ചക്ക വീണു; വഴിവിളക്ക് കത്താതായിട്ട് ആറ് മാസം, അലംഭാവുമായി കെ.എസ്.ഇ.ബി.





ചക്ക വീണാലും കറന്റ് പോകും. ആറുമാസം കഴിഞ്ഞാലും പക്ഷേ നന്നാക്കിയെന്ന് വരില്ല. കെ.എസ്.ഇ.ബി. കൊല്ലപ്പള്ളി സെക്ഷനിലെ അധികാരികളുടെ അലംഭാവത്തിനെതിരെ ജനരോഷമുയര്‍ന്നു കഴിഞ്ഞു.

കൊല്ലപ്പള്ളി - മേലുകാവ് റോഡില്‍ പുളിഞ്ചുവട് കവല മുതല്‍ വാളികുളം വരെയുള്ള ഒന്നര കിലോമീറ്റര്‍ ഭാഗത്തെ വഴിവിളക്കുകളാണ് ചക്ക വീണതുമൂലം തകരാറിലായത്. കഴിഞ്ഞ ആറ് മാസമായി ഈ ഭാഗം ഇരുട്ടിലാണെങ്കിലും കെ.എസ്.ഇ.ബി. അധികാരികള്‍ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം. 

കടനാട് കവലക്കുസമീപമാണ് വൈദ്യുതി ലൈനില്‍ ചക്ക വീണത്. ആറുമാസം മുമ്പായിരുന്നു ഇത്. അന്നു നിലച്ച വൈദ്യുതി ബന്ധം ഇതേവരെ പുനസ്ഥാപിക്കാന്‍ അധികാരികള്‍ തയ്യാറായിട്ടില്ല.

ദിവസേന നൂറുകണക്കിന് വാഹനങ്ങളും നിരവധി കാല്‍നടയാത്രക്കാരും രാത്രിയില്‍ ഇതുവഴി സഞ്ചരിക്കുന്നുണ്ട്. വഴിവിളക്ക് കത്താതായതോടെ ഈ രാത്രിയാത്രക്കാര്‍ വളരെയധികം ബുദ്ധിമുട്ടുകയാണ്. ഈ മേഖലയില്‍ രാത്രികാല വാഹനാപകടങ്ങളും പതിവായിട്ടുണ്ട്. 

ആറുമാസമായി ഇരുട്ടിലാണ്ടുകിടക്കുന്ന ഈ ഭാഗത്ത് മോഷ്ടാക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യവും വര്‍ദ്ധിച്ചുവരികയാണ്. പുലര്‍ച്ചെ ഇതുവഴി നടത്തവ്യായാമം ചെയ്യുന്നവരും ഏറെയുണ്ട്. വഴിവിളക്കുകള്‍ കത്താത്തത് ഇവര്‍ക്കും ബുദ്ധിമുട്ടാവുകയാണ്. 

അധികാരികളോട് പലതവണ പരാതിപ്പെട്ടെങ്കിലും വഴിവിളക്കുകള്‍ തെളിക്കാനുള്ള യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി. 


വഴിവിളക്കുകള്‍ തെളിയിച്ചില്ലെങ്കില്‍ സമരം

ചക്കവീണ് വൈദ്യുതി ലൈനിലെ തകരാര്‍ മൂലം വഴിവിളക്കുകള്‍ കത്താതായത് നന്നാക്കാന്‍ കെ.എസ്.ഇ.ബി. അധികാരികള്‍ ഒരു നടപടിയും സ്വീകരിക്കാത്തതില്‍ കൊല്ലപ്പള്ളി പൗരസമിതി പ്രസിഡന്റ് ബിനു വള്ളോംപുരയിടം പ്രതിഷേധം രേഖപ്പെടുത്തി. 


എത്രയുംവേഗം വഴിവിളക്കുകള്‍ തെളിക്കാത്തപക്ഷം കെ.എസ്.ഇ.ബി. ഓഫീസിന് മുന്നില്‍ സമരം നടത്തുമെന്നും ബിനു വള്ളോംപുരയിടം മുന്നറിയിപ്പ് നല്‍കി.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments