ബഹുസ്വര സമൂഹത്തിൽ ഇസ്‌ലാം നിഷ്കർഷിക്കുന്ന സൽസ്വഭാവങ്ങളുടെ സ്ഥാനം അതിപ്രധാനമാണെന്ന് പൊന്നാനി സോൺ സമസ്ത സെന്റിനറി അസംബ്ലി ഉൽഘോഷിച്ചു. അന്ത്യപ്രവാചകൻ പഠിപ്പിച്ച സൽസ്വഭാവങ്ങളുടെ മാതൃകകളായി ജീവിക്കാൻ പരിപാടി ഉദ്‌ഘാടനം ചെയ്ത സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ അംഗം ഹാജി കെ. എം മുഹമ്മദ് ഖാസിം കോയ ആഹ്വാനം ചെയ്തു. എരമംഗലം കെ എം എം ഓഡിറ്റോറിയത്തിൽ അരങ്ങേറിയ അസംബ്ലിയിൽ സയ്യിദ് സീതിക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. സൽസ്വഭാവത്തിന്റ മഹത്വം അനാവരണം ചെയ്യുന്ന പ്രവാചക ചരിത്രത്തിലെ ഒരു പാഠം ഉദ്‌ഘാടകൻ സദസ്സിൽ വിവരിച്ചു. ബനൂസലമ ഗോത്രക്കാരിൽ പെട്ട ഒരു അനുചരൻ മുഹമ്മദ് നബിയോട് "ഇസ്ലാം" എന്നതിന്റെ അർത്ഥം എന്താണെന്ന് ചോദിച്ചപ്പോൾ പ്രവാചകൻ നൽകിയ മറുപടി "സൽസ്വഭാവം" എന്നായിരുന്നു. വീണ്ടും വീണ്ടും ഇതേ ചോദ്യം ആവർത്തിച്ചപ്പോഴും മറുപടി "സൽസ്വഭാവം" എന്ന് തന്നെയായിരുന്നു.
ഈ പ്രവാചക പാഠം ഉൾകൊണ്ട വിശ്വാസികളിലൂടെ സാധ്യമായതാണ് ഇസ്‌ലാമിന്റെ അപ്രതിരോധ്യമായ പ്രചാരണമെന്നും ഉദ്‌ഘാടകൻ ചൂണ്ടിക്കാട്ടി. കൊടുങ്ങലൂരിൽ കപ്പലിറങ്ങിയ മാലിക് ബിൻ ദീനാറും സംഘവും നാട്ടുകാർക്ക് പ്രിയപ്പെട്ടവരായി മാറിയതും ഇസ്ലാം പഠിപ്പിക്കുന്ന സ്വഭാവമഹിമ കൊണ്ടായിരുന്നു. വിശഷിച്ചും അന്യ മതസ്ഥർക്ക് ഇസ്ലാം പ്രിയങ്കരമായതിൽ വലിയൊരു കാരണം സ്വഭാവ വശ്യതയായിരുന്നെന്നും കേരളക്കരയിലും ഇസ്ലാം പടർന്നു പന്തലിച്ച ചരിത്രം അത് തന്നെയാണെന്നും ഖാസിം കോയ കൂട്ടിച്ചേർത്തു. മാലിക് ബിന് ദീനാറിന്റെയും സംഘത്തിന്റെയും സൽസ്വഭാവം എല്ലാ മതവിഭാഗങ്ങളെയും ഒത്തൊരുമയോടെ നീങ്ങാൻ പ്രേരിപ്പിച്ചു. ഇക്കാലം വരേ കേരളം അങ്ങനെയാണ് മുന്നോട്ട് പോയതെന്നും ഇനിയും പരസ്പരസ്നേഹത്തോടെയും ആദരവോടെയുമാണ് നമ്മുടെ നാട് മുന്നോട്ട് പോകേണ്ടതെന്നും ഉദ്ഘാടന പ്രസംഗം ആഹ്വാനം ചെയ്തു. കേരളത്തിലെ പണ്ഡിത ശ്രേഷ്ഠരുടെ ആത്മീയ നേതൃത്വം 1926 ഡിസംബർ 20 ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് രൂപം നൽകി. സയ്യിദ് വരക്കൽ മുല്ലക്കോയ തങ്ങളുടെ നേതൃത്വത്തിൽ പാങ്ങിൽ എ. പി അഹ്മദ് കുട്ടി മുസ്‌ലിയാർ, ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്‌ലിയാർ മൗലാനാ കുഞ്ഞറമുട്ടി മുസ്‌ലിയാർ, പി കെ മുഹമ്മദ് മീറാൻ മുസ്‌ലിയാർ തുടങ്ങിയവരാണ് സമസ്തയെ സജീവമാക്കിയത്. പരിപാടിയിൽ സ്വാദിഖ് സഖാഫി പെരിന്താറ്റീരി മുഖ്യപ്രഭാഷണം നിർവഹിച്ചു. സിദ്ധീഖ് അൻവരി സ്വാഗതം പറഞ്ഞു. സമസ്ത ജില്ലാ മുശാവറ അംഗം അഷ്‌റഫ് ബാഖവി അയിരൂർ പ്രാർത്ഥനക്ക് നേതൃത്വം നൽകി.


0 Comments