പാലായില്‍ മെയിന്‍ റോഡ് തകര്‍ന്നത് ഓടകവിഞ്ഞ് വെള്ളം റോഡില്‍ കയറിയതിനാല്‍; പ്രശ്‌നപരിഹാരത്തിന് പ്രത്യേക അനുവാദം തേടി പി.ഡബ്ല്യു.ഡി. അധികാരികള്‍.




കഴിഞ്ഞ ദിവസത്തെ കനത്ത മഴയെത്തുടര്‍ന്ന് പാലാ നഗരത്തില്‍ സിവില്‍ സ്റ്റേഷന് മുന്‍വശം പ്രധാന റോഡ് വിണ്ട് കീറി ഇടിഞ്ഞുതാഴ്ന്നത് ഓടയിലെ വെള്ളം ശക്തിയോടെ റോഡില്‍ കയറി ഒഴുകിയതിനാലാണെന്ന് പി.ഡബ്ല്യു.ഡി. മെയിന്റനന്‍സ് വിഭാഗത്തിന്റെ കണ്ടെത്തല്‍. 

ഈ ഭാഗത്ത് നിലവിലുള്ള ഓടയ്ക്ക് വീതി കുറവാണ്. കനത്ത മഴയില്‍ കൂടുതല്‍ അളവില്‍ വെള്ളം ഓടയില്‍ വന്നതോടെ ശക്തമായ സമ്മര്‍ദ്ദത്തോടെ റോഡിലേക്ക് വെള്ളം കയറിയതാണ് ഇവിടം വിണ്ടുകീറി ഇടിയാന്‍ കാരണമെന്നാണ് അധികാരികള്‍ കരുതുന്നത്.

സിവില്‍ സ്റ്റേഷന് മുന്‍വശത്തുള്ള പ്രധാന റോഡിന്റെ 20 മീറ്ററോളം ഭാഗമാണ് ഞായറാഴ്ച നീളത്തില്‍ വിണ്ടുകീറി ഇടിഞ്ഞുതാഴ്ന്നത്. അപകടകരമായ നിലയില്‍ റോഡ് വീണ്ടുകീറി ഇടിഞ്ഞതോടെ വ്യാപാരികള്‍ ഇവിടെ അപകട മുന്നറിയിപ്പ് നല്‍കിയതോടെ വാഹനങ്ങള്‍ വഴിമാറി സഞ്ചരിച്ചതിനാല്‍ അപകടം ഒഴിവായി.



സിവില്‍ സ്റ്റേഷന് എതിര്‍വശം ബൈപ്പാസ് റോഡ് മുതല്‍ ഒഴുകിയെത്തിയ വെള്ളം മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ ഇവിടെയുള്ള ഓടകള്‍ക്ക് കഴിയുമായിരുന്നില്ല. വെള്ളത്തിന്റെ തള്ളലില്‍ റോഡ് തകരുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.

ഏഴ് വര്‍ഷത്തെ മെയിന്റനന്‍സ് കോണ്‍ട്രാക്ട് ഉള്‍പ്പെടുന്ന റോഡാണിത്. കോട്ടയത്ത് നിന്നുള്ള മെയിന്റനന്‍സ് വിഭാഗത്തിനാണ് റോഡ് നന്നാക്കാനുള്ള ചുമതല. 


ഈ ഭാഗത്ത് ഓടയ്ക്ക് വീതി കൂട്ടേണ്ടതുണ്ടെന്നും ഇതിനായി പ്രത്യേകം അനുമതി ആവശ്യമുണ്ടെന്നും ഇതിനുള്ള അപേക്ഷ തിരുവനന്തപുരം ചീഫ് ഓഫീസിലേക്ക് അയച്ചുകഴിഞ്ഞുവെന്നും പി.ഡബ്ല്യു.ഡി. കോട്ടയം മെയിന്റനന്‍സ് വിഭാഗം അധികാരികള്‍ പറഞ്ഞു.

ഇതേ സമയം ഏറെ തിരക്കേറിയ റോഡില്‍ പകുതിയോളം ഭാഗം വീപ്പകളുംമറ്റും വച്ച് ഗതാഗതം നടത്താതിരിക്കാന്‍ തിരിച്ചിട്ടുണ്ട്. ഏറ്റവും പ്രധാന ജംഗ്ഷനായതിനാല്‍ ഇവിടെ ഗതാഗത തടസ്സവും രൂപപ്പെടുന്നുണ്ട്.








"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments