മാര്‍ക്കറ്റില്‍ കപ്പയ്ക്ക് 30 രൂപയുള്ളപ്പോള്‍ കര്‍ഷകര്‍ക്ക് 30 രൂപ വില നല്‍കി കപ്പ സംഭരിച്ച ഇന്‍ഫാം മരച്ചീനി കര്‍ഷകരുടെ കണ്‍സോര്‍ഷ്യത്തിനും രൂപം നല്‍കി. മരച്ചീനി കൃഷിയുടെ വിള സ്ഥിരതയും വില സ്ഥിരതയും ഉറപ്പാക്കുമെന്ന് പ്രഖ്യാപനം. മൂല്യ വര്‍ധിത ഉല്‍പന്നങ്ങളിലൂടെ കപ്പയ്ക്ക് 'നല്ലകാലം' നല്‍കാനുറച്ച് ഇന്‍ഫാം.



30 രൂപയ്ക്ക് കര്‍ഷകരില്‍ നിന്നും നേരിട്ട് കപ്പ സംഭരിച്ചതിനു പിന്നാലെ മരച്ചീനി കര്‍ഷകരുടെ കണ്‍സോര്‍ഷ്യത്തിനുകൂടി രുപം നല്‍കി ഇന്‍ഫാം. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയിലാണ് മരച്ചീനി കര്‍ഷകരുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ചിരിക്കുന്നത്.

മരച്ചീനി കര്‍ഷകരെ ഒന്നിച്ചു ചേര്‍ക്കുക, കൃഷിയെക്കുറിച്ച് സെമിനാറുകളും ക്ലാസുകളും നല്‍കുക, വ്യത്യസ്ത ഇനങ്ങളിലുള്ള കപ്പത്തണ്ടുകള്‍ കൈമാറുക, മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ നിര്‍മിക്കുക തുടങ്ങി വ്യത്യസ്തമായ കര്‍മപരിപാടികളാണ് കണ്‍സോര്‍ഷ്യത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.

വിള സ്ഥിരതയും വില സ്ഥിരതയും ഉറപ്പാക്കി ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തിലുള്ള പുരോഗതിയും മൂല്യത്തിലുള്ള വര്‍ധനവും വഴി കര്‍ഷകരുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്നതാണ് ഇന്‍ഫാം ലക്ഷ്യം വയ്ക്കുന്നത്. ഇന്‍ഫാമിന്റെ നേതൃത്വത്തില്‍  നിലവില്‍ ഒരു കിലോ കപ്പ 30 രൂപയ്ക്ക് സംഭരിക്കുന്നുണ്ട്.

വിപണിയില്‍ കപ്പയുടെ റീട്ടെയില്‍ വില 30 - 34 രൂപ ആയിരിക്കെയാണ് ഇന്‍ഫാം കര്‍ഷകര്‍ക്ക് 30 രൂപ നല്‍കി കപ്പ സംഭരിച്ചത്. ഇത് മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി മാറ്റി നഷ്ടം പരിഹരിക്കാനാണ് ഇന്‍ഫാം ലക്ഷ്യം വയ്ക്കുന്നത്.

അത് പ്രകാരം ഇന്‍ഫാം ഉണക്ക കപ്പയും ചിപ്‌സും നിലവില്‍ മലനാട് വഴി വിപണിയിലെത്തിച്ചുകൊണ്ടിരിക്കുകയാണ്. എങ്കില്‍ പോലും ഈ ഉല്‍പന്നങ്ങള്‍ക്കും കുറഞ്ഞ വില തന്നെയാണ് മലനാട് ഈടാക്കുന്നത്. ബാക്കി വരുന്ന നഷ്ടം സബ്‌സിഡിയായി ഇന്‍ഫാമിന് നല്‍കും.

കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്ന വിവിധ ഉത്പന്നങ്ങള്‍ ഗുണനിലവാരമുള്ള വിവിധ മൂല്യവര്‍ധിത ഉത്പന്നങ്ങളായി ജനങ്ങല്‍ലേക്ക് എത്തിക്കുമെന്നും ഇതിലൂടെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില കര്‍ഷകര്‍ക്ക് ഉറപ്പാക്കുമെന്നുമാണ് ഫാ. തോമസ് മറ്റമുണ്ടയില്‍ ഉറപ്പു നല്‍കിയിരിക്കുന്നത്.

കാര്‍ഷിക വിളകള്‍ക്ക് വിലത്തകര്‍ച്ചയുണ്ടായ മുന്‍കാലങ്ങളിലും കര്‍ഷകരുടെ രക്ഷയ്ക്കായി ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല മുന്നോട്ടു വന്നിരുന്നു. കപ്പ, കാപ്പിക്കുരു, ഏത്തക്കുല തുടങ്ങിയവും മുന്‍ വര്‍ഷങ്ങളില്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ കൂടിയ വിലയ്ക്ക് സംഭരിക്കുകയും പിന്നീട് ബോണസും നല്‍കിയിരുന്നു.



ഇതുസംബന്ധിച്ച് ചേര്‍ന്ന ഇന്‍ഫാം യോഗത്തില്‍ മാര്‍ക്കറ്റിംഗ് സെല്‍ ഡയറക്ടര്‍ ഫാ. ജെയിംസ് വെണ്‍മാന്തറ, ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, ഫാ. സെബാസ്റ്റ്യന്‍ പെരുനിലം, ഫാ. വര്‍ഗീസ് കുളമ്പള്ളി, ഫാ. മാത്യു വള്ളിപ്പറമ്പില്‍, സെക്രട്ടറി പി.വി. മാത്യു പ്ലാത്തറ, ജെയ്സണ്‍ ചെംബ്ലായില്‍, നെല്‍വിന്‍ സി. ജോയി, ജോമോന്‍ ചേറ്റുകുഴി, തങ്കച്ചന്‍ കൈതയ്ക്കല്‍, ജോസ് താഴത്തുപീടിക, തോമസ് തുപ്പലഞ്ഞിയില്‍, അലക്സാണ്ടര്‍ പി.എം., സാജു പവ്വത്ത്, സെബാസ്റ്റ്യന്‍ മുക്കുങ്കല്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍, താലൂക്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments