''വാഹനമായാല്‍ ചിലപ്പോള്‍ ഇടിക്കും, ആള് മരിക്കും, പോസ്റ്റുമോര്‍ട്ടം ചെയ്യും'' പോലീസുകാരന്റെ ധാര്‍ഷ്ട്യം നിറഞ്ഞ മറുപടി വനിതാ മുനിസിപ്പല്‍ കൗണ്‍സിലറോട്.





''വാഹനമായാല്‍ ചിലപ്പോള്‍ ഇടിക്കും.... ആള് മരിച്ചെന്നിരിക്കും, മരിച്ചാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്യേണ്ടിയും വരും'' വാഹനാപകട സ്ഥലത്തെത്തിയ വനിതാ മുനിസിപ്പല്‍ കൗണ്‍സിലറോടും നാട്ടുകാരോടുമായിരുന്നു മഫ്ത്തിയിലുള്ള പോലീസുകാരന്റെ മനസാക്ഷി മരവിച്ച ധാര്‍ഷ്ട്യം നിറഞ്ഞ ഈ മറുപടി.

ചൊവ്വാഴ്ച വൈകിട്ട് പാലാ - പൂഞ്ഞാര്‍ ഹൈവേയില്‍ മൂന്നാനിയില്‍ നിയന്ത്രണം വിട്ട ജീപ്പ് ബൈക്കിലിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്നാണ് പരിസരവാസികൂടിയായ നഗരസഭാ കൗണ്‍സിലര്‍ സിജി ടോണിയും പ്രദേശവാസികളും അവിടെ ഓടിക്കൂടിയത്. പോലീസുകാരന്റെ ബന്ധുവായ സ്ത്രീ ഓടിച്ച ജീപ്പാണ് അപകടമുണ്ടാക്കിയത്. കൗണ്‍സിലര്‍ സിജി ടോണിയുടെ വീടിന്റെ ഭിത്തിയില്‍ പോയി ഇടിച്ച് നിയന്ത്രണംവിട്ട ജീപ്പ് മറുവശത്തേക്ക് പാഞ്ഞ് അതുവഴി ബൈക്കില്‍ വരികയായിരുന്ന പറത്താനം സ്വദേശി അനിലിനെ ഇടിച്ചുതെറിപ്പിച്ച ശേഷം സമീപത്തെ ഭിത്തിയും തകര്‍ത്താണ് നിന്നത്. ഗുരുതരമായി പരിക്കേറ്റ അനിലിനെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വാഹനം ഓടിച്ച സ്ത്രീയെ രക്ഷപെടുത്താനും അപകടമുണ്ടാക്കിയ ജീപ്പ് ഉടനടി സ്ഥലത്തുനിന്നും മാറ്റുവാനുമായിട്ടാണ് സ്ത്രീയുടെ ബന്ധുവായ പോലീസുകാരന്‍ സ്ഥലത്ത് പാഞ്ഞെത്തിയത്. അപകടത്തിന്റെ ശബ്ദം കേട്ട് കൗണ്‍സിലര്‍ സിജി ടോണി ഉള്‍പ്പെടെയുള്ളവര്‍ അപകടസ്ഥലത്തേക്ക് പാഞ്ഞെത്തുകയായിരുന്നു.

എത്രയുംവേഗം വാഹനം മാറ്റാന്‍ മഫ്ത്തിയിലുള്ള പോലീസുകാരന്‍ ശ്രമിക്കുന്നതുകണ്ട് കൗണ്‍സിലര്‍ സിജി ടോണിയും നാട്ടുകാരും ഇടപെട്ടു. പരിക്കുപറ്റിയ ആളിനെ ആശുപത്രിയില്‍ എത്തി ഒന്നന്വേഷിച്ച ശേഷമെങ്കിലും ഇടിച്ച ജീപ്പ് മാറ്റിയാല്‍ മതിയെന്നായിരുന്നു കൗണ്‍സിലറുടെയും നാട്ടുകാരുടെയും വാദം. ''ചേച്ചിക്കെന്താ പ്രശ്‌നമെന്ന്'' ചോദിച്ച് വനിതാ കൗണ്‍സിലറുടെ സമീപത്തേക്ക് വന്ന പോലീസുകാരന്‍ മറ്റുനാട്ടുകാരോടും കൂടിയായി ''വാഹനമായാല്‍ ചിലപ്പോള്‍ ഇടിക്കും.... ആള് മരിച്ചെന്നിരിക്കും, മരിച്ചാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്യേണ്ടിയും വരും'' എന്ന മനുഷ്യത്വരഹിതമായ മറുപടിയാണ് പറഞ്ഞത്. അവിടെ കൂടിയ ഓട്ടോ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പോലീസുകാരന്റെ ഈ വാക്കുകളോട് ശക്തമായ പ്രതിഷേധം ഉയര്‍ത്തി. പാലായില്‍ നിന്നും പോലീസ് വന്നിട്ട് മാത്രം വാഹനം മാറ്റിയാല്‍ മതിയെന്ന നിലപാടും കൗണ്‍സിലരും നാട്ടുകാരും സ്വീകരിച്ചു.



അപകടത്തില്‍പ്പെട്ട ആളിന്റെ അരിയും പോലീസുകാരനെക്കൊണ്ട് വാരിച്ചു

കൗണ്‍സിലറും നാട്ടുകാരും രോഷാകുലരായതോടെ പോലീസുകാരന്‍ പതിയെ പത്തി താഴ്ത്തി. അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ അനിലിന്റെ ബൈക്കില്‍ വീട്ടിലേക്കുള്ള അരിയും ഉണ്ടായിരുന്നു. ഇതാകട്ടെ ഇടിയുടെ ആഘാതത്തില്‍ അവിടെ ചിതറി വീണു. ഈ അരി വാരി സൂക്ഷിക്കണമെന്നായി പോലീസുകാരനോട് നാട്ടുകാര്‍. ഒടുവില്‍ ഗത്യന്തരമില്ലാതെ ഈ അരി വാരിക്കൂട്ടി കൗണ്‍സിലറുടെ വീട്ടില്‍ പോലീസുകാരന്‍ എത്തിച്ചുനല്‍കി.



അപകടത്തിന്റെ കൃത്യദൃശ്യം ലഭ്യമാക്കി കൗണ്‍സിലറുടെ വീട്ടിലെ സിസിടിവി

അപകടത്തിന്റെ കൃത്യദൃശ്യം ലഭ്യമാക്കി കൗണ്‍സിലറുടെ വീട്ടിലെ സിസിടിവി. മൂന്നാനിയില്‍ ചൊവ്വാഴ്ച വൈകിട്ട് നടന്ന വാഹനാപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ നഗരസഭ കൗണ്‍സിലര്‍ സിജി ടോണി പിന്നീട് മാധ്യമങ്ങള്‍ക്ക് കൈമാറി. ഈരാറ്റുപേട്ട റൂട്ടില്‍ പോകുന്ന ബൈക്കിനെ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് തെറ്റായ ദിശയില്‍ കൂടി ചെന്ന് ഇടിക്കുന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. പ്രദേശവാസിയായ ഒരു വനിതാ അധ്യാപിക ഭാഗ്യം കൊണ്ട് മാത്രമാണ് അപകടത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപെടുന്നത്.

ഇതിനോടകം തന്നെ നിരവധി കേസുകള്‍ക്ക് പോലീസിന് സഹായകരമായി കൗണ്‍സിലറുടെ ഭവനത്തിന് മുമ്പിലായി സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറ മാറികഴിഞ്ഞു.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments