സ്വന്തം ലേഖകന്‍
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭിന്നശേഷിയുള്ള ഉദ്യോഗസ്ഥര്‍ക്കായുള്ള കൈപ്പുസ്തകം മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങിയത് മൂന്ന് ഭിന്നശേഷിക്കാര്‍; ഇതില്‍ രണ്ടുപേര്‍ കോട്ടയം ജില്ലക്കാരും.
കഴിഞ്ഞ ദിവസം തൃശ്ശൂര്‍ കിലയില്‍ നടന്ന സമ്മേളനത്തില്‍ ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് സെക്രട്ടറി രശ്മി മോഹനും പാറത്തോട് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്ക് വിദ്യമോള്‍ക്കും ഇവര്‍ക്കൊപ്പം തിരുവനന്തപുരം ചെങ്കല്‍ ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്ക് പ്രശാന്തിനും കൈപ്പുസ്തകം കൈമാറിക്കൊണ്ടാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് കൈപ്പുസ്തക പ്രകാശനം നിര്‍വ്വഹിച്ചത്.
വിദ്യമോള്‍ കാഴ്ചപരിമിതരുടെ വിഭാഗത്തില്‍ നിന്നും രശ്മി മോഹനും പ്രശാന്തും കേള്‍വി പരിമിതരുടെ വിഭാഗത്തില്‍ നിന്നുമാണ് പുസ്തകം ഏറ്റുവാങ്ങാന്‍ തെരഞ്ഞെടുക്കപ്പെട്ടത്.
ഭിന്നശേഷി സൗഹൃദ മാര്‍ഗ്ഗങ്ങളില്‍ ബ്രെയിലി ലിപി, വലിയ അക്ഷരങ്ങള്‍, ശബ്ദവിവരണങ്ങള്‍, ആംഗ്യഭാഷ പരിഭാഷ, സബ് ടൈറ്റില്‍, ഇ-റീഡിങ് സ്‌കിപ്റ്റുകള്‍ തുടങ്ങി നിലവില്‍ വികസിപ്പിച്ചിട്ടുള്ള എല്ലാ ഭിന്നശേഷി സൗഹൃദ മാര്‍ഗ്ഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ഈ കൈപ്പുസ്തകം തങ്ങള്‍ക്കും സഹജീവനക്കാര്‍ക്കും ഏറെ പ്രയോജനം ചെയ്യുമെന്ന് ഭിന്നശേഷി വിഭാഗക്കാര്‍ക്കായുള്ള കേന്ദ്ര പുരസ്‌കാരംകൂടി നേടിയ ഭരണങ്ങാനം പഞ്ചായത്ത് അസി. സെക്രട്ടറി രശ്മി മോഹന്‍ ''യെസ് വാര്‍ത്ത''യോടു പറഞ്ഞു.
ഭിന്നശേഷിക്കാരുടെ ചുമതലകള്‍ കാര്യക്ഷമമായും ഫലപ്രദമായും നിര്‍വഹിക്കാന്‍ ഈ കൈപ്പുസ്തകം ഏറെ സഹായകരമാവുമെന്ന് പ്രകാശനം നിര്‍വ്വഹിച്ചുകൊണ്ട് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പ്രകാശനത്തിന് ശേഷം ഇതിനായി തെരഞ്ഞെടുക്കപ്പെട്ട പാറത്തോട് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കും കാഴ്ചപരിമിതിയുമുള്ള വിദ്യമോള്‍ വേദിയില്‍ തന്നെ പുസ്തകം വായിക്കുകയും ചെയ്തു. കിലയുടെ നേതൃത്വത്തിലാണ് ഭിന്നശേഷി സൗഹൃദ കൈപ്പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയി ഇളമണ്‍ ഇതിനായി നേതൃത്വം നല്‍കി. ഭിന്നശേഷി സൗഹൃദ അച്ചടി പ്രസിദ്ധീകരണം എന്ന ആശയം കേരളത്തില്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ അന്തര്‍ദേശീയ തലത്തിലും ഇതിന് പ്രാധാന്യമേറുകയാണ്. മന്ത്രിയില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങാന്‍ അവസരം ലഭിച്ച ഭരണങ്ങാനം പഞ്ചായത്ത് അസി. സെക്രട്ടറി രശ്മി മോഹനെ പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി, വൈസ് പ്രസിഡന്റ് വിനോദ് വേരനാനി, സെക്രട്ടറി സജിത് മാത്യൂസ് തുടങ്ങിയവര്‍ അഭിനന്ദിച്ചു.




0 Comments