കോട്ടയം ജില്ലാതല കേരളോത്സവം നവംബര്‍ 11, 12 തീയതികളില്‍ കുമരകത്ത് നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പറഞ്ഞു.
ജില്ലാതല കേരളോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. സാംസ്‌കാരികഘോഷയാത്ര ഉള്‍പ്പെടെ വിപുലമായ പരിപാടികളാണ് ഇതോടനുബന്ധിച്ച് നടത്തുക. കലാമത്സരങ്ങള്‍ കുമരകത്തും കായികമത്സരങ്ങള്‍ കോട്ടയത്തും നടത്താന്‍ യോഗം തീരുമാനിച്ചു.
കായികമത്സരങ്ങള്‍ നവംബര്‍ 18,19 തീയതികളിലാണ് നടക്കുക. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുതല കേരളോത്സവങ്ങള്‍ നവംബര്‍ ഒന്നിനകം പൂര്‍ത്തീകരിക്കണമെന്നും പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ബ്ലോക്ക്, നഗരസഭതലത്തില്‍ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളായവര്‍ക്കാണ് ജില്ലാതല കേരളോത്സവത്തില്‍ പങ്കെടുക്കാനാവുക.
സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ മുഖ്യരക്ഷാധികാരിയും സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, ജില്ലയിലെ എം.പി.മാര്‍, എം.എല്‍.എ.മാര്‍ എന്നിവര്‍ രക്ഷാധികാരികളായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ചെയര്‍മാനായും ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.വി. ജയകുമാരി ജനറല്‍ കണ്‍വീനറായും വിപുലമായ സംഘാടകസമിതി രൂപീകരിച്ചു.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരന്‍, കോട്ടയം നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, ജില്ലാപഞ്ചായത്ത് വികസനകാര്യസ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി.എം. മാത്യു, യുവജനക്ഷേമബോര്‍ഡ് ജില്ലാ യൂത്ത് പ്രോഗ്രാം യൂത്ത് ഓഫീസര്‍ ആര്‍. ശ്രീലേഖ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. വി. ജയകുമാരി, നഗരസഭാധ്യക്ഷര്‍, ജില്ലാ-ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.



0 Comments