ര അടയ്ക്കേണ്ടി വരുമെന്നോ ഉള്ള കാര്യങ്ങളില്‍ ചട്ടങ്ങളിലും നടപടിക്രമങ്ങളിലും സര്‍ക്കാര്‍ എടുക്കുന്ന നിലപാടുകള്‍ അറിഞ്ഞാല്‍ മാത്രമേ ഇത് ഭൂ ഉടമകള്‍ക്ക് ഗുണം ചെയ്യുമോ എന്ന് പറയാന്‍ കഴിയൂ. ഈ നിയമം ഉപയോഗിച്ച് ക്രമവല്‍ക്കരിക്കുന്നതിന്റെ പേരില്‍ കൂടുതല്‍ പണം ഖജനാവില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്ന പക്ഷം ഇതൊരു ജനവിരുദ്ധ നിയമനിര്‍മ്മാണമായി മാത്രമേ കാണാന്‍ കഴിയൂ.
പതിച്ചു കിട്ടിയ ഭൂമി മറ്റ് ജില്ലകളില്‍ പട്ടയവസ്തുവില്‍ ആളുകള്‍ക്കുള്ള അവകാശം പോലെ തന്നെ ഉണ്ടാകണം. ഇടുക്കിയിലെ ജനങ്ങള്‍ക്ക് മാത്രമായി ഒരു പട്ടയ ഭൂമി പതിവ് നിയമം ഉണ്ടാകാന്‍ പാടില്ല. നിലവില്‍ ഉള്ള എല്ലാ നിര്‍മ്മിതികളും നിരുപാധികം ക്രമവല്‍ക്കരിച്ചു നല്‍കണം. 1964ലെയും 1993ലെയും ചട്ടം ഭേദഗതി ചെയ്യുമ്പോള്‍ ഈ വ്യവസ്ഥ ചട്ടത്തില്‍ ഉണ്ടന്ന് എല്ലാ നിയമ സഭാംഗങ്ങളും ഉറപ്പ് വരുത്തിയിരിക്കണം. ഇടുക്കിയിലെ ജനങ്ങളെ ഉദ്യോഗസ്ഥരുടെ മുമ്പില്‍ തലതാവ്ത്തി നില്‍ക്കാന്‍ അനുവദിക്കരുത്.
അങ്ങനെ വന്നാല്‍ അത് വന്‍ ഉദ്യോഗസ്ഥ അഴിമതിക്കാകും കളമൊരുക്കുക. ഇടുക്കി ജില്ലയിലും കേരളത്തില്‍ ആകെയും ജനങ്ങളെ പിഴിയാനാണ് ഈ നിയമമുപയോഗിക്കാന്‍ പോകുന്നതെങ്കില്‍ വികസനം മുരടിക്കാനും ജനങ്ങളെ പാപ്പരാക്കാനും വന്‍ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ക്ഷണിച്ചു വരുത്താനും മാത്രമേ നിയമനിര്‍മ്മാണം ഉപകരിക്കൂ. ഒരു ബില്ല് അവതരിപ്പിക്കപ്പെട്ടു എന്നതിനപ്പുറം ഭൂ ഉടമകള്‍ക്ക് എന്ത് ഗുണമുണ്ടാകും എന്ന് ഇപ്പോള്‍ പറയാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആശങ്കയോടെയാണ് ഈ നിയമഭേദഗതിയെ പൊതു സമൂഹം കാണുന്നത്. ഈ ആശങ്ക പരിഹരിച്ച് ജനപക്ഷത്തു നിന്ന് ചിന്തിച്ച് ചട്ടം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
നിയമ - ചട്ട ഭേദഗതി വരുമ്പോള്‍ മൂന്നാര്‍ ഉള്‍പ്പെടുന്ന 13 പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ ദുരന്ത നിവാരണ നിയമം അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത്തിനുള്ള നീക്കം സര്‍ക്കാര്‍ നടത്തണം. അല്ലെങ്കില്‍ ചട്ട ഭേദഗതിയുടെ ഗുണം ഈ 13 പഞ്ചായത്തുകളിലെ ജനങ്ങള്‍ക്കു കിട്ടാതെ പോകുമെന്നും ഇടുക്കി ലാന്‍ഡ് ഫ്രീഡം മൂവേമെന്റ് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.




0 Comments