ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വണ്ണപ്പുറം പ്രാഥമികാരോഗ്യ വികസനത്തിന് 98.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.
പി.ജെ. ജോസഫ് എം.എല്‍.എയുടെ വികസന ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. പ്രാഥമീകരോഗ്യ കേന്ദ്രത്തിന്റ വികസനത്തിന് ഫണ്ട് അനുവദിക്കണമെന്നത് ദീര്‍ഘനാളായുള്ള ആവശ്യമായിരുന്നു. ഈ തുക ഉപയോഗിച്ച് പുതിയ ബ്ലോക്ക് പണിയാനാണ് ലക്ഷ്യമിടുന്നത്. പുതിയ കെട്ടിടത്തിലേക്ക് ഒ.പി ബ്ലോക്ക് മാറ്റും.
എന്നാല്‍ ഇവിടെ സ്ഥിരം മെഡിക്കല്‍ ഓഫീസറുടെ ഒരു തസ്തിക മാത്രമാണുള്ളത്. കൂടാതെ ദേശീയ ആരോഗ്യദൗത്യം വഴി നിയമനം കിട്ടിയ ഒരു താത്കാലിക ഡോക്ടറുമാണുള്ളത്. ദിവസവും മുന്നൂറില്‍ കൂടുതല്‍ രോഗികള്‍ എത്തുന്ന സ്ഥാപനത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെ സ്ഥിര അടിസ്ഥാനത്തില്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയില്ല. എന്‍.എച്ച്.എം ജീവനക്കാരുള്ളതിനാലാണ് അത്യാവശ്യം ജോലികള്‍ നടക്കുന്നത്. ഇവിടെയുള്ളവര്‍ കിടത്തി ചികിത്സ കിട്ടണമെങ്കില്‍ തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളില്‍ എത്തേണ്ട സ്ഥിതിയാണ്. പുതിയ കെട്ടിടം വരുന്നതോടെ വൈകാതെ ആശുപത്രി താലൂക്കാശുപത്രിതലത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
താലൂക്ക് ആശുപത്രിയാക്കുമോ
മലയോരമേഖലയിലെ ജനങ്ങളും ആദിവാസി വിഭാഗങ്ങളും ഉള്‍പ്പെടെ സാധാരണക്കാര്‍ താമസിക്കുന്ന പഞ്ചായത്തിലെ പി.എച്ച്.സി താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തണമെന്ന ആവശ്യത്തിന് ഇതുവരെ അധികാരികളുടെ പരിഗണന കിട്ടിയിട്ടില്ല. സമീപ പഞ്ചായത്തുകളിലെ ആശുപത്രികള്‍ കുടുംബാരോഗ്യ പദവിയിലേക്ക് ഉയര്‍ത്തിയപ്പോഴും വണ്ണപ്പുറം ആശുപത്രി പ്രാഥമികരോഗ്യ കേന്ദ്രമായി തുടരുകയായിരുന്നു. ഒ.പി.യില്‍ വലിയതിരക്കുള്ള ആശുപത്രിയാണിത്. വണ്ണപ്പുറം കൂടാതെ കരിമണ്ണൂര്‍, കഞ്ഞിക്കുഴി, പൈങ്ങോട്ടൂര്‍, കോടിക്കുളം പഞ്ചായത്തുകളില്‍ നിന്ന് രോഗികള്‍ ഇവിടെ ചികിത്സയ്ക്കായി എത്തുന്നുണ്ട്.



0 Comments